എന്‍എംസിയില്‍ ബി ആര്‍ ഷെട്ടിക്കുള്ള യഥാര്‍ത്ഥ ഓഹരികള്‍ തന്നെയാണ് പ്രശ്‌നം

എന്‍എംസിയില്‍ ബി ആര്‍ ഷെട്ടിക്കുള്ള യഥാര്‍ത്ഥ ഓഹരികള്‍ തന്നെയാണ് പ്രശ്‌നം
  • എന്‍എംസിയിലെ വലിയൊരു ഭാഗം ഓഹരികള്‍ പല ബാങ്കുകളിലുമുള്ള വായ്പകള്‍ക്ക് ഈടായി നല്‍കിയിട്ടുണ്ട്
  • ‘ഇക്വിറ്റി കോളര്‍ സംവിധാനത്തിന്റെ’ ഭാഗമായി 2018ല്‍ ഗോള്‍ഡ്മാന്‍ സാക്‌സ് ഗ്രൂപ്പുമായും ഓഹരിയിടപാട് നടത്തി
  • ട്രാവലെക്‌സിനെ ഏറ്റെടുത്തതിന്റെ പേരിലുള്ള ബാധ്യത തീര്‍ക്കാന്‍ ഫിനെബ്ലറിലെ ഓഹരികളും ഈടായി നല്‍കി

മറ്റേതൊരു ശതകോടീശ്വരനെയും പോലെ ആഡംബര ജീവിതം നയിച്ചിരുന്ന വ്യക്തിയായിരുന്നു ഭവഗുതു രഘുറാം ഷെട്ടിയെന്ന ബി ആര്‍ ഷെട്ടി. ആഗ്രഹത്തിനൊത്ത് പ്രൈവറ്റ് ജെറ്റ് വിമാനവും വിന്റേജ് കാറുകളും സ്വന്തമാക്കിയ ഈ കോടീശ്വരന് ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയില്‍ രണ്ട് നിലകള്‍ സ്വന്തമായുണ്ട്. വേഗതയും സ്വാതന്ത്ര്യവും നല്‍കുന്ന ആവേശമാണ് കാറുകളോടുള്ള തന്റെ ഭ്രമത്തിന് പിന്നിലെന്ന്് ഷെട്ടി പറഞ്ഞിട്ടുണ്ട്. ബോളിവുഡ്, ഹോളിവുഡ് താരങ്ങളടക്കം ലോകപ്രശസ്ത വ്യക്തികള്‍ക്കൊപ്പം നില്‍ക്കുന്ന ഷെട്ടിയുടെ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ ഉന്നത വ്യക്തിബന്ധങ്ങള്‍ക്ക് തെളിവാണ്്.

ഇത്തരമൊരു ആഡംബര ജീവിതം നയിക്കുന്നതിന് വേണ്ടതിനേക്കാള്‍ സമ്പത്ത് അദ്ദേഹത്തിനുണ്ടായിരുന്നു (രേഖകളിലെങ്കിലും) എന്നതാണ് സത്യം. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ആശുപത്രി ശൃംഖലയായ എന്‍എംഎസി ഹെല്‍ത്ത്‌കെയര്‍, ധനമിടപാട് സ്ഥാപനമായ ഫിനെബ്ലര്‍ അടക്കമുള്ള ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ഇദ്ദേഹത്തിന് പബ്ലിക് കമ്പനികളിലുള്ള ഓഹരികളുടെ മൂല്യം (ഡിസംബര്‍ 10 വരെയുള്ള കണക്ക് അനുസരിച്ച്) 2.4 ബില്യണ്‍ ഡോളര്‍ വരും. പ്രധാനമായും വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി, മേഖലകളില്‍ വ്യാപിച്ചുകിടക്കുന്നതാണ് അദ്ദേഹത്തിന്റെ നിക്ഷേപങ്ങള്‍. ലോകത്തിലെ ഏറ്റവും പഴയ തേയിലക്കമ്പനികളിലും ഷെട്ടിക്ക് നിക്ഷേപമുണ്ട്.

പക്ഷേ തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു കാഴ്‌സണ്‍ ബ്ലോക്കിന്റെ ആക്രമണം.

പതനത്തിന് തുടക്കമിട്ട മഡ്ഡി വാട്ടേഴ്‌സ് റിപ്പോര്‍ട്ട്

എന്‍എംസിയില്‍ നടക്കുന്ന സാമ്പത്തിക തിരിമറികളെ വിമര്‍ശിച്ചുകൊണ്ട് അമേരിക്കന്‍ ഷോര്‍ട്ട് സെല്ലറായ (കൈവശമില്ലാത്ത ഓഹരികള്‍ വില്‍ക്കുന്ന വിപണി വ്യാപാരരീതി പിന്തുടരുന്നയാള്‍)കാഴ്‌സണ്‍ ബ്ലോക്കിന്റെ നിക്ഷേപ, ഗവേഷണ സ്ഥാപനമായ മഡ്ഡി വാട്ടേഴ്‌സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ബി ആര്‍ ഷെട്ടിയുടെ തകര്‍ച്ചയ്ക്ക് തുടക്കമിടുന്നതായിരുന്നു. പിന്നീടങ്ങോട്ട് ഷെട്ടിയെയും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളെയും മഡ്ഡി വാട്ടേഴ്‌സിന്റെ ആരോപണങ്ങള്‍ വിടാതെ പിന്തുടര്‍ന്നു. ഷെട്ടിയുടെ സങ്കീര്‍ണമായ ഓഹരി ഇടപാടുകളെയും അദ്ദേഹത്തിന്റെ മൊത്തം ആസ്തിയെത്തന്നെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതായിരുന്നു മഡ്ഡി വാട്ടേഴ്‌സിന്റെ കണ്ടെത്തലുകള്‍.

ഓഹരികള്‍ പലതും കൈമറഞ്ഞു

ഫിനെബ്ലറിലും എന്‍എംസിയിലും ഷെട്ടിക്ക് 885 മില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓഹരികളാണ് ഉള്ളത്. എന്നാല്‍ സാമ്പത്തിക ബാധ്യതകള്‍ കണക്കിലെടുക്കുമ്പോള്‍ ഇന്ന് അതിന്റെ ഒരംശം സമ്പത്ത് മാത്രമേ അദ്ദേഹത്തിന് ഉണ്ടായിരിക്കുകയുള്ളു. എന്‍എംസിയില്‍ തനിക്കുള്ള ഓഹരികളുടെ മൂന്നിലൊരുഭാഗം ഫസ്റ്റ് അബുദാബി ബാങ്കിലും സൂറിച്ച് ആസ്ഥാനമായുള്ള ഫാല്‍ക്കണ്‍ പ്രൈവറ്റ് ബാങ്കിലുമുള്ള വായ്പകള്‍ക്ക് ഈടായി നല്‍കിയെന്ന് ഈ മാസത്തെ ഫയലിംഗില്‍ ഷെട്ടി വ്യക്തമാക്കിയിട്ടുണ്ട്. കമ്പനിയില്‍ ഷെട്ടിക്കുണ്ടെന്ന് പറയപ്പെടുന്ന ഓഹരി ഉടമസ്ഥാവകാശത്തിന്റെ പകുതി മറ്റ് രണ്ട് ഓഹരിയുടമകള്‍ സ്വന്തമാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. മറ്റൊരു വായ്പാദാതാവായ ബഹ്‌റൈനിലെ അല്‍ സലാം ബാങ്ക് ഇതിനോടകം തന്നെ ഓഹരികള്‍ വിറ്റ് ഷെട്ടിയുടെ വായ്പയ്ക്ക് ജാമ്യത്തുക ഈടാക്കിയിട്ടുണ്ട്. ഈ മാസം തുടക്കത്തില്‍ ഫസ്റ്റ് അബുദാബി ബാങ്കും ഇത്തരത്തില്‍ ഓഹരി വിറ്റതായി കഴിഞ്ഞ ദിവസം എന്‍എംസി വെളിപ്പെടുത്തുകയുണ്ടായി.

മഡ്ഡി വാട്ടേഴ്‌സിന്റെ കണ്ടെത്തലുകള്‍ക്കും അപ്പുറത്താണ് നിലവില്‍ കാര്യങ്ങളുടെ പോക്കെന്ന് ഒക്ടോബര്‍ വരെ എന്‍എംസിയില്‍ ഓഹരി ഉടമസ്ഥതയുണ്ടായിരുന്ന ലീഗല്‍ ആന്‍ഡ് ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റിലെ ഫണ്ട് മാനേജറായ ഗാവിന്‍ ലോണ്ടര്‍ പറയുന്നു. ആഴത്തിലുള്ള പരിശോധനകളിലൂടെ കമ്പനിക്കുള്ളിലെ മറ്റ് പല തിരിമറികളും പുറത്തായി. ലോണ്ടറിന്റെ ആവശ്യപ്രകാരം നിയമസ്ഥാപനമായ ഹെര്‍ബേര്‍ട്ട് സ്മിത് ഫ്രീഹില്‍സ് കമ്പനിയില്‍ ഷെട്ടിക്കുള്ള യഥാര്‍ത്ഥ ഉടമസ്ഥാവകാശം പുനര്‍നിര്‍ണയിച്ചുകൊണ്ടിരിക്കുകയാണ് .

ഞായറാഴ്ചയാണ് ബി ആര്‍ ഷെട്ടി എന്‍എംസിയുടെ ചെയര്‍മാന്‍ സ്ഥാനം നിന്നും രാജിവെച്ചത്. ഡിസംബര്‍ 17ന് എന്‍എംസിയെ കുറിച്ച് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍, ആസ്തികള്‍ക്ക് കൂടുതലായി പണം മുടക്കിയെന്നും കണക്കുകള്‍ പെരുപ്പിച്ച് കാട്ടിയെന്നും ബാധ്യതകള്‍ മറച്ചുവെച്ചെന്നും മഡ്ഡി വാട്ടേഴ്‌സ് ആരോപിക്കുന്നുണ്ട്. മഡ്ഡി വാട്ടേഴ്‌സ് ആരോപണം പുറത്തുവന്നതിന് ശേഷം എന്‍എംസി ഓഹരികള്‍ക്ക് 67 ശതമാനത്തിലധികം വിലയിടിഞ്ഞു. നിലവില്‍ കമ്പനി വില്‍ക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് കേള്‍വി. മഡ്ഡി വാട്ടേഴ്‌സ് ആരോപണം സഹസ്ഥാപനമായ ഫിനെബ്ലറിനും തിരിച്ചടിയായി. റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം 64 ശതമാനം വിലത്തകര്‍ച്ച ഫിനെബ്ലര്‍ ഓഹരികള്‍ക്കും ഉണ്ടായി.

മഡ്ഡി വാട്ടേഴ്‌സിന്റെ ആരോപണങ്ങളെല്ലാം എന്‍എംസി തള്ളിക്കളഞ്ഞിട്ടുണ്ട്. ആരോപണങ്ങളില്‍ സ്വതന്ത്ര അന്വേഷണം നടത്താന്‍ എഫ്ബിഐ മുന്‍ ഡയറക്ടര്‍ ലൂയിസ് ഫ്രീഹിനെ കമ്പനി നിയോഗിച്ചു.

സങ്കീര്‍ണമായ ഓഹരി ഇടപാടുകള്‍

ഇതിനിടെ ‘ഇക്വിറ്റി കോളര്‍ സംവിധാവത്തിന്റെ’ ( വിലത്തകര്‍ച്ചയില്‍ നിന്നും ഓഹരികളെ സംരക്ഷിക്കുന്നതിനുള്ള സംവിധാനമാണ് ഇക്വിറ്റി കോളര്‍) ഭാഗമായി 2018ല്‍ ഗോള്‍ഡ്മാന്‍ സാക്‌സ് ഗ്രൂപ്പുമായി ഷെട്ടി ഓഹരിയിടപാട് നടത്തിയിട്ടുണ്ടെന്ന വിവരം കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. മാത്രമല്ല, 1.2 ബില്യണ്‍ ഡോളറിന് ഫോറിന്‍ എക്‌സ്‌ചേഞ്ച് കമ്പനിയായ ട്രാവലെക്‌സിനെ ഏറ്റെടുക്കുന്നതിനായി എടുത്ത വായ്പയ്ക്ക് ഫിനെബ്ലറിലെ തന്റെ ഭൂരിഭാഗം ഓഹരികളും കഴിഞ്ഞ മാസം ഷെട്ടി ഈടായി നല്‍കിട്ടുണ്ട്.

ഷെട്ടിയുടെ ആസ്തികളുടെയെല്ലാം ഹോള്‍ഡിംഗ് കമ്പനിയായ ബിആര്‍എസ് വെന്‍ച്വേഴ്‌സ് ഇന്‍വെസ്റ്റ്‌മെന്റ് മൊത്തത്തിലുള്ള സാമ്പത്തിക വിവരങ്ങള്‍ വെളിപ്പെടുത്താറില്ല. അതിനാല്‍ തന്നെ ഷെട്ടിയുടെ മൊത്തത്തിലുള്ള ആസ്തി സംബന്ധിച്ച് കൃത്യമായൊരു കണക്ക് കണ്ടെത്തുക ബുദ്ധിമുട്ടാണ്. കാറ്ററിംഗ് കമ്പനി, വേസ്റ്റ്-മാനേജ്‌മെന്റ് കമ്പനി, ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസായ നിയോഫാര്‍മ തുടങ്ങിയ കമ്പനികളും ഷെട്ടിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ ഭാഗമാണ്.

Comments

comments

Categories: Arabia
Tags: BR Shetty