ഇന്ത്യക്കാരെ കൈ നീട്ടി സ്വീകരിച്ച് കാനഡ

ഇന്ത്യക്കാരെ കൈ നീട്ടി സ്വീകരിച്ച് കാനഡ

2019 ന്റെ ആദ്യ 11 മാസങ്ങളില്‍ മാത്രം 80,060 ഇന്ത്യക്കാര്‍ കാനഡയില്‍ സ്ഥിര താമസക്കാരായി

വാഷിംഗ്ടണ്‍: വിസ നിയമങ്ങള്‍ കടുപ്പിച്ചുകൊണ്ട് അമേരിക്ക മുന്നോട്ട് പോവുന്നതിനിടെ ഇന്ത്യക്കാരെ സ്വാഗതം ചെയ്ത് കാനഡ. ഇന്ത്യക്കാര്‍ക്ക് കുടിയേറ്റത്തിനും സ്ഥിരതാമസത്തിനുള്ള അനുമതി (പിആര്‍) നല്‍കുന്നത് കാനഡ ഗണ്യമായി വര്‍ധിപ്പിച്ചു. 2019 ന്റെ ആദ്യ 11 മാസങ്ങളില്‍ മാത്രം 80,060 ഇന്ത്യക്കാരാണ് കാനഡയില്‍ സ്ഥിര താമസക്കാരായത്. 2016 ല്‍ 30,340 ഇന്ത്യക്കാര്‍ക്ക് മാത്രമായിരുന്നു കാനഡയില്‍ പിആര്‍ ലഭിച്ചിരുന്നതെന്ന് വിര്‍ജീനിയയിലെ നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ അമേരിക്കന്‍ പോളിസിയുടെ (എന്‍എഫ്എപി) റിപ്പോര്‍ട്ടില്‍ പറയുന്നു. 105% വളര്‍ച്ചയാണിത്.

2019 നെ പൂര്‍ണമായി പരിഗണിക്കുമ്പോള്‍ ഈ കണക്ക് 85,000നും മുകളില്‍ ആകുവാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു. ഈ രീതി തുടര്‍ന്നാല്‍ ഡോക്റ്റര്‍മാര്‍, എന്‍ജിനീയര്‍മാര്‍, ശാസ്തജ്ഞര്‍ എന്നിവരടക്കമുള്ള നൈപുണ്യമുള്ളവരുടെ കുടിയേറ്റത്തില്‍ ഇനിയും വര്‍ധനവുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. കൂടുതല്‍ ഐറ്റി കമ്പനികള്‍ കനേഡിയന്‍ നഗരങ്ങളില്‍ ഓഫീസുകള്‍ ആരംഭിക്കുന്നുമുണ്ട്. യുഎസ് വിസ പ്രശ്‌നത്തില്‍ കുടുങ്ങി നിരവധി ജീവനക്കാര്‍ക്ക് യുഎസില്‍ പ്രവേശിക്കാന്‍ സാധിക്കാതെ വന്നതോടെയാണിത്. യുഎസ് നഗരങ്ങളിലേതിന് സമാനമായ സാഹചര്യങ്ങളും ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസ സംവിധാനവും കുറഞ്ഞ ജീവിതച്ചെലവുകളും കാനഡയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നുണ്ട്.

കുടിയേറ്റത്തിനായി ശ്രമിക്കുന്നവരുടെ മുന്നില്‍ വംശീയതയും, തോക്ക് സംസ്‌കാരവും അരങ്ങ് വാഴുന്ന യുഎസിനേക്കാള്‍ ആശ്വാസപ്രദമായ ലക്ഷ്യസ്ഥാനമായും കാനഡ അവതരിക്കുന്നുണ്ട്. തോക്കുകള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനും യാതൊരു വിധ നിയന്ത്രണങ്ങളുമില്ലാത്ത യുഎസില്‍ സ്‌കൂളിലടക്കം നടക്കുന്ന വെടിവെപ്പുകളിലും മറ്റും ആയിരക്കണക്കിന് ആളുകളാണ് എല്ലാ വര്‍ഷവും കൊല്ലപ്പെടുന്നത്.

Comments

comments

Categories: FK News, Slider