ലിസ്റ്റിംഗിന് ശേഷം അരാംകോ ഓഹരികള്‍ക്ക് 13.4 ശതമാനം വില ഇടിഞ്ഞു

ലിസ്റ്റിംഗിന് ശേഷം അരാംകോ ഓഹരികള്‍ക്ക് 13.4 ശതമാനം വില ഇടിഞ്ഞു
  • ലിസ്റ്റിംഗിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയായ 32.80 റിയാലിനാണ് ഞായറാഴ്ച ഓഹരി വ്യാപാരം നടന്നത്
  • ഡിസംബര്‍ 16ന് 38 റിയാല്‍ വരെ വില കൂടിയിരുന്നെങ്കിലും കൊറോണരോഗം വ്യാപിച്ചതിന് ശേഷം വിലയിടിഞ്ഞു

റിയാദ്: ഓഹരി വ്യാപാരത്തിലൂടെ സൗദി അരാംകോ ഇതുവരെ സ്വന്തമാക്കിയ നേട്ടങ്ങളെല്ലാം കൊറോണവൈറസ് ഭീഷണിയില്‍ നഷ്ടമായി. ചരിത്രത്തില്‍ ഇടം നേടിയ പ്രാഥമിക ഓഹരിവില്‍പ്പനയ്ക്ക് ശേഷം കഴിഞ്ഞ ഡിസംബറില്‍ തദവുള്‍ ഓഹരി വിപണിയില്‍ വ്യാപാരം ആരംഭിച്ച അരാംകോ ഓഹരികള്‍ക്ക് കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് ചൈനയില്‍ എണ്ണയ്ക്ക് ഡിമാന്‍ഡ് കുറഞ്ഞതോടെ വില ഇടിഞ്ഞു.

രോഗവ്യാപനം തടയുന്നതിനായി ചൈന പ്രധാന നഗരങ്ങളെല്ലാം അടച്ചിട്ടതോടെയാണ് എണ്ണയ്ക്ക് വന്‍തോതില്‍ ഡിമാന്‍ഡ് ഇടിയുകയും വില കുറയുകയും ചെയ്തത്. വൈറസ് ഭീഷണി ആരംഭിച്ചതിന് ശേഷം ഇതുവരെ എണ്ണയ്ക്ക് 20 ശതമാനത്തിലധികമാണ് വില ഇടിഞ്ഞത്. ഇതിനോടകം തന്നെ എണ്ണ വിലത്തകര്‍ച്ചയും ഊര്‍ജ കയറ്റുമതിയിലെ ഇടിവും മൂലം പ്രതിസന്ധി നേരിടുന്ന ഗള്‍ഫ് രാജ്യങ്ങളെയാണ് പ്രശ്‌നം ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഏറ്റവും കൂടുതല്‍ നഷ്ടം സഹിക്കേണ്ടിവന്നത് ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോയ്ക്കാണ്. മുന്‍ റെക്കോഡുകള്‍ തകര്‍ത്ത ഐപിഒയ്ക്ക് ശേഷം ഗംഭീര തുടക്കത്തോടെ സൗദി ഓഹരി വിപണിയില്‍ ഡിസംബര്‍ 11ന് വ്യാപാരം ആരംഭിച്ച അരാംകോ ഓഹരികള്‍ രണ്ടുമാസത്തിനിപ്പുറം തുടക്കവിലയായ 32 റിയാലിനടുത്താണ് വ്യാപാരം നടത്തുന്നത്.

കമ്പനിയുടെ 1.5 ശതമാനം ഓഹരികളുടെ പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 25.6 ബില്യണ്‍ ഡോളറാണ് അരാംകോ സമാഹരിച്ചത്. ഇതില്‍ മൂന്നിലൊന്ന് ഓഹരികള്‍ ഏതാണ്ട് അഞ്ച് മില്യണ്‍ സൗദി പൗരന്മാര്‍ക്കാണ് അരാംകോ വിറ്റത്. ജനുവരി തുടക്കത്തില്‍ 450 മില്യണ്‍ അധിക ഓഹരികള്‍ കൂടി നിക്ഷേപകര്‍ക്ക് വിറ്റതോടെ പ്രാഥമിക ഓഹരിവില്‍പ്പനയിലൂടെ സ്വന്തമാക്കിയ നേട്ടം അരാംകോ 29.4 ബില്യണ്‍ ഡോളറായി ഉയര്‍ത്തി. ഓഹരിവിപണിയില്‍ വ്യാപാരം ആരംഭിച്ച് ആദ്യദിനങ്ങളില്‍ അരാംകോ ഓഹരികള്‍ക്ക് 19 ശതമാനം വരെ വില ഉയര്‍ന്നിരുന്നു. ഇതോടെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ദീര്‍ഘകാലമായി ആഗ്രഹി്ച്ചിരുന്ന 2 ട്രില്യണ്‍ ഡോളര്‍ മൂല്യത്തില്‍ അരാംകോ എത്തി.

എന്നാല്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി അരാംകോ ഓഹരികള്‍ തുടര്‍ച്ചയായ വിലയിടിവ് നേരിടുകയാണ്. ഐപിഒ സമയത്തെ ഓഹരിവിലയായ 32 റിയാലിനടുത്താണ് ഇപ്പോള്‍ അരാംകോ ഓഹരികള്‍ വ്യാപാരം നടത്തുന്നത്. കഴിഞ്ഞ ഞായറാഴ്ച ഓഹരികള്‍ക്ക് ലിസ്റ്റിംഗിന് ശേഷം ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും കുറഞ്ഞ നിരക്കായ 32.80 റിയാലില്‍ വില എത്തിയതോടെ അരാംകോയുടെ മൂല്യം 1.75 ട്രില്യണ്‍ ഡോളറായി ഇടിഞ്ഞു.

മാര്‍ച്ചിനുള്ളില്‍ രോഗത്തെ പൂര്‍ണമായും നിയന്ത്രിക്കാനായില്ലെങ്കില്‍ കൊറോണ വൈറസ് എണ്ണവിലയില്‍ തുടര്‍ന്നും ഇടിവുണ്ടാക്കിയേക്കുമെന്നാണ് ആഗോള റേറ്റിംഗ് ഏജന്‍സിയായ എസ് ആന്‍ഡ് പി പ്രവചിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളെ സംബന്ധിച്ച് അത് വലിയ തിരിച്ചടിയാകുമെന്നും സാമ്പത്തിക വളര്‍ച്ച, റിയല്‍ എസ്റ്റേറ്റ് വില, സര്‍ക്കാര്‍ ചിലവിടല്‍ എന്നിവയെയല്ലാം ബാധിക്കുമെന്നും ഏജന്‍സി മുന്നറിയിപ്പ് നല്‍കി. സൗദിയില്‍ നിന്ന് ഏറ്റവുമധികം എണ്ണ വാങ്ങിക്കുന്ന രാജ്യമാണ് ചൈന. ഡിസംബര്‍ 16ന് ഇതുവരെ കണ്ടതില്‍ ഏറ്റവും ഉയര്‍ന്ന വിലയായ 38 റിയാലില്‍ എത്തിയതിന് ശേഷം അരാംകോ ഓഹരികള്‍ക്ക് ഇതുവരെ 13.4 ശതമാനത്തോളം വിലത്തകര്‍ച്ചയാണ് നേരിടേണ്ടി വന്നത്. 2020 തുടങ്ങിയതിന് ശേഷം (കൊറോണ ഭീഷണി ആരംഭിച്ചതിന് ശേഷം) മാത്രം ഓഹരികള്‍ക്ക് ഏഴ് ശതമാനം വിലത്തകര്‍ച്ചയുണ്ടായി.

മാര്‍ച്ച് 16ന് വാര്‍ഷിക സാമ്പത്തിക റിപ്പോര്‍ട്ട് പുറത്തുവിടാന്‍ തയാറെടുക്കവെയാണ് അരാംകോ ഓഹരി വിലത്തകര്‍ച്ചയെ നേരിടുന്നത്. 2018ല്‍ 111 ബില്യണ്‍ ഡോളറാണ് അരാംകോ അറ്റാദായമായി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ലോകത്തിലെ ഏറ്റവും ലാഭമേറിയ കമ്പനിയായി അരാംകോ മാറിയിരുന്നു. എന്നാല്‍ എണ്ണയ്ക്ക് വില ഇടിഞ്ഞതിന് ശേഷം 2019 ആദ്യ ഒമ്പതുമാസങ്ങളിലെ ലാഭത്തില്‍ 17.9 ശതമാനത്തിന്റെ ഇടിവാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തത്.

Comments

comments

Categories: Arabia