തീര്‍പ്പാക്കാത്ത ആദായ നികുതി കേസുകളില്‍ 90%ഉം സൗമ്യമായി തീര്‍പ്പാക്കും: അനുരാഗ് താക്കൂര്‍

തീര്‍പ്പാക്കാത്ത ആദായ നികുതി കേസുകളില്‍ 90%ഉം സൗമ്യമായി തീര്‍പ്പാക്കും: അനുരാഗ് താക്കൂര്‍

ഒരു സംരംഭകനെയും ഉപദ്രവിക്കരുതെന്ന് ആദായനികുതി, കേന്ദ്ര ചരക്ക് സേവന നികുതി വകുപ്പുകളിലെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു

ന്യൂഡെല്‍ഹി: 2020-21 ലെ ബജറ്റില്‍ പ്രഖ്യാപിച്ച ‘വിവാദ് സേ വിശ്വാസ്’ പദ്ധതിയിലൂടെ 90 ശതമാനം ആദായനികുതി തര്‍ക്കങ്ങളും പരിഹരിക്കാനാകുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് സിംഗ് താക്കൂര്‍ പറഞ്ഞു. 4.8 ലക്ഷം കേസുകളിലെ 9.32 ട്രില്യണ്‍ രൂപയുടെ നികുതി തര്‍ക്കങ്ങള്‍ പരിഹരിക്കാനാണ് പദ്ധതി. ഒരു ആഭ്യന്തര എന്‍ജിഒ സംഘടിപ്പിച്ച തൊഴില്‍ മേളയില്‍ സംസാരിക്കുകയായിരുന്നു താക്കൂര്‍.

സത്യസന്ധമായി നികുതി അടയ്ക്കുന്ന സംരംഭകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടും. അതേ സമയം നികുതി സമ്പ്രദായത്തിലെ തട്ടിപ്പുകള്‍ തടയേണ്ടതിന്റെ ആവശ്യകത സര്‍ക്കാര്‍ ഉറപ്പിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ‘സര്‍ക്കാര്‍ സംരംഭകരെ വിശ്വസിക്കുന്നു. നേരത്തെ, സംരംഭകര്‍ക്ക് തങ്ങളുടെ കമ്പനി രജിസ്റ്റര്‍ ചെയ്യാന്‍ രണ്ടുമാസം എടുക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ 24 മണിക്കൂറിനുള്ളില്‍ ഇത് ചെയ്യാന്‍ കഴിയും. എന്നാല്‍ ചില ആളുകള്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് അല്ലെങ്കില്‍ ടാക്‌സ് റീഫണ്ട് ലഭിക്കുന്നതിന് വഞ്ചനാപരമായി പ്രവര്‍ത്തിക്കുന്നു, സത്യസന്ധമായി ബിസിനസ് നടത്തുന്നവരെയാണ് ഇത് പ്രതിസന്ധിയിലാക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

ഒരു സംരംഭകനെയും ഉപദ്രവിക്കരുതെന്ന് ആദായനികുതി, കേന്ദ്ര ചരക്ക് സേവന നികുതി വകുപ്പുകളിലെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ‘സബ്ക വിശ്വാസ് യോജന’ വഴി പരോക്ഷ നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ 95 ശതമാനത്തിലും കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ തീര്‍പ്പാക്കിയിട്ടുണ്ട്. 40,000 കോടി രൂപ ഇതിലൂടെ സര്‍ക്കാരിലെത്തി. മധ്യപ്രദേശിലെയും ഛത്തീസ്ഗഢിലെയും ആദായനികുതി തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട 41,000 കേസുകള്‍ വിവിധ ട്രൈബ്യൂണലുകളില്‍ തുടരുകയാണ്. അതില്‍ സര്‍ക്കാരിന് വലിയ തുക ലഭിക്കാനുണ്ട്.

യുവാക്കളുടെ പങ്കാളിത്തത്തോടെ 202425 ഓടെ രാജ്യത്തെ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും വ്യാവസായിക നിക്ഷേപം വര്‍ധിപ്പിക്കുന്നതിനുമായി നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും താക്കൂര്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: FK News