എസ്ബിഐ കാര്‍ഡ്‌സിന്റെ 9,000 കോടി രൂപയുടെ ഐപിഒ മാര്‍ച്ച് ആദ്യം

എസ്ബിഐ കാര്‍ഡ്‌സിന്റെ 9,000 കോടി രൂപയുടെ ഐപിഒ മാര്‍ച്ച് ആദ്യം

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രെഡിറ്റ് കാര്‍ഡ് വിതരണക്കാരാണ് എസ്ബിഐ കാര്‍ഡ്‌സ്

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും സ്വകാര്യ ഇക്വിറ്റി കമ്പനിയായ കാര്‍ലൈല്‍ ഗ്രൂപ്പിന്റെയും പിന്തുണയുള്ള എസ്ബിഐ കാര്‍ഡ്‌സ് ആന്‍ഡ് പേയ്‌മെന്റ് സര്‍വീസസ് ലിമിറ്റഡ് 9,000 കോടി ഡോളറിന്റെ പ്രാരംഭ ഓഹരി വില്‍പ്പന( ഐപിഒ)യ്ക്കായി തയാറെടുക്കുന്നു. മാര്‍ച്ച് ആദ്യം ഓഹരി വിപണിയിലേക്ക് എത്തുന്നതിനാണ് കമ്പനി തയാറെടുക്കുന്നതെന്നാണ് കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

വിപണി നിരീക്ഷകരായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യില്‍ നിന്ന് ഐപിഒയ്ക്കായി അനുമതി ലഭിച്ചിട്ടുള്ള ക്രെഡിറ്റ് കാര്‍ഡ് കമ്പനി ഫെബ്രുവരി അവസാനത്തോടെ ഇന്‍സ്റ്റിറ്റിയൂഷ്ണല്‍ നിക്ഷേപകര്‍ക്കായി ഒരു ആമുഖ പുസ്തകം പുറത്തിറക്കാന്‍ തീരുമാനിച്ചിട്ടിട്ടുണ്ട്. മാര്‍ച്ച് ആദ്യ വാരത്തില്‍ വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പ്രധാന പുസ്തകം അവതരിപ്പിക്കും.

ഇന്ത്യയിലെ ഒരു സ്വകാര്യ ഇക്വിറ്റ് സ്ഥാപനത്തിന്റെ ഓഹരി വിപണിയില്‍ നിന്നുള്ള പുറത്തുപോകല്‍ കൂടിയാകും ഈ ഐപിഒയിലൂടെ നടക്കുക. 2020 ലെ ആദ്യത്തെ ഐപിഒ കൂടിയായിരിക്കും എസ്ബി ഐ കാര്‍ഡ്‌സിന്റേത്. കമ്പനിയില്‍ 74 ശതമാനം ഓഹരിയാണ് എസ്ബിഐക്കുള്ളത്. കാര്‍ലൈല്‍ ഗ്രൂപ്പിന് അനുബന്ധ കമ്പനിയായ സിഎ റോവര്‍ ഹോള്‍ഡിംഗ്‌സ് വഴി 26 ശതമാനം ഓഹരികളുണ്ട്. 130.5 ദശലക്ഷം ഇക്വിറ്റി ഓാഹരികള്‍ ഇരു കമ്പനികളും ചേര്‍ന്ന് വിര്‍ക്കും. പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ എസ്ബിഐയും കാര്‍ലൈലും തങ്ങളുടെ ഓഹരി പങ്കാളിത്തത്തില്‍ യഥാക്രമം 4ശതമാനത്തിന്റെയും 10 ശതമാനത്തിന്റെയും കുറവ് വരുത്തും.
ഓഹരി വില്‍പന തുടക്കത്തില്‍ ജനുവരിയിലായിരുന്നു ആസൂത്രണം ചെയ്തിരുന്നത്, പക്ഷേ സെബിയുടെ അംഗീകാര പ്രക്രിയക്ക് പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയമെടുത്തു. നിക്ഷേപ ബാങ്കുകളായ കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി, ആക്‌സിസ് ക്യാപിറ്റല്‍, ബോഫ സെക്യൂരിറ്റീസ്, എച്ച്എസ്ബിസി, നോമുറ, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് എന്നിവയാണ് ഐപിഒ കൈകാര്യം ചെയ്യുന്നത്. 2019 സെപ്റ്റംബര്‍ 30 ലെ കണക്കനുസരിച്ച് 9.46 ദശലക്ഷം കാര്‍ഡുകളും 18 ശതമാനം വിപണി വിഹിതവുമുള്ള ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രെഡിറ്റ് കാര്‍ഡ് വിതരണക്കാരാണ് എസ്ബിഐ കാര്‍ഡ്‌സ്.

ജിഇ ക്യാപിറ്റല്‍ കോര്‍പ്പറേഷന്റെ പങ്കാളിത്തത്തോടെ 1998ലാണ് എസ്ബിഐ കാര്‍ഡ്‌സ് പ്രവര്‍ത്തനം ആരംഭിച്ചത്. 2017 ഡിസംബറില്‍ ജിഇ ക്യാപിറ്റല്‍ കമ്പനിയിലെ തങ്ങളുടെ 40 ശതമാനം ഓഹരി പങ്കാളിത്തം എസ്ബിഐയ്ക്കും കാര്‍ലൈലിനുമായി വിറ്റു. ജീവിത ശൈലി, പ്രതിഫലം, യാത്ര, ഇന്ധനം, ഷോപ്പിംഗ്, ബാങ്കിംഗ് പങ്കാളിത്ത കാര്‍ഡുകള്‍, കോര്‍പ്പറേറ്റ് കാര്‍ഡുകള്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകളും കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകളും വ്യക്തിഗത കാര്‍ഡ് ഉടമകള്‍ക്കും കോര്‍പ്പറേറ്റ് ക്ലയന്റുകള്‍ക്കും കമ്പനി വാഗ്ദാനം ചെയ്യുന്നു. 133 ഇന്ത്യന്‍ നഗരങ്ങളിലായി 33,086 ഔട്ട്‌സോഴ്‌സ് സെയില്‍സ് ഉദ്യോഗസ്ഥര്‍ വഴിയും ഇന്ത്യയിലെ 22,007 എസ്ബിഐ ശാഖകള്‍ വഴിയും കമ്പനി ക്രെഡിറ്റ് കാര്‍ഡുകള്‍ വില്‍ക്കുന്നു.

Comments

comments

Categories: FK News
Tags: IPO, SBI Cards