ഹരിത സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യ മുന്നില്‍ നില്‍ക്കും

ഹരിത സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യ മുന്നില്‍ നില്‍ക്കും

450 മെഗാവാട്ട് പുനരുപയോഗ ഊര്‍ജ ശേഷി കൈവരിക്കല്‍, ഇലക്ട്രിക് വാഹനങ്ങള്‍, സ്മാര്‍ട്ട് സിറ്റികള്‍, ജലസംരക്ഷണം എന്നിവ അജണ്ടയെന്ന് മോദി

ഗാന്ധിനഗര്‍: ജനങ്ങളുടെ പങ്കാളിത്തത്തോടെ പര്‍വ്വത മേഖലയിലെ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതുള്‍പ്പെടെ ഹരിത സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പ്രധാന പങ്കുവഹിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധിനഗറില്‍ നടന്ന ഐക്യരാഷ്ട്ര സഭയുടെ മൈഗ്രേറ്ററി സ്പീഷിസ് ഓഫ് വൈല്‍ഡ് ആനിമല്‍സ് കണ്‍വെന്‍ഷനില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തെ വനവിസ്തൃതി ഗണ്യമായി വര്‍ധിച്ചെന്നും രാജ്യത്തിന്റെ മൊത്തം ഭൂ വിസ്തൃതിയുടെ 21.67% വനപ്രദേശമാണെന്നാണ് ഇപ്പോഴത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും മോദി പറഞ്ഞു. സംരക്ഷിത പ്രദേശങ്ങളുടെ എണ്ണം 2014 ല്‍ 745 ആയിരുന്നത് 2019 ഓടെ 870 ആയി ഉയര്‍ന്നു. 450 മെഗാവാട്ട് പുനരുപയോഗ ഊര്‍ജ ശേഷി കൈവരിക്കല്‍, ഇലക്ട്രിക് വാഹനങ്ങള്‍, സ്മാര്‍ട്ട് സിറ്റികള്‍, ജലസംരക്ഷണം തുടങ്ങിയവ ലക്ഷ്യം വെച്ചുകൊണ്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ നേതൃത്വത്തില്‍ രൂപീകരിച്ച അന്താരാഷ്ട്ര സോളാര്‍ സഖ്യത്തില്‍ ലോകമെമ്പാടും നിന്നുള്ള രാജ്യങ്ങളുടെ സഹകരണം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ഏഷ്യന്‍ ആനകളുടെയും പുള്ളിപ്പുലിയുടെയും ഏഷ്യന്‍ സിംഹങ്ങളുടെയും സംരക്ഷണത്തിനായി മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ ഇന്ത്യ സ്വീകരിച്ച നടപടികളെക്കുറിച്ച് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ആഗോള ഏഷ്യന്‍ ആനകളുടെ 60 ശതമാനത്തെയും 2,970 കടുവകളെയും ഇന്ത്യ സംരക്ഷിക്കുന്നുണ്ട്. 30 ഓളം സംരക്ഷണ കേന്ദ്രങ്ങള്‍ അധികമായി കണ്ടെത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഹിമാലയത്തിലെ മൃഗങ്ങളെയും ആവാസവ്യവസ്ഥയെയും സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ സ്‌നോ ലിയോപാര്‍ഡ് പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഗുജറാത്തിലെ ഗിര്‍ ലാന്‍ഡ്‌സ്‌കേപ് ഏഷ്യാറ്റിക് സിംഹങ്ങളുടെ പ്രധാന ആശ്രയ കേന്ദ്രമാണ്. 2019 ജനുവരിയില്‍ ഏഷ്യാറ്റിക് സിംഹ സംരക്ഷണ പദ്ധതിക്ക് തുടക്കമിട്ടിരുന്നു. ഇന്ന് ഏഷ്യാറ്റിക് സിംഹങ്ങളുടെ എണ്ണം 523 ആയി ഉയര്‍ന്നെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

Categories: FK News, Slider