ഇന്ത്യയുടെ ടെലികോം പ്രതിസന്ധി

ഇന്ത്യയുടെ ടെലികോം പ്രതിസന്ധി

സര്‍ക്കാരിന് നല്‍കാനുള്ള കുടിശ്ശികയുടെ കാര്യത്തില്‍ സുപ്രീം കോടതി ശക്തമായ നിലപാടെടുത്തതോടെ ടെലികോം രംഗം കൂടുതല്‍ സങ്കീര്‍ണതയിലേക്കാണ് നീങ്ങുന്നത്

5ജിയും 6ജിയും ഉള്‍പ്പടെയുള്ള സാങ്കേതികവിദ്യകളുടെ വിന്യാസത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഇന്ത്യയുടെ ടെലികോം രംഗം കൂടുതല്‍ പ്രതിസന്ധികളിലേക്കാണോ നീങ്ങുന്നത്. വെള്ളിയാഴ്ച്ച വന്ന സുപ്രീം കോടതി വിധിയോടെ കമ്പനികളുടെ കുടിശ്ശികയുടെ കാര്യത്തില്‍ ഒരു തീരുമാനമായിരിക്കയാണ്. സ്‌പെക്ട്രം യൂസര്‍ ചാര്‍ജ്, ലൈസന്‍സ് ഫീ കുടിശികയിനത്തില്‍ സര്‍ക്കാരിന് നല്‍കാനുള്ള തുക ഒരു മാസത്തിനകം അടച്ചു തീര്‍ക്കണമെന്നാണ് സുപ്രീം കോടതി വെള്ളിയാഴ്ച്ച അന്ത്യശാസനം നല്‍കിയിരിക്കുന്നത്.

ടെലികോം രംഗത്തെ ഉടച്ചുവാര്‍ക്കലിനെ തുടര്‍ന്ന് സൃഷ്ടിക്കപ്പെട്ട വോഡഫോണ്‍-ഐഡിയ സംയുക്ത സംരംഭം മൊത്തം നല്‍കാനുള്ള കുടിശ്ശിക 53,038 കോടി രൂപ വരും. കടുത്ത പ്രതിസന്ധിയിലൂടെയാണ് കമ്പനി കടന്നു പോകുന്നത്. അതിനാല്‍ തന്നെ കുടിശ്ശിക അടയ്ക്കാനുള്ള തീയതി നീട്ടി നല്‍കണമെന്നതായിരുന്നു ഇവരുടെ പ്രധാന ആവശ്യം. എന്നാല്‍ സുപ്രീം കോടതി നിലപാട് കര്‍ക്കശമാക്കിയതോടെ പ്രവര്‍ത്തനം നിര്‍ത്തേണ്ടി വരുമോയെന്ന ആശങ്കയിലാണ് കമ്പനി.

ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ വോഡഫോണ്‍ ഐഡിയയുടെ മൊത്തം കടബാധ്യത 1,15,850 കോടി രൂപയെന്ന ഭീമന്‍ സംഖ്യയായി ഉയര്‍ന്നിരുന്നു. ഇതില്‍ സ്‌പെക്ട്രം ഇനത്തില്‍ 24,729 കോടി രൂപയും ലൈസന്‍സ് ഫീസിനത്തില്‍ 28,309 കോടി രൂപയുമാണ് ബാധ്യത. ഫെബ്രുവരി 14നുള്ളില്‍ ടെലികോം കമ്പനികള്‍ കുടിശ്ശിക അടയ്ക്കണമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടിരുന്നെങ്കിലും അതിന് സ്ഥാപനങ്ങള്‍ക്ക് സാധിച്ചിരുന്നില്ല.

വോഡഫോണ്‍-ഐഡിയയുടെ ഭാവി എന്താകുമെന്നാണ് ഈ പശ്ചാത്തലത്തില്‍ എല്ലാവരും ഉറ്റുനോക്കുന്നത്. പ്രതിസന്ധിക്കയത്തില്‍ നിന്ന് രക്ഷ നേടിയില്ലെങ്കില്‍ കമ്പനി പൂട്ടേണ്ടി വരുമെന്ന തരത്തിലാണ് ഇപ്പോഴത്തെ വിലയിരുത്തലുകള്‍. വോഡഫോണിന്റെ മാതൃകമ്പനിയായ ബ്രിട്ടീഷ് സംരംഭം ഇന്ത്യയിലെ നിക്ഷേപത്തെ എഴുതിതള്ളിയ മട്ടാണ്. ഇനി ഇവിടെ കൂടതല്‍ നിക്ഷേപിക്കാനില്ലെന്ന നിലപാടിലാണ് അവര്‍. ഇതിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു ഡിസംബറില്‍ കമ്പനി ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ള സ്ഥാപനം പൂട്ടേണ്ടി വരുമോയെന്ന സംശയം പോലും പ്രകടിപ്പിച്ചത്.

കുടിശ്ശിക നല്‍കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന അപേക്ഷ സുപ്രീം കോടതി തള്ളിക്കളഞ്ഞതാണെങ്കിലും മാര്‍ച്ച് 17ന് ഇക്കാര്യം വീണ്ടും ആവശ്യപ്പെടാന്‍ കമ്പനി തയാറായേക്കുമെന്നാണ് സൂചന. റിവ്യു പെറ്റിഷന്‍ നല്‍കുകയെന്ന സാധ്യതയെക്കുറിച്ചും ചിന്തിച്ചേക്കാം. നിലവിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വോഡഫോണ്‍ ഐഡിയയെ രക്ഷിക്കാന്‍ രക്ഷാ പാക്കേജുമായി സര്‍ക്കാര്‍ അവതരിക്കാനുള്ള സാധ്യത കുറവാണ്. അതല്ലെങ്കില്‍ കമ്പനിയെ ഏറ്റെടുക്കുന്നതു പോലുള്ള നീക്കങ്ങളെ കുറിച്ച് കേന്ദ്രം ചിന്തിക്കേണ്ടി വരും. കമ്പനി പാപ്പാരായി പ്രവര്‍ത്തനം നിര്‍ത്തിയാല്‍ ടെലികോം മേഖലയിലെ മാറ്റങ്ങള്‍ കാരണം പൂട്ടേണ്ടി വന്ന മൂന്നാമത്തെ പ്രാദേശിക മൊബീല്‍ കമ്പനിയായി വോഡഫോണ്‍ ഐഡിയ മാറും. എയര്‍സെലും അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷനുമായിരുന്നു മറ്റ് രണ്ട് കമ്പനികള്‍. 2016ല്‍ ജിയോയുടെ വരവോടെയാണ് മേഖലയില്‍ സമൂലമായ മാറ്റങ്ങളുണ്ടായത്. വോഡഫോണ്‍-ഐഡിയ കൂടി അപ്രത്യക്ഷമായാല്‍ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ വൈര്‍ലെസ് വിപണിയില്‍ അവശേഷിക്കുന്നത് രണ്ട് സ്വകാര്യ കമ്പനികള്‍ മാത്രമായിരിക്കും. സ്വതന്ത്ര വിപണിയെന്ന സങ്കല്‍പ്പത്തിന് അത്ര ശുഭകരമാകില്ല ആ വാര്‍ത്ത.

Categories: Editorial, Slider