ഡിപി വേള്‍ഡ് സ്വകാര്യ ഉടമസ്ഥതയിലേക്ക് തിരിച്ചുവരുന്നു; നാസ്ഡകില്‍ നിന്നും ഓഹരികള്‍ പിന്‍വലിക്കും

ഡിപി വേള്‍ഡ് സ്വകാര്യ ഉടമസ്ഥതയിലേക്ക് തിരിച്ചുവരുന്നു; നാസ്ഡകില്‍ നിന്നും ഓഹരികള്‍ പിന്‍വലിക്കും
  • നാസ്ഡക് ദുബായില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിയുടെ 19.55 ശതമാനം ഓഹരികള്‍
  • മാതൃകമ്പനിയായ പോര്‍ട്ട് ആന്‍ഡ് ഫ്രീ സോണ്‍ വേള്‍ഡ് ഏറ്റെടുക്കും

”നിക്ഷേപങ്ങളില്‍ നിന്നുള്ള ആദായത്തിലും മൂല്യവര്‍ധനവിലും ദീര്‍ഘകാല നയങ്ങളാണ് കമ്പനി പിന്തുടരുന്നത്. ഇതിന് വിരുദ്ധമായി ഓഹരിവിപണികള്‍ ഹ്രസ്വകാല ലക്ഷ്യങ്ങളാണ് വച്ചുപുലര്‍ത്തുന്നത്. കാഴ്ചപ്പാടുകളിലെ ഈ അന്തരം മൂലം ഡിപി വേള്‍ഡിന്റെ നയങ്ങള്‍ ഓഹരിവിപണികളില്‍ സ്വീകരിക്കപ്പെടാറില്ല. സ്വാഭാവികമായും ഇത് കമ്പനിയുടെ ഓഹരിവിലയിലും പ്രതിഫലിക്കുന്നു”

– യുവരാജ് നാരായണ്‍
ചീഫ് ഫിനാന്‍ഷ്യല്‍, സ്ട്രാറ്റെജി, ബിസിനസ് ഓഫീസര്‍
ഡിപി വേള്‍ഡ്‌

ദുബായ്: പ്രമുഖ തുറമുഖ നടത്തിപ്പുകാരായ ഡിപി വേള്‍ഡ് നാസ്ഡക് ദുബായില്‍ നിന്നും ഓഹരികള്‍ പിന്‍വലിച്ച് സ്വകാര്യ ഉടമസ്ഥതയിലേക്ക് തിരിച്ചവരുന്നു. തുറമുഖ നടത്തിപ്പുകാരെന്ന നിലയില്‍ നിന്നും എല്ലാവിധ ചരക്ക്‌നീക്ക സേവനങ്ങളും നല്‍കുന്ന കമ്പനിയായി മാറുകയെന്ന ലക്ഷ്യത്തോടെയാണ് ഓഹരിവിപണിയില്‍ നിന്നും ഓഹരികള്‍ ഡീ-ലിസ്റ്റ് (ഓഹരികള്‍ പിന്‍വലിക്കുക) ചെയ്യാനുള്ള തീരുമാനമെന്ന് കമ്പനി അറിയിച്ചു. മാത്രമല്ല, ഓഹരിവിപണി മുന്നോട്ടുവെക്കുന്ന ഹ്രസ്വകാല ലാഭവിഹിത ആവശ്യങ്ങളില്‍ നിന്ന് മുക്തമാകാനും ഇതിലൂടെ കമ്പനിക്ക് സാധിക്കും.

നാസ്ഡക് ദുബായില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിയുടെ 19.55 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാന്‍ ഡിപി വേള്‍ഡിന്റെ മാതൃകമ്പനിയായ പോര്‍ട്ട് ആന്‍ഡ് ഫ്രീ സോണ്‍ വേള്‍ഡ് സമ്മതം അറിയിച്ചു. ഓഹരിവിപണി വ്യാപാരം കമ്പനിയുടെ നേട്ടങ്ങള്‍ക്ക് വിലങ്ങുതടിയാകുന്നെന്ന് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് പൊതുസമ്മതത്തിലെത്തിയതായി ഡി പി വേള്‍ഡ് ഗ്രൂപ്പിന്റെ ചീഫ് ഫിനാന്‍ഷ്യല്‍, സ്ട്രാറ്റെജി, ബിസിനസ് ഓഫീസര്‍ യുവരാജ് നാരായണ്‍ അറിയിച്ചു. ‘നാസ്ഡക് ദുബായില്‍ നിന്നും ഓഹരികള്‍ പിന്‍വലിക്കാനാണ് ബോര്‍ഡിന്റെ തീരുമാനം. ഇത് ഇടക്കാല, ദീര്‍ഘകാല വളര്‍ച്ചാനയങ്ങള്‍ നടപ്പിലാക്കാന്‍ കമ്പനിയെ സഹായിക്കും. നിക്ഷേപങ്ങളില്‍ നിന്നുള്ള ആദായത്തിലും മൂല്യവര്‍ധനവിലും ദീര്‍ഘകാല നയങ്ങളാണ് കമ്പനി പിന്തുടരുന്നത്. ഇതിന് വിരുദ്ധമായി ഓഹരിവിപണികള്‍ ഹ്രസ്വകാല ലക്ഷ്യങ്ങളാണ് വച്ചുപുലര്‍ത്തുന്നത്. കാഴ്ചപ്പാടുകളിലെ ഈ അന്തരം മൂലം ഡിപി വേള്‍ഡിന്റെ നയങ്ങള്‍ ഓഹരിവിപണികളില്‍ സ്വീകരിക്കപ്പെടാറില്ല. സ്വാഭാവികമായും ഇത് കമ്പനിയുടെ ഓഹരിവിലയിലും പ്രതിഫലിക്കുന്നു,’ നാരായണ്‍ വ്യക്തമാക്കി.

ഞായറാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ 13 ഡോളറായിരുന്നു ഡിപി വേള്‍ഡിന്റെ പ്രതി ഓഹരിവില. ഇതിനേക്കാള്‍ 29 ശതമാനം അധികം നല്‍കി ഓഹരിയൊന്നിന് 16.75 ഡോളറിന് ഓഹരികള്‍ തിരികെ വാങ്ങാനാണ് പോര്‍ട്ട് ആന്‍ഡ് ഫ്രീ സോണ്‍ വേള്‍ഡിന്റെ ഡയറക്ടര്‍ ബോര്‍ഡും ഡിപി വേള്‍ഡിന്റെ സ്വതന്ത്ര ഡയറക്ടര്‍ ബോര്‍ഡും തീരുമാനിച്ചിരിക്കുന്നത്.

ഉപഭോക്കാക്കള്‍ക്കിടയിലുള്ള ഏകീകരണവും ഡിപി വേള്‍ഡിന്റെ എതിരാളികളുടെ വെര്‍ട്ടിക്കല്‍ ഇന്റെഗ്രേഷനും (വിതരണ ശൃംഖലയും മൂല്യവും കൈപ്പിടിയിലാക്കാന്‍ വിതരണക്കാരെയും റീറ്റെയ്ല്‍ സ്റ്റോറുകളെയും വരുതിയിലാക്കുന്ന നയം) മൂലം ആഗോള തുറമുഖങ്ങളും ചരക്ക്‌നീക്ക വ്യവസായ മേഖലയും വലിയതോതിലുള്ള മാറ്റങ്ങള്‍ക്ക് വിധേയരായിക്കൊണ്ടിരിക്കുകയാണ്. അതിവേഗത്തിലുള്ള ഈ മാറ്റങ്ങളോട് തുടര്‍ന്നും കാര്യക്ഷമമായി പ്രതികരിക്കാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ ഡിപി വേള്‍ഡിന് ഭാവിക്ക് വേണ്ടി നിക്ഷേപം നടത്താന്‍ സാധിക്കുകയുള്ളുവെന്ന് കമ്പനി ചെയര്‍മാന്‍ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലയെം പറഞ്ഞു. സ്വകാര്യ ഉടമസ്ഥതയിലേക്ക് തിരിച്ചെത്തുന്നതിലൂടെ ഓഹരി വിപണിയുടെ കെട്ടുപാടുകളില്‍ നിന്ന് മോചിതരാകാനും ദീര്‍ഘകാല വളര്‍ച്ചാനയങ്ങള്‍ നടപ്പിലാക്കാനും കമ്പനിക്ക് സാധിക്കുമെന്നും സുലെയം പ്രതീക്ഷ പ്രകടിപ്പിച്ചു.

Comments

comments

Categories: Arabia
Tags: DP world

Related Articles