മാറേണ്ടത് കോണ്‍ഗ്രസിനുള്ളിലെ തലനരച്ച ചിന്തകള്‍

മാറേണ്ടത് കോണ്‍ഗ്രസിനുള്ളിലെ തലനരച്ച ചിന്തകള്‍

തോല്‍വിയുടെ നിറകുടം കോണ്‍ഗ്രസ് തേടിക്കണ്ടുപിടിച്ച് തലയിലേന്തുകയാണ്.

കോണ്‍ഗ്രസ് പാര്‍ട്ടിയെ ഒത്തൊരുമയോടെ നിര്‍ത്താനുള്ള നേതൃത്വത്തിന്റെ കഴിവ് ദിവസം തോറും ഇല്ലാതാകുകയാണ്. ഇവിടെ പാര്‍ട്ടിയുടെ അധികാരങ്ങള്‍ കൈവശമുള്ള നെഹ്‌റു കുടുംബം പരാജയപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും പഴയ രാഷ്ട്രീയ പാര്‍ട്ടി അതിന്റെ പ്രത്യയശാസ്ത്രവും പ്രസക്തിയും അഭിവൃദ്ധിപ്പെടുത്തുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ട സമയമാണിത്. ഇതിന് പാര്‍ട്ടിയുടെ അധികാരങ്ങള്‍ വിഭജിച്ചു നല്‍കണം. നെഹ്‌റുകുടുംബത്തിന്റെ പടിവാതിലില്‍ നിര്‍ദേശങ്ങള്‍ക്കായി കാത്തുല്‍ക്കുന്ന ഒരു പാര്‍ട്ടിയായി കോണ്‍ഗ്രസിനെ തരംതാഴ്ത്തരുത്. ഇങ്ങനെയുള്ള ഏതു നീക്കവും പാര്‍ട്ടിയെ വിനാശത്തിലേക്കാകും നയിക്കുക. ആശ്രിതനോട് വാത്സല്യമുണ്ടാകുന്നത് ഉടമയ്ക്കുമാത്രമാണ്. അല്ലാതെ പൊതുജനത്തിനല്ല.

നരേന്ദ്ര മോദിയും അമിത് ഷായും നേതൃത്വം നല്‍കുന്ന ബിജെപിയില്‍നിന്ന് വ്യത്യസ്തമായി കോണ്‍ഗ്രസിന് മികവുറ്റ നേതാക്കളുടെ ഒരു രണ്ടാം നിരയുണ്ട്. പ്രത്യേകിച്ചും യുവജന നേതൃനിര പരിശോധിക്കുമ്പോള്‍. എന്നിട്ടും, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈ നേതാക്കള്‍ എടുത്തുപറയാവുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ല. പാര്‍ട്ടി അവരുടെ ശക്തിയെ കണ്ടില്ലെന്ന് നടിക്കുകയാണ് എന്നു പറയേണ്ടിവരും. അല്ലെങ്കില്‍ അവരെ വേണ്ടവിധം ഉപയോഗപ്പെടുത്തുന്നില്ല. ഇവിടെ വളരെ മുതിര്‍ന്ന നേതാക്കള്‍ പറയുന്നതുമാത്രമാണ് പാര്‍ട്ടിക്ക് മുഖ്യം. പുതുനിരയെ പരീക്ഷണത്തിനെങ്കിലും ഇറക്കുന്നില്ല.കഴിഞ്ഞ രണ്ട് പൊതു തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് നേരിട്ട അപമാനകരമായ പരാജയത്തിന്റെ വേരുകള്‍ അന്വേഷിച്ച് മറ്റെങ്ങും പോകേണ്ടതില്ല. സ്വന്തം സംവിധാനത്തിനകത്തെ പുഴുക്കുത്തുകളാണ് ആദ്യം ചികിത്സിച്ച് ഭേദമാക്കേണ്ടത്. വളരെക്കാലം മന്ത്രിയായി സേവനമനുഷ്ഠിച്ചവരെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ നിലനിര്‍ത്തി അടുത്ത തലമുറ നേതാക്കളെ ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. ഇതിന് കോണ്‍ഗ്രസിനെപ്പോലെ ഒരു പാര്‍ട്ടിക്ക് കഴിയുന്നില്ലെങ്കില്‍ പ്രയാണം വീണ്ടും പിന്നോട്ടായിരിക്കും. ഒപ്പം സ്ഥാനാര്‍ത്ഥി നിര്‍ണയങ്ങളില്‍ വിജയ സാധ്യത മാത്രമാകണം മാനദണ്ഡം. ഇന്ന് ഇത് കൂടുതലും ശുപാര്‍ശകള്‍ക്കനുസരിച്ചാണ് നടക്കുന്നത്. ഇത് കോണ്‍ഗ്രസിന്റെ പ്രാതിനിധ്യം തന്നെ ഇല്ലാതാക്കും. മണ്ഡലത്തില്‍ പരിചയമുള്ളവരെ, അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നവരെ, അവര്‍ക്കു വേണ്ടപ്പെട്ടപ്പെട്ടവരെയാകണം ജനപ്രതിനിധി ആക്കേണ്ടത്. അവസാനം നടന്ന ഡെല്‍ഹി തെരഞ്ഞെടുപ്പുതന്നെ ഉദാഹരണമാണ്. ഇവിടെ ആംആദ്മി പാര്‍ട്ടിയുടെ രീതി കോണ്‍ഗ്രസിന് പരീക്ഷിച്ചു നോക്കാവുന്നതാണ്. പച്ചയായ യാഥാര്‍ത്ഥ്യങ്ങളോട് പോരാടി മാത്രമെ ഒരു പാര്‍ട്ടിക്ക് ശക്തമായ അടിത്തറ സൃഷ്ടിച്ചെടുക്കാനാകു. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് അധികാരത്തിലേക്കുള്ള വരികളില്‍ ചെന്നു നിന്നാല്‍ ജനം അവരെ പരിഗണിക്കില്ല. പണ്ടു സംഭവിച്ചിരിക്കാം. എന്നാല്‍ അത് ഇന്നും സംഭവിക്കണമെന്നുണ്ടോ….

കോണ്‍ഗ്രസിലെ പലതര്‍ക്കങ്ങളും മറനീക്കി പുറത്തുവരുമ്പോള്‍ രണ്ടാം നിരയിലെ ഒരു നേതാവുകൂടിയാണ് എതിര്‍പക്ഷത്തേക്ക് നീങ്ങുകയോ വിമതനായിത്തീരുകയോ ചെയ്യുന്നത്. അവര്‍ക്ക് അര്‍ഹിക്കുന്ന പ്രവര്‍ത്തന സ്വാതന്ത്ര്യവും അര്‍ഹിക്കുന്ന പദവികളും അനുയോജ്യമായ ജോലികളും നല്‍കിയാല്‍ ഒരുപക്ഷേ അത് പാര്‍ട്ടിക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നതിന് കാരണമായേക്കാം. ജ്യോതിരാദിത്യ സിന്ധ്യ, സച്ചിന്‍ പൈലറ്റ്, മിലിന്ദ് ദേവ്‌റ തുടങ്ങിയവര്‍ ജനകീയാടിത്തറയുള്ളവരാണ്. അതോടൊപ്പംതന്നെ അവര്‍ അസ്വസ്ഥരുമാണ്. രാഷ്ട്രീയത്തില്‍ സുസ്ഥിരമായ ഒരു ഭാവി വേണമെങ്കില്‍ ഈ പാര്‍ട്ടിയില്‍നിന്ന് പുറത്തുകടക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. ഈ സാഹചര്യം ഒരുക്കിയത് കോണ്‍ഗ്രസ് തന്നെയാണ് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. കേന്ദ്രത്തില്‍ അധികാരത്തിലെത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനാകുമായിരുന്നു. എന്നാല്‍ ലഭിച്ച സുവര്‍ണാവസരം പന്തുപോലെ അടിച്ച് എതിരാളികളുടെ കൈയ്യില്‍ സുരക്ഷിതമായി എത്തിക്കാനാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കഴിഞ്ഞത്. നേടാന്‍ കഴിഞ്ഞത് ഒരിക്കലും ചിന്തിക്കാന്‍ പോലും കഴിയാത്ത ഒരു ചെറുനമ്പരില്‍ ഒതുങ്ങിപ്പോയി എന്നതുമാത്രം. രാജ്യസ്‌നേഹം പരമപ്രധാനമായി കൊണ്ടുനടക്കുന്ന നാട്ടില്‍ ഒഴുക്കിനെതിരെ നീന്താനിറങ്ങിയതും അനുയോജ്യമല്ലാത്ത ഒരു ഘട്ടത്തില്‍ സൈന്യത്തിന്റെ പ്രത്യേകാധികാരം (അഫ്‌സ്പാ) എടുത്തുകളയുമെന്ന് പ്രഖ്യാപിച്ചതും എതിര്‍ക്കാന്‍ വേണ്ടി മാത്രം ഭരണകക്ഷിയുടെ എല്ലാ നിലപാടുകളേയും പ്രസ്താവനകളെയും പോലും വെറുതെ വിടാതിരുന്നതും പാര്‍ട്ടിക്ക് തിരിച്ചടിയായി. ഇതെല്ലാം ഉന്നത നേതാക്കള്‍ ഇടപെട്ട് നടത്തിയതാണ്. തോല്‍വിയുടെ നിറകുടം കോണ്‍ഗ്രസ് തേടിക്കണ്ടുപിടിച്ച് തലയിലേന്തി ജനമധ്യത്തില്‍ നിന്നു. അന്ന് പാര്‍ട്ടി നയങ്ങളെ വിമര്‍ശിച്ചവരില്‍ പ്രധാനികളായിരുന്നു സിന്ധ്യയും ദേവ്‌റയുമെല്ലാം. അന്ന് അവരെ തിരുത്താനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. അവരുടെ ശബ്ദത്തിന് പാര്‍ട്ടി ചെവികൊടുത്തിരുന്നെങ്കില്‍ രണ്ടക്കത്തില്‍ കണ്ണുതള്ളേണ്ട അവസ്ഥ കോണ്‍ഗ്രസിന് ഉണ്ടാവില്ലായിരുന്നു. അന്ന് പാര്‍ട്ടിയില്‍ കൂട്ടരാജിക്ക് തുടക്കമായി. ശുദ്ധീകരണത്തിന് തുടക്കം കുറിക്കണമെങ്കില്‍ അന്നാകാമായിരുന്നു. എന്നാല്‍ ഇരിക്കുന്ന കൊമ്പ് മുറിക്കാന്‍ ആസ്ഥാനത്തുള്ള മുതിര്‍ന്നവര്‍ശ്രമിക്കില്ലല്ലോ. അതിനാല്‍ പാര്‍ട്ടി ഇന്നും പഴയപടി പ്രവര്‍ത്തിക്കുന്നു. ജാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലും ഭാഗ്യം മാത്രമാണ് പാര്‍ട്ടിക്ക് കൂട്ടുണ്ടായിരുന്നത്. ഹേമന്ത്് സോറന്‍ വിജയിച്ചതുകൊണ്ട് കോണ്‍ഗ്രസ് ഏതാനും സീറ്റില്‍ ജാര്‍ഖണ്ഡില്‍ വിജയിച്ചു. സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ തന്നെ തമ്മിലടി രൂക്ഷമായതിനാല്‍ അവരുടെ മണ്ഡലങ്ങളിലും സോറനാണ് പ്രചാരണം നയിച്ചിരുന്നത് എന്ന സവിശേഷതയുമുണ്ട്. ശിവസേനയും ബിജെപിയും പിരിഞ്ഞതുകൊണ്ടുമാത്രം ലഭിച്ച ലോട്ടറിയാണ് മഹാരാഷ്ട്രയിലേത്. അതായത് പാര്‍ട്ടി മുന്നോട്ടുപോയിട്ടില്ലെന്ന് സാരം.

സിന്ധ്യയെയും പൈലറ്റിനെയും പോലുള്ള നേതാക്കള്‍ തങ്ങളുടെ രാഷ്ട്രീയ ജീവിതം സംബന്ധിച്ച് ആശങ്കപ്പെടുന്നുണ്ടെങ്കില്‍ അതിനെ കുറ്റം പറയാനാവില്ല. ഭാവിയിലെ തെരഞ്ഞെടുപ്പുകളില്‍ അവരുടെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനുപകരം അവരെ നിസാര എതിരാളികളായി പാര്‍ട്ടി കാണുകയാണ്. മധ്യപ്രദേശിലെ സിന്ധ്യ-കമല്‍ നാഥ് വൈരം അല്ലെങ്കില്‍ രാജസ്ഥാനിലെ പൈലറ്റ്-അശോക് ഗെലോട്ട് പോരാട്ടം എന്നിവ ഇന്ന് പരസ്യമാണ്, ഒരു തരത്തില്‍ ഇത് ഈ യുവതുര്‍ക്കികളെ പൂര്‍ണമായും നശിപ്പിച്ചിട്ടുണ്ട്. ജ്യോതിരാദിത്യയ്ക്കും സച്ചിനും മുഖ്യമന്ത്രിപദത്തില്‍ കണ്ണുണ്ടായിരുന്നു. ഇരുവരും അതത് ചുമതലകള്‍ അവരുടെ സംസ്ഥാനങ്ങളില്‍ ചെയ്തു. മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ ഹൈക്കമാന്‍ഡ് പഴയ നേതാക്കള്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു. പൈലറ്റിന്റെയും സിന്ധ്യയുടേയും ചുമതലകള്‍ സംസ്ഥാനങ്ങളില്‍ മാത്രമായി ചുരുക്കപ്പെട്ടു. സ്വന്തം തട്ടകത്തില്‍ പോലും രണ്ടാം നിരയിയിലേക്ക് മാറേണ്ടിവന്നവരായി. ഇരുവരും യുപിഎ കാലഘട്ടത്തില്‍ കേന്ദ്രത്തില്‍ മന്ത്രിമാരായിരുന്നു. എങ്കിലും കോണ്‍ഗ്രസിനകത്തെ പ്രശ്‌നങ്ങള്‍ ഈ നേതാക്കള്‍ക്കപ്പുറമാണ്. ഷര്‍മിഷ്ഠ മുഖര്‍ജി-പി ചിദംബരം, മിലിന്ദ് ഡിയോറ-അജയ് മാക്കെന്‍ വാഗ്വാദങ്ങളും പാര്‍ട്ടിയിലെ അസംതൃപ്തിയാണ് പുറത്തുകൊണ്ടുവരുന്നത്. ഇവയെല്ലാം പരസ്യമായി പ്രകടമാകുന്ന അന്തര്‍ലീനമായ നിരാശകളുമാണ്. ഇത് പ്രകോപനത്തിന്റെയും നിസഹായതയുടെയും ഒരു വികാരത്തെയും സൂചിപ്പിക്കുന്നു.

ഒരു പരിധിവരെ ഒരാള്‍ക്ക് കോണ്‍ഗ്രസിനെ എഴുതിത്തള്ളാന്‍ കഴിയില്ല. ഏതാണ്ട് 12 കോടി ഇന്ത്യക്കാര്‍ ഇപ്പോഴും അതിന് വോട്ട് ചെയ്യുന്നു. ഒരു പുനരുജ്ജീവിപ്പിക്കല്‍ – ഏത് രൂപത്തിലായാലും, അത് പിളര്‍ന്ന ഗ്രൂപ്പുകളായാലും അല്ലെങ്കില്‍ പുനരുജ്ജീവിപ്പിച്ച നേതൃത്വത്തിലായാലും – ഇന്ന് അനിവാര്യമാണ്. അങ്ങനെയെങ്കില്‍ സച്ചിന്‍ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയ നേതാക്കള്‍ക്ക് സമയം പാഴാക്കാനുണ്ടാവില്ല. അത് യഥാര്‍ത്ഥത്തില്‍ അവരുടെ കരിയറിലെ ഉന്നതിയിലേക്കുള്ള ഒരു പ്രസ്ഥാനമായിമാറും. രാഹുല്‍ ഗാന്ധിക്കും സഹോദരി പ്രിയങ്ക ഗാന്ധിക്കും മാത്രമാണ് കോണ്‍ഗ്രസിന്റെ കാര്യത്തില്‍ താല്‍പ്പര്യമുള്ളു എന്ന നിലപാട് മാറേണ്ടതുണ്ട്. ഇത് പാര്‍ട്ടി വളര്‍ത്താന്‍ സഹായിക്കില്ല. സംസ്ഥാന യൂണിറ്റുകളോടുള്ള അവരുടെ സമീപനം ആശയക്കുഴപ്പത്തിന്റെയും അരക്ഷിതാവസ്ഥയുടെയും പ്രതീകമാണ്. ഒഴിവാക്കേണ്ടവരെ ഒഴിവാവാക്കിത്തന്നെ പാര്‍ട്ടി മുന്നോട്ടു പോകണം. ഇവിടെ നെഹ്‌റുകുടുംബത്തിന്റെ സുഹൃത്താണെന്ന പരിഗണനയും പാടില്ല. അതോടൊപ്പം അധികാരം വികേന്ദ്രീകരിക്കുന്നതിനും തടസുമുണ്ടാവരുത്. അല്ലാത്തപക്ഷം വീണ്ടും പ്രതീക്ഷിക്കാനുണ്ടാകുന്നത് ഒരു ദുരന്തം മാത്രമായിരിക്കും.

അതേസമയം, തകര്‍ന്നുകൊണ്ടിരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷത വഹിക്കുന്നതില്‍ നെഹ്‌റു കുടുംബം തികച്ചും സംതൃപ്തരാണെന്ന് തോന്നുന്നു. എണ്ണമറ്റ ആഭ്യന്തര പ്രശ്‌നങ്ങള്‍, പരാജയത്തിന്റെ ഘോഷയാത്രകള്‍, പൂര്‍ണമായും തരംതാഴ്ത്തപ്പെട്ട രണ്ടാം നിര ഇവയാല്‍ സമൃദ്ധമാണ് ഇന്ന് കോണ്‍ഗ്രസ് .മുതിര്‍ന്നവര്‍ അധ്യക്ഷസ്ഥാനം സോണിയയിലോ രാഹുല്‍ ഗാന്ധിയിലോ നിക്ഷിപ്തമാക്കാന്‍ വേണ്ടിയാണ് എന്നും ശ്രമിക്കുന്നത്. എത്രയോ മെച്ചപ്പെട്ട നേതാക്കള്‍ കോണ്‍ഗ്രസിനുണ്ട്. മികച്ച സംഘാടകരുമുണ്ട്. എന്നാല്‍ പ്രവര്‍ത്തക സമിതിയെന്ന തലനരച്ച സമ്പ്രദായം എല്ലാഉത്തരവാദിത്തവും നെഹ്‌റു കുടുംബത്തില്‍ സമര്‍പ്പിച്ച് പ്രസാദത്തിനായി കാത്തിരിക്കുന്നു. ഈ ഏര്‍പ്പാടില്‍നിന്ന് പാര്‍ട്ടി മാറുമ്പോള്‍മാത്രമായിരിക്കും മുന്‍പോട്ടുള്ള പാത പാര്‍ട്ടിക്കുമുന്നില്‍ വ്യക്തമാകുക.

Comments

comments

Categories: Top Stories
Tags: Congress