ടിക് ടോക്കിനെ നേരിടാന്‍ ഹ്രസ്വ വീഡിയോ ആപ്പുമായി സീ5

ടിക് ടോക്കിനെ നേരിടാന്‍ ഹ്രസ്വ വീഡിയോ ആപ്പുമായി സീ5
  • ഹൈപ്പര്‍ഷോട്‌സ് എന്ന പേരില്‍ ആപ്പ് ഉടനെത്തും
  • 90 സെക്കന്റുള്ള വീഡിയോ പ്ലാറ്റ്‌ഫോം

മുംബൈ: ടിക് ടോക്കിനോട് പൊരുതാന്‍ വിപണിയില്‍ പുതിയ ഹ്രസ്വ വിഡിയോ ആപ്പ് ഉടനെത്തും. പ്രമുഖ സ്ട്രീമിംഗ് വിതരണക്കാരായ സീ5 ആണ് ടിക് ടോക്കിനെതിരെ മല്‍സരിക്കാന്‍ ഉറച്ച് പുതിയ ആപ്പ് പുറത്തിറക്കുക. ഹൈപ്പര്‍ഷോട്ട്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന ആപ്പ് ഉപഭോക്താക്കള്‍ക്ക് 90 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോ ഉള്ളടക്കം നല്‍കാന്‍ കഴിയുന്ന പ്ലാറ്റ്‌ഫോമാകും വികസിപ്പിക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്.

ഹൈപ്പര്‍ഷോര്‍ട്‌സില്‍ പരസ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കും. അധികം വൈകാതെ സബ്‌സ്‌ക്രിപ്ഷന്‍ സേവനവും ഏര്‍പ്പെടുത്തും. കൂടുതല്‍ ഉപഭോക്താക്കളെയും എക്‌സിക്യൂട്ടിവുകളെയും ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ആപ്പ് തുടങ്ങുന്നത്. മാര്‍ച്ച് 29 ഓടെ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് പുതിയ ആപ്പ് പുറത്തിറക്കാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്. ദൈര്‍ഘ്യം കൂടുതലുള്ള വീഡിയോകള്‍ കാണാന്‍ സീ5ലേക്ക് എത്തുന്ന ഉപഭോക്താക്കള്‍ ഹ്രസ്വ വീഡിയോകള്‍ കാണുന്നതിനായി മറ്റൊരു പ്ലാറ്റ്‌ഫോമിലേക്ക് ഇനി പോകേണ്ടി വരില്ലെന്ന് സീ5 ഇന്ത്യ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ തരുണ്‍ കാട്ടിയാല്‍ വ്യക്തമാക്കി. ഡിജിറ്റല്‍ ആവാസ വ്യവസ്ഥ ഉപഭോക്താക്കളെ തിരികെയെത്തിക്കാന്‍ സഹായിക്കുന്നതോടൊപ്പം അത് അവരുടെ പെട്ടെന്നുള്ള ശീലമാക്കി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ 14 ഭാഷകളില്‍ സീ5 സ്ട്രീമിംഗ് സേവനങ്ങള്‍ നല്‍കുന്നുണ്ട്. അധികം വൈകാതെ ആസാമീസ് ഭാഷയും സേവനങ്ങളില്‍ ഉള്‍പ്പെടുത്തും.

ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക് ആഗോളതലത്തില്‍ 1.5 ബില്യണ്‍ ഡൗണ്‍ലോഡുകളോടെ റെക്കോര്‍ഡ് വളരെ ഉയരത്തിലാണിപ്പോള്‍. ഇതില്‍ 30 ശതമാനവും ഇന്ത്യന്‍ ഉപഭോക്താക്കളാണ് താനും. ടിക് ടോക്കിന്റെ അതിവേഗ വളര്‍ച്ചയുള്ള വിപണിയില്‍ ഒന്നാണ് ഇന്ത്യ. കഴിഞ്ഞ വര്‍ഷം ഹോട്ട്‌സ്റ്റാര്‍ 400 ദശലക്ഷം ഡൗണ്‍ലോഡുകള്‍ പിന്നിട്ടിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ഓവര്‍ ദി ടോപ്പ് (ഒടിടി) പ്ലാറ്റ്‌ഫോമായാണ് ഹോട്ട്‌സ്റ്റാര്‍ അറിയപ്പെടുന്നത്. എന്നാല്‍ സീ എന്റര്‍ടെയ്ന്‍മെന്റ് എന്റര്‍പ്രൈസസ് ഉടമസ്ഥതയിലുള്ള സീ5 ഏറ്റവും വലിയ യഥാര്‍ത്ഥ ഡിജിറ്റല്‍ ഉള്ളടക്ക നിര്‍മാതാക്കളായാണ് അറിയപ്പെടുന്നത്.

Comments

comments

Categories: FK News
Tags: zee5

Related Articles