പഞ്ചസാര വ്യാപാരത്തിന് ബ്ലോക്ക്‌ചെയിന്‍ അധിഷ്ഠിത സംവിധാനമൊരുക്കാന്‍ ഡിഎംസിസി

പഞ്ചസാര വ്യാപാരത്തിന് ബ്ലോക്ക്‌ചെയിന്‍ അധിഷ്ഠിത സംവിധാനമൊരുക്കാന്‍ ഡിഎംസിസി

അല്‍ ഖലീജ് ഷുഗറുമായും യുണിവേഴ്‌സ ബ്ലോക്ക്‌ചെയിനുമായും കരാറില്‍ ഒപ്പുവെച്ചു

ദുബായ്: പഞ്ചസാര വ്യാപാരത്തിനായി എമിറേറ്റില്‍ അത്യാധുനിക സംവിധാനം വികസിപ്പിക്കുന്നതാനായി ദുബായ് മള്‍ട്ടി കമോഡിറ്റീസ് സെന്റര്‍ (ഡിഎംസിസി) ലോകത്തിലെ മുന്‍നിര പഞ്ചസാര കമ്പനികളിലൊന്നായ അല്‍ ഖലീജ് ഷുഗറുമായും യൂണിവേഴ്‌സ ബ്ലോക്ക്‌ചെയിനുമായും കരാറില്‍ ഒപ്പുവെച്ചു. യൂണിവേഴ്‌സ ഒരുക്കുന്ന ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യ വഴി സ്മാര്‍ട്ട് കരാറുകളിലേര്‍പ്പെട്ട് വ്യാപാരികള്‍ക്ക് അല്‍ ഖലീജിന്റെ പഞ്ചസാര വാങ്ങാനും സംഭരിക്കാനും വിപണനം ചെയ്യാനും അവസരമൊരുക്കുകയാണ് ഡിഎംസിസിയുടെ ലക്ഷ്യം.

യുഎഇ ആസ്ഥാനമായുള്ള സംഭരണകേന്ദ്രങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന ഉല്‍പ്പന്നങ്ങളിലെ അവകാശവും ഉടമസ്ഥതയും രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഡിഎംസിസിയുടെ ഓണ്‍ലൈന്‍ സംവിധാനമായ ഡിഎംസിസി ട്രേഡ്ഫ്‌ളോ ഉടമസ്ഥാവകാശം വ്യക്തമാക്കുന്നതിനുള്ള സെന്‍ട്രല്‍ രജിസ്ട്രി ആയി വര്‍ത്തിക്കും. പുതിയ കൂട്ടുകെട്ട് നിക്ഷേപകര്‍ക്കും ബിസിനസുകള്‍ക്കും അന്താരാഷ്ട്ര പഞ്ചസാര വ്യാപാര മേഖലയ്‌ക്കൊന്നാകെയും ശുഭവാര്‍ത്തയാണെന്നും ബ്ലോക്ക്‌ചെയിന്‍ സംവിധാനം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ദുബായ് മുഖേനയുള്ള പഞ്ചസാരയുടെ അന്താരാഷ്ട്ര വ്യാപാരം ഗണ്യമായി വര്‍ധിക്കുമെന്നാണ് കരുതുന്നതെന്നും ഡിഎംസിസി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഫെര്‍യല്‍ അഹമ്മദി പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര സംസ്‌കരണ കമ്പനിയാണ് അല്‍ ഖലീജ് ഷുഗര്‍. അന്താരാഷ്ട്ര വിപണിയിലേക്ക് 1.5 ദശലക്ഷം ടണ്‍ പഞ്ചസാരയാണ് കമ്പനി വിതരണം ചെയ്യുന്നത്. 1.6 ദശലക്ഷം ടണ്‍ പഞ്ചസാര വരെ പഞ്ചസാര സംഭരിക്കാന്‍ കമ്പനിക്ക് ശേഷിയുണ്ട്. ദുബായുടെ പഞ്ചസാര വ്യാപാരം ശക്തിപ്പെടുത്താന്‍ തുടര്‍ന്നും ഡിഎംസിസിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് അല്‍ ഖലീജ് ഷുഗര്‍ കമ്പനി മാനേജിംഗ് ഡയറക്ടര്‍ ജമാല്‍ അല്‍ ഖുരൈര്‍ പറഞ്ഞു.

നിലവില്‍ സുരക്ഷിതമായി പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനത്തിന്റെ കാര്യക്ഷമതയും സുതാര്യതയും വര്‍ധിപ്പിക്കുന്നതിന് ബ്ലോക്ക്‌ചെയിന് എത്തരത്തില്‍ ഉപയോഗിക്കാമെന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് പഞ്ചസാര വ്യാപാരത്തിന് വേണ്ടിയുള്ള പുതിയ സംവിധാനമെന്ന് യൂണിവേഴ്‌സ ബ്ലോക്ക്‌ചെയിന്‍ സ്ഥാപകനും സിഇഒയുമായ അലക്‌സാണ്ടര്‍ ബോറോഡിച്ച് പറഞ്ഞു.

Comments

comments

Categories: Arabia
Tags: Sugar trade

Related Articles