ശുദ്ധീകരിക്കപ്പെട്ട വാക്കുകള്‍

ശുദ്ധീകരിക്കപ്പെട്ട വാക്കുകള്‍

നിശബ്ദതയെ നിങ്ങള്‍ പ്രണയിച്ചു തുടങ്ങുമ്പോള്‍ നിങ്ങള്‍ക്ക് ചിറകുകള്‍ മുളയ്ക്കുന്നു-ഓഷോ പറയുന്നു

നിങ്ങള്‍ എപ്പോഴെങ്കിലുംനിശബ്ദതയെ സ്‌നേഹിച്ചിട്ടുണ്ടോ? മനസ്സ് പറയുന്നത് ശ്രദ്ധിക്കാറുണ്ടോ? അതോ ശബ്ദം നിറഞ്ഞ ഈ ലോകത്ത് സ്വയം നഷ്ടപ്പെട്ടവനായി സഞ്ചരിക്കുകയാണോ? ഞാന്‍ ചിലപ്പോഴൊക്കെ എന്നോട് തന്നെ ചോദിക്കാറുള്ള ചോദ്യങ്ങളാണ്.

നിശബ്ദത നിങ്ങളെ ഭയപ്പെടുത്തുന്നുണ്ട്. ശബ്ദമില്ലാത്ത അവസ്ഥ ശൂന്യതയായി നിങ്ങള്‍ക്കനുഭവപ്പെടുന്നു. ശൂന്യത മരണമാണ് എന്ന് നിങ്ങള്‍ കരുതുന്നു. അതുകൊണ്ട് ശബ്ദം ഉണ്ടാവുന്നതാണ് നിങ്ങള്‍ക്കിഷ്ടം. ശബ്ദത്തിനും നിശബ്ദതയ്ക്കും ഇടയിലെ ഇടവേളകള്‍ ഭ്രാന്തമായ ഭയത്തിലേക്ക് നിങ്ങളെ തള്ളിവിടുന്നു.

നിശബ്ദതയെ സ്‌നേഹിക്കുക എന്ന് പറയുമ്പോള്‍ അത് നിങ്ങളില്‍ ഭയം നിറയ്ക്കുന്നു. നിശബ്ദതയില്‍ നിന്നും രക്ഷ നേടുവാന്‍ നിങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഉറങ്ങുമ്പോഴുള്ള നിശബ്ദതയെ നിങ്ങള്‍ സ്‌നേഹിക്കുന്നു. ഉറക്കത്തിന്റെറ നിശബ്ദതയെ ഇഷ്ടപ്പെടുമ്പോഴും മരണത്തിന്റെ് നിശബ്ദതയെ നിങ്ങള്‍ ഭയക്കുന്നു.

നിശബ്ദതയില്‍ നിങ്ങള്‍ക്ക് ദൈവത്തോട് സംസാരിക്കാം. ശ്രമിച്ചു നോക്കിയിട്ടുണ്ടോ? ദൈവവും ഭ്രാന്തനാണ്. അല്ലെങ്കില്‍ അയാളും നിശബ്ദതയെ സ്‌നേഹിക്കുമോ? ചുറ്റും ശബ്ദം നിറഞ്ഞു നില്‍ക്കുമ്പോള്‍ ദൈവത്തോട് സംസാരിക്കുക എളുപ്പമല്ല. നിശബ്ദതയില്‍ മാത്രമേ അയാള്‍ നിങ്ങളെ ശ്രദ്ധിക്കുന്നുള്ളൂ. ഇതെന്തൊരു കഷ്ടമാണ്. നിങ്ങള്‍ ശബ്ദമുയര്‍ത്തിയാലെ ചുറ്റുമുള്ള മനുഷ്യര്‍ നിങ്ങളെ ശ്രദ്ധിക്കുകയുള്ളൂ. എന്നാലോ നിങ്ങള്‍ നിശബ്ദരായാലെ ദൈവം നിങ്ങളെ ശ്രദ്ധിച്ചു തുടങ്ങുകയുള്ളൂ.

ദൈവത്തോട് സംസാരിക്കുമ്പോള്‍ വാക്കുകള്‍ക്ക് വിശുദ്ധതയുണ്ട്. ഓരോ വാക്കും ശുദ്ധീകരിക്കപ്പെട്ടതാകുന്നു. ദൈവത്തേയും നിങ്ങള്‍ ഭയപ്പെടുന്നു. ശുദ്ധിയില്ലാത്ത വാക്കുകള്‍ ദൈവത്തിന് പ്രിയപ്പെട്ടതല്ല എന്ന് നിങ്ങള്‍ എപ്പോഴേ തിരിച്ചറിഞ്ഞു കഴിഞ്ഞു. വാക്കുകളില്‍ ശുദ്ധിയില്ലെങ്കില്‍ ദൈവത്തിനു ദേഷ്യം വരും. മനുഷ്യനോട് സംസാരിക്കുന്നത് പോലെ ദൈവത്തോട് സംസാരിക്കുവാന്‍ പാടില്ല. അവിടെ നിങ്ങള്‍ വിശുദ്ധരായി മാറുന്നു.

നിശബ്ദതയുടെ കടലില്‍ ദൈവത്തിന് നിങ്ങളുടെ വാക്കുകള്‍ കേള്‍ക്കാം. ദൈവവും നിങ്ങളോട് സംസാരിച്ചു തുടങ്ങുന്നു. ദൈവത്തോട് നിങ്ങള്‍ക്ക് ദേഷ്യപ്പെടാം. അത് നിശബ്ദതയുടെ സംഗീതം പോലെയേ ദൈവത്തിന് അനുഭവപ്പെടുകയുള്ളൂ. ദൈവത്തോട് കയര്‍ക്കുവാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ട്. നിശബ്ദതയിലേ ആ സ്വാതന്ത്ര്യം അനുവദിക്കപ്പെടുന്നുള്ളൂ.

ഇവിടെ നിങ്ങള്‍ ഒരു ഉന്മാദത്തിന്റെ ലോകത്താണ്. നിശബ്ദതസൃഷ്ട്ടിക്കുന്ന ഉന്മാദം. മറ്റൊന്നിനും ഇത്ര തീക്ഷ്്്ണമായ ഉന്മാദം നല്കുക അസാധ്യം. ദൈവത്തോട് സംവേദിക്കുമ്പോള്‍ നിങ്ങള്‍ മറ്റൊരാളാണ്. അവിടെ നിങ്ങള്‍ക്ക് പ്രായമില്ല. ഉന്മാദത്തിന് എന്ത് പ്രായം? നിശബ്ദതയില്‍ ദൈവം നിങ്ങളെത്തേടി എത്തുകയാണ്. നിങ്ങള്‍ ദൈവത്തെത്തേടിഅലയേണ്ടതില്ല. ശബ്ദമില്ലാത്ത ഇടങ്ങള്‍ ദൈവത്തിന് പ്രിയപ്പെട്ടതാകുന്നതെങ്ങിനെ?

നിശബ്ദതയിലും നിങ്ങള്‍ സംസാരിക്കുകയാണ്, സ്വന്തം മനസ്സിനോടും ദൈവത്തോടും. ദൈവം നിങ്ങളുടെ ചോദ്യങ്ങള്‍, പരിവേദനങ്ങള്‍, ആഗ്രഹങ്ങള്‍ എല്ലാം നിശബ്ദമായി കേള്‍ക്കുന്നു. ദൈവത്തിന്റെ ഉത്തരങ്ങള്‍ നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ? സംശയമാണ്. നിശബ്ദതയിലും മനസ്സ് ശബ്ദമാനമാണ്. അവിടെ മറുപടികള്‍ കേള്‍ക്കു ക അസാധ്യമാണ്.

നിശബ്ദതയുടെ ആഴം കൂടുംതോറും ദൈവത്തിന്റെ ശബ്ദം കൂടുതല്‍ തെളിഞ്ഞു വരും. അത് മറ്റ് ശബ്ദങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. അത് നിങ്ങള്‍ക്ക് പെട്ടെന്ന് തിരിച്ചറിയുവാന്‍ സാധിക്കും. ദൈവം എവിടെയിരുന്നാണ് നിങ്ങളോട് സംസാരിക്കുന്നത്. നിങ്ങള്‍ക്ക് കേള്‍ക്കാവുന്ന അകലത്തില്‍ തൊട്ടടുത്തു നിന്നാണ് ദൈവം നിങ്ങളോട് സംവേദിക്കുന്നത്. കൈതൊടാവുന്ന അകലത്തില്‍ ദൈവമുണ്ട്. ഉന്മാദത്തില്‍ ആ അകലം നാം മറക്കുന്നു. അകലെ നിന്ന് ഒഴുകി വരുന്ന വാല്‍നക്ഷത്രങ്ങള്‍ പോലെ ദൈവത്തിന്റെ ശബ്ദം നിങ്ങളെ പൊതിയുന്നു. നിശബ്ദതയില്‍ നിന്നും ആനന്ദത്തിന്റെ സുഗന്ധമുള്ള റോസാപുഷ്പ്പങ്ങള്‍ വിരിഞ്ഞുവരുന്നു. നിങ്ങള്‍ക്ക്് ഒരു പക്ഷിയെപ്പോലെ ചിറകുകള്‍ മുളക്കുന്നു.

നിങ്ങളുടെ നിശബ്ദത നശിപ്പിക്കുവാനാണ് ദൈവം കടന്നു വരുന്നത്. നിങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കുകയാണ്. ഒന്നുകില്‍ ചുറ്റുമുള്ളവരോട് അല്ലെങ്കില്‍ തന്നോട് തന്നെ അതുമല്ലെങ്കില്‍ ദൈവത്തോട്. ഇതെന്തുകഷ്ട്ടമാണ്. നിശബ്ദത കണ്ടെത്തുക വിഷമകരം തന്നെയാണ്. നിശബ്ദത തേടി എവിടെയെത്തിയാലും നിങ്ങളോട് സംസാരിക്കുവാന്‍ ഇവരിലാരെങ്കിലും എത്തും.

ഏകാന്തതയില്‍ നിശബ്ദതയും നിശബ്ദതയില്‍ ഏകാന്തതയും ഉണ്ടാവണമെന്നില്ല. ഇതും സംഭ്രമം ജനിപ്പിക്കുന്നതാണ്. ഏകാന്തത വേണോ നിശബ്ദത വേണോ എന്ന് തിരിച്ചറിയുവാന്‍ പോലും നിങ്ങള്‍ക്ക് കഴിയുന്നില്ല. ഏകാന്തതയിലെ നിശബ്ദതയും നിശബ്ദതയിലെ ഏകാന്തതയും ഭയപ്പെടുത്തുന്ന ഒന്നാണ്. ദൈവവും ചിന്താക്കുഴപ്പത്തിലാണ്. ഏകാന്തതയില്‍ നിങ്ങളുടെ അടുത്തെത്തണോ? അതോ നിശബ്ദതയില്‍ നിങ്ങളുടെ അടുത്തെത്തണോ?

അടച്ചിട്ട മുറിയില്‍ പകലും രാത്രിയും തിരിച്ചറിയപ്പെടുന്നില്ല. ശബ്ദവും നിശബ്ദതയും ഇതുപോലെ തന്നെയാണ്. അടച്ചിട്ട മനസ്സ് രണ്ടിനേയും തിരിച്ചറിയുന്നില്ല. തിരിച്ചറിഞ്ഞു തുടങ്ങുന്ന നിമിഷം നിങ്ങള്‍ നിശബ്ദതയെ കണ്ടെത്തും. ദൈവം നിങ്ങളുടെ അടുത്തെത്തും. നിങ്ങള്‍ക്കൊപ്പമിരുന്നു സംസാരിക്കും. വാക്കുകള്‍ വിശുദ്ധതയെ പ്രാപിക്കും. നിങ്ങളും ദൈവവും അപ്പോള്‍ സംസാരിക്കുന്നത് ഒരേ ഭാഷയായിരിക്കും. വിശുദ്ധമാക്കപ്പെട്ട വാക്കുകള്‍ പക്ഷികളെപ്പോലെ ആകാശത്തേക്ക് പറന്നുയരും.

നിങ്ങള്‍ ഉന്മാദത്തിലേക്ക് എടുത്തെറിയപ്പെടും.

Categories: FK Special, Slider