നിലപാടുകളിലുറച്ച് സൗദിയും ഇറാനും; എങ്ങുമെത്താതെ മധ്യസ്ഥ ചര്‍ച്ചകള്‍

നിലപാടുകളിലുറച്ച് സൗദിയും ഇറാനും; എങ്ങുമെത്താതെ മധ്യസ്ഥ ചര്‍ച്ചകള്‍

അമേരിക്കന്‍ തെരഞ്ഞെടുപ്പിന് മുമ്പ് പ്രശ്‌നപരിഹാരം സാധ്യമാകുമെന്ന് കരുതുന്നില്ലെന്ന് ഒമാന്‍

പ്രശ്‌നപരിഹാരത്തിന് സൗദിക്ക് താല്‍പ്പര്യമില്ല, അവര്‍ അമേരിക്കന്‍ തന്ത്രങ്ങള്‍ക്ക് അടിമപ്പെട്ടു

– ഇറാന്‍ വിദേശകാര്യമന്ത്രി

മ്യൂണിച്ച്: പരസ്പരമുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് വ്യക്തമാക്കി സൗദി അറേബ്യയും ഇറാനും. കഴിഞ്ഞ ദിവസം നടന്ന മ്യൂണിച്ച് സെക്യൂരിറ്റി കോണ്‍ഫറന്‍സിലാണ് മുന്‍നിലപാടുകളില്‍ അണുവിട വ്യതിചലിക്കാതെ സൗദിയും ഇറാനും പരസ്പരം പഴിചാരല്‍ നടത്തിയത്. ഇതോടെ നവംബറിലെ അമേരിക്കന്‍ തെരഞ്ഞെടുപ്പിന് മുമ്പ് പശ്ചിമേഷ്യയിലെ ബദ്ധവൈരികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള പ്രാദേശിക ഇടനിലക്കാരായ ഒമാന്റെ ശ്രമം വിഫലമായി.

ഇറാഖില്‍ അമേരിക്ക നടത്തിയ ആക്രമണത്തില്‍ ഇറാന്‍ സൈനിക ജനറല്‍ ഖാസിം സുലൈമാനി മരണപ്പെട്ടതിന് ശേഷം കൂടുതല്‍ സംഘര്‍ഷാത്മകമായ സാഹചര്യങ്ങളിലൂടെയാണ് ഗള്‍ഫ് മേഖല കടന്നുപോകുന്നത്. അതേസമയം ഇരു വിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ വലിയൊരു യുദ്ധത്തിലേക്ക് വഴിമാറാനുള്ള സാധ്യതകള്‍ ഒഴിവാക്കാനുള്ള പരിശ്രമത്തിലാണ് അറബ്, യൂറോപ്യന്‍രാജ്യങ്ങള്‍. ഗള്‍ഫിലെ പ്രശ്‌നങ്ങള്‍ക്ക് അയവ് വരുത്തുകയെന്ന ലക്ഷ്യത്തോടെ മ്യൂണിച്ച് സെക്യൂരിറ്റി കോണ്‍ഫറന്‍സിന്റെ ഭാഗമായി ശനിയാഴ്ച നടന്ന പ്രത്യേക യോഗത്തില്‍ ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് സരീഫും സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദും പങ്കെടുത്തു. എന്നാല്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറല്ലെന്ന ഉറച്ച നിലപാടിലായിരുന്നു ഇരുവരും.

താനുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കുന്നതിനായി മുന്‍നിശ്ചയിച്ച സമയക്രമത്തില്‍ മാറ്റം വരുത്താന്‍ സൗദിമന്ത്രി സംഘാടകരോട് ആവശ്യപ്പെട്ടതായി ജവാദ് സരീഫ് യോഗത്തില്‍ ആരോപണമുന്നയിച്ചു. തങ്ങളുടെ അയല്‍ക്കാര്‍ക്ക്, പ്രത്യേകിച്ച് സൗദി അറേബ്യയ്ക്ക് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നതിനോട് താല്‍പ്പര്യമില്ലെന്നും ടെഹ്‌റാനെതിരെ പരമാവധി സമ്മര്‍ദ്ദം ഏര്‍പ്പെടുത്തുകയെന്ന അമേരിക്കന്‍ തന്ത്രത്തിന് റിയാദ് പൂര്‍ണമായും വിധേയപ്പെട്ടുവെന്നുമാണ് താന്‍ കരുതുന്നതെന്നും സരീഫ് ആരോപിച്ചു. സുലെയ്മാനിയുടെ കൊലപാതകത്തിന് ശേഷം സൗദി ഇറാനുമായി ബന്ധപ്പെട്ടിരുന്നെങ്കിലും തങ്ങള്‍ പ്രതികരിക്കുമ്പോഴേക്കും അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി അവര്‍ സംഭാഷണം അവസാനിപ്പിച്ചിരുന്നെന്നും സരീഫ് പറഞ്ഞു.

ഇറാനുമായി സ്വകാര്യമായോ നേരിട്ടോ യാതൊരുവിധ സന്ദേശക്കൈമാറ്റങ്ങളും സൗദി നടത്തിയിട്ടില്ലെന്ന് പ്രിന്‍സ് ഫൈസല്‍ വ്യക്തമാക്കി. സെപ്റ്റംബറില്‍ നടന്ന അരാംകോ ആക്രമണം ഉള്‍പ്പടെ രാജ്യത്ത് നടന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാനായതിനാല്‍ പ്രശ്‌നപരിഹാരത്തിനായി പന്ത് അവരുടെ കോര്‍ട്ടിലാണെന്നും പ്രിന്‍സ് ഫൈസല്‍ പറഞ്ഞു. പരസ്പരമുള്ള ചര്‍ച്ചകള്‍ക്ക് മുമ്പായി ഇറാന്‍ അവരുടെ സ്വഭാവത്തില്‍ മാറ്റം വരുത്തണമെന്നതാണ് സൗദിക്ക് പറയാനുള്ളതെന്നും ഫൈസല്‍ കൂട്ടിച്ചേര്‍ത്തു.’അസ്ഥിരതയുടെ യഥാര്‍ത്ഥ ഉറവിടത്തെ കുറിച്ച് സംസാരിക്കാത്തിടത്തോളം ചര്‍ച്ചകള്‍ ഫലവത്താകുകയില്ല’ ഫൈസല്‍ പറഞ്ഞു.

ചര്‍ച്ചകളില്‍ യാതൊരു പുരോഗതിയും ഉണ്ടായില്ലെന്നും ആറുമാസത്തിനുള്ളില്‍ പ്രശ്‌നപരിഹാരം ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നില്ലെന്നും ടെഹ്‌റാനും വാഷിംഗ്ടണ്ണിനുമിടയില്‍ മധ്യസ്ഥശ്രമങ്ങള്‍ നടത്തുന്ന ഒമാനിലെ വിദേശകാര്യമന്ത്രി യൂസഫ് ബിന്‍ അലവി ബിന്‍ അബ്ദുള്ള പറഞ്ഞു.

Comments

comments

Categories: Arabia
Tags: Saudi-Iran

Related Articles