പ്രീമിയം സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ 75.6% വിഹിതവുമായി ആപ്പിള്‍

പ്രീമിയം സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ 75.6% വിഹിതവുമായി ആപ്പിള്‍

വെയറബ്ള്‍ ഡിവൈസുകളുടെ വിപണിയിലും വലിയ നേട്ടമാണ് ആപ്പിള്‍ കൈവരിക്കുന്നത്

ന്യൂഡെല്‍ഹി: 2019 നാലാം പാദത്തില്‍ ഇന്ത്യയിലെ പ്രീമിയം സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ യുഎസ് ടെക് ഭീമന്‍ ആപ്പിള്‍ 75.6 ശതമാനത്തിന്റെ റെക്കോര്‍ഡ് വിപണി വിഹിതം സ്വന്തമാക്കി. ഐഫോണ്‍ 11 ന്റെ മികച്ച പ്രകടനവും മുന്‍ പ്രീമിയം മോഡലുകളുടെ വിലകുറച്ചതുമാണ് ഈ മുന്നേറ്റത്തിന് ഇടയാക്കിയത്.

ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്റെ (ഐഡിസി) കണക്കനുസരിച്ച്, 500 ഡോളര്‍ അല്ലെങ്കില്‍ 36,000 രൂപയ്ക്ക് മുകളിലുള്ള വിഭാഗത്തിലെ സ്മാര്‍ട്ട് ഫോണുകളെയാണ് പ്രീമിയം വിഭാഗത്തില്‍ കണക്കാക്കുന്നത്.

‘2019 ന്റെ ആദ്യ പകുതി ആപ്പിളിന്റെ വളര്‍ച്ച താരതമ്യേന മന്ദഗതിയിലായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ വളര്‍ച്ചയ്ക്ക് വേഗം കണ്ടെത്താന്‍ കഴിഞ്ഞു. മുന്‍തലമുറ ഐഫോണ്‍ മോഡലുകളുടെ (ഐഫോണ്‍ എക്‌സ്ആര്‍, 7, 8) വിലക്കുറവിന്റെ പശ്ചാത്തലത്തിലാണ് ഇത് സംഭവിച്ചത്. ക്യാഷ്ബാക്ക്, ഇഎംഐ പോലുള്ള പദ്ധതികള്‍ക്കൊപ്പം ഉത്സവ സീസണുകളില്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെ നടന്ന വില്‍പ്പനയും ഈ വളര്‍ച്ചയ്ക്ക് കാരണമായി,’ ഐഡിസി ഇന്ത്യ റിസര്‍ച്ച് ഡയറക്റ്റര്‍ നവകേന്ദര്‍ സിംഗ് പറയുന്നു.

ഐഫോണ്‍ 11 താരതമ്യേന പരിമിതമായ വിലയില്‍ എത്തിയതും മികച്ച നേട്ടം സമ്മാനിച്ചു. വിവിധ ഉല്‍സവ കാല വില്‍പ്പനകള്‍ ഉണ്ടായ ഒകേ്റ്റാബര്‍- ഡിസംബര്‍ കാലയളവില്‍ ഐഫോണുകളുടെ വില്‍പ്പനയില്‍ ഇരട്ടയപ്പ വളര്‍ച്ച ഇന്ത്യയില്‍ നേടാന്‍ കഴിഞ്ഞതായി കമ്പനിയുടെ സിഇഒ ടിം കുക്ക് കഴിഞ്ഞ മാസം അവസാനം പ്രഖ്യാപിച്ചിരുന്നു. വെയറബ്ള്‍ ഡിവൈസുകളുടെ വിഭാഗത്തിലും ഇന്ത്യയില്‍ ആപ്പിള്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തി.

‘ആപ്പിള്‍ വാച്ചിനും എയര്‍പോഡുകള്‍ക്കും ഇന്ത്യന്‍ ഉപഭോക്താക്കളില്‍ നിന്ന് നല്ല സ്വീകാര്യതയാണ് ലഭിച്ചത്. ആപ്പിള്‍ വാച്ച് സീരീസ് 3 ലെ വിലക്കുറവും ആപ്പിള്‍ വാച്ച് സീരീസ് 5 ല്‍ ബാങ്കുകളും ഇ-ടെയ്‌ലര്‍ ചാനലുകള്‍ വാഗ്ദാനം ചെയ്യുന്ന പ്രമോഷണല്‍ ഡിസ്‌കൗണ്ടുകളും മികച്ച വില്‍പ്പനയ്ക്ക് ഇടയാക്കി,’ സിംഗ് അറിയിച്ചു. ഐപാഡ് 2018 മോഡലും 2019 ല്‍ ഇന്ത്യയില്‍ ശക്തമായ വളര്‍ച്ച രേഖപ്പെടുത്താന്‍ ആപ്പിളിനെ സഹായിച്ചു.

Comments

comments

Categories: Tech
Tags: Apple