ഇന്ത്യയുടെ വളര്‍ച്ചാ നിഗമനം 5.4% ആയി മൂഡിസ് വെട്ടിക്കുറച്ചു

ഇന്ത്യയുടെ വളര്‍ച്ചാ നിഗമനം 5.4% ആയി മൂഡിസ് വെട്ടിക്കുറച്ചു

വീണ്ടെടുക്കലിന് നടപ്പു പാദത്തില്‍ തുടക്കമായേക്കാമെന്നും എന്നാല്‍ അത് മന്ദഗതിയിലായിരിക്കുമെന്നും റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: 202ലെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ച സംബന്ധിച്ച നിഗമനം മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ് 5.4 ശതമാനമായി കുറച്ചു. ഈ വര്‍ഷം ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6.6 ശതമാനമാകുമെന്നായിരുന്നു നേരത്തെ മൂഡിസിന്റെ പ്രവചിചനം. 2021 ലെ ജിഡിപി വളര്‍ച്ച സംബന്ധിച്ച നിഗമനം മുന്‍പ് കണക്കാക്കിയിരുന്ന 6.7 ശതമാനത്തില്‍ നിന്ന് 5.8 ശതമാനമായി മൂഡീസ് കുറച്ചിട്ടുണ്ട്.

കൊറോണ വൈറസ് വ്യാപനത്തിന്റെ ഫലമായി ആഗോള സമ്പദ്‌വ്യവസ്ഥയില്‍ ഉടലെടുത്ത വെല്ലുവിളികള്‍ ഇന്ത്യയുടെ വീണ്ടെടുക്കലിനെയും ബാധിക്കുമെന്നാണ് മൂഡീസ് വിലയിരുത്തുന്നത്. ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് ഉണ്ടാകുന്ന ഏതു തിരിച്ചുവരവും മുമ്പ് പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ മന്ദഗതിയില്‍ ആയിരിക്കുമെന്നും മൂഡിസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

2020ല്‍ ജി 20 രാഷ്ട്രങ്ങളുടെ സമ്പദ്‌വ്യവസ്ഥ മൊത്തമായി 2.4 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്ക് പ്രകടമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2020 ല്‍ ചൈനയുടെ ജിഡിപി വളര്‍ച്ച 5.2 ശതമാനമായി കുറയുമെന്നും കമ്പനി പ്രവചിക്കുന്നു. 2021 ല്‍ 5.7 ശതമാനം വളര്‍ച്ച ചൈനക്കുണ്ടാകുമെന്നാണ് നിഗമനം. കൊറോണ വൈറസ് പകര്‍ച്ചവ്യാധി സംബന്ധിച്ച ഭയം ചൈനയിലെ വാണിജ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും മൂഡിസ് നിരീക്ഷിക്കുന്നു.യുഎസ്-ചൈന വ്യാപാര യുദ്ധങ്ങള്‍ക്ക് ശേഷമുണ്ടായ ഉടമ്പടിയുടെ ഫലമായി ആഗോള വളര്‍ച്ച സുസ്ഥിരകയിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷകള്‍ക്ക് കൊറോണ വൈറസ് താല്‍ക്കാലികമായെങ്കിലും മങ്ങലുണ്ടാക്കിയിട്ടുണ്ടെന്നാണ് മൂഡിസ് കണക്കാക്കുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ വേഗം അതിവേഗം ഇടിയുന്നതാണ് കണ്ടത്. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 4.5 ശതമാനം യഥാര്‍ത്ഥ ജിഡിപി വളര്‍ച്ചയാണ് ഇന്ത്യയില്‍ ഉണ്ടായതെന്നും മൂഡിസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക പ്രവര്‍ത്തനങ്ങളിലെ വീണ്ടെടുക്കലിന് നടപ്പു പാദത്തില്‍ തുടക്കമായേക്കാമെന്നും എന്നാല്‍ അത് മന്ദഗതിയിലായിരിക്കുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

കഴിഞ്ഞ വര്‍ഷത്തില്‍ ഉടനീളം ഇന്ത്യയിലെ വായ്പാ സാഹചര്യം ദുര്‍ബലമായിരുന്നു എന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ബാങ്കുകളില്‍ നിന്നുമുള്ള വായ്പാ വിതരണത്തില്‍ ഇത് പ്രകടമാണ്. ആഭ്യന്തര ഉപഭോഗത്തെ ദുര്‍ബലാവസ്ഥയില്‍ എത്തിക്കുന്നതില്‍ ഇതിന് വലിയ പങ്കുണ്ടെന്നാണ് മൂഡിസ് നിരീക്ഷിക്കുന്നത്. ആര്‍ബി ഐ വായ്പാ നിരക്കുകള്‍ കുറയ്ക്കുമ്പോഴും അതിന്റെ ആനുകൂല്യം അതേ അളവില്‍ ഉപഭോക്താക്കളിലേക്കെത്തിക്കുന്നതിനോ സുഗമമായ വായ്പാ ലഭ്യതയ്‌ക്കോ ബാങ്കുകള്‍ തയാറാകുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

Comments

comments

Categories: Business & Economy
Tags: Moody's