ജപ്പാനില്‍ 5 വര്‍ഷത്തിനിടയിലെ വലിയ സാമ്പത്തിക ഇടിവ്

ജപ്പാനില്‍ 5 വര്‍ഷത്തിനിടയിലെ വലിയ സാമ്പത്തിക ഇടിവ്

ടോക്കിയോ: ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ജപ്പാന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം അഞ്ചുവര്‍ഷത്തിനിടെയുള്ള ഏറ്റവും മോശം ഇടിവാണ് കഴിഞ്ഞ പാദത്തില്‍ രേഖപ്പെടുത്തിയതെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്. നികുതി വര്‍ദ്ധനയും മാരകമായ ചുഴലിക്കാറ്റുമാണ് കഴിഞ്ഞ പാദത്തില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുള്ളത്. ഡിസംബര്‍ വരെയുള്ള മൂന്ന് മാസ കാലയളവില്‍ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം മുന്‍ പാദത്തേക്കാള്‍ 1.6 ശതമാനം കുറഞ്ഞു.

ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധ ജപ്പാനില്‍ എത്തുന്നതിനും മുമ്പാണ് ഈ ഇടിവ് എന്നത് ശ്രദ്ധേയമാണ്. ഉപഭോഗനികുതി എട്ട് ശതമാനത്തില്‍ നിന്ന് 10 ശതമാനമായി ഉയര്‍ന്നതും വ്യാപകമായ വെള്ളപ്പൊക്കത്തിനും നൂറോളം പേരുടെ മരണത്തിനും ഇടയാക്കിയ ചുഴലിക്കാറ്റും ഇതില്‍ പ്രധാന പങ്കുവഹിച്ചു. ഒരു ശതമാനം വരെയുള്ള ജിഡിപി ഇടിവ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തിയിരുന്നു എങ്കിലും അതിനുമപ്പുറമാണ് രാജ്യത്തെ സാമ്പത്തിക രംഗം നേരിടുന്ന വെല്ലുവിളി എന്ന് വ്യക്തമാക്കുന്നതാണ് ഔദ്യോഗികമായി പുറത്തുവന്ന റിപ്പോര്‍ട്ട്. 2014ന്റെ രണ്ടാം പാദത്തില്‍ രേഖപ്പെടുത്തിയ 1.9 ശതമാനം ഇടിവിനു ശേഷമുള്ള ഏറ്റവും മോശം തലമാണിത്.

Comments

comments

Categories: FK News