ജിഎസ്റ്റി പിരിവ് സാധ്യമായതിലും കുറവെന്ന് ഐഎംഎഫ്

ജിഎസ്റ്റി പിരിവ് സാധ്യമായതിലും കുറവെന്ന് ഐഎംഎഫ്

നികുതി സ്ലാബുകളുടെ ബാഹുല്യവും നികുതി ഒഴിവാക്കലുകളും നടപ്പാക്കലിലെ വൈഷമ്യവും തിരിച്ചടിയായി

ന്യൂഡെല്‍ഹി: ജിഎസ്റ്റി നികുതി ഇനത്തിലുള്ള ഇന്ത്യയുടെ വരുമാനം, സമാഹരിക്കാന്‍ സാധ്യമായ അളവിലും താഴെയാണെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). പലതരം നിരക്കുകളും ഒഴിവാക്കലുകളും ജിഎസ്റ്റി നടപ്പാക്കുന്നതില്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികളുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. 2018-19 വര്‍ഷത്തെ ജിഎസ്റ്റി പിരിവ് ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 5.8% ആയിരുന്നു എന്നാണ് അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ഇന്ത്യയുടെ വിഭവ ഉപയോഗ ശേഷിയെക്കുറിച്ചുള്ള ഐഎംഎഫ് പഠനത്തില്‍ പറയുന്നത്. എന്നാല്‍ ജിഡിപിയുടെ 8.2% ഈ ഇനത്തില്‍ സമാഹരിക്കാനുള്ള ശേഷി രാജ്യത്തിനുണ്ടെന്ന്് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഈ കണക്കുകള്‍ മറ്റു പല വികസ്വര രാജ്യങ്ങളെക്കാള്‍ മെച്ചപ്പെട്ടതാണെങ്കിലും, ജിഎസ്റ്റിയിലൂടെ കൈവരിക്കേണ്ട മികവിലേക്ക് ഇന്ത്യക്ക് എത്താനായിട്ടില്ല. 40 ശതമാനത്തിന്റെ കുറവാണ്് ദൃശ്യമാവുന്നത്് എന്നാണ് റൂഡ് ഡി മൂയിജ്, അര്‍ബിന്ദ് മോദി, ലി ലിയു, ദിനാര്‍ പ്രിഹാര്‍ദിനി, യുവാന്‍ കാര്‍ലോസ് ബെനിറ്റെസ് എന്നിവര്‍ അടങ്ങുന്ന ഐഎംഎഫ് സംഘം വ്യക്തമാക്കുന്നത്. ഭക്ഷ്യ വസ്തുക്കളെ നികുതിയില്‍ നിന്ന് ഒഴിവാക്കുന്നതിന് പകരം നേരിട്ടുള്ള സബ്‌സിഡി വിതരണം വഴി പ്രശ്‌നം പരിഹരിക്കണമെന്നാണ് സംഘടന പറയുന്നത്.

ജിഎസ്റ്റി സംവിധാനത്തില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ബിസിനസുകളുടെ വരുമാന പരിധിയും അനേകം നിരക്കുകളും തടസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. മിക്ക രാജ്യങ്ങളിലും, ഒന്നോ രണ്ടോ നിരക്കുകള്‍ മാത്രമേ, വസ്തു സേവന നികുതികള്‍ക്കുള്ളൂ. ഇ ഫയലിംഗിലെ സങ്കീര്‍ണതകളും, ഇന്‍വോയിസുകള്‍ താരതമ്യം ചെയ്യുന്നതില്‍ വ്യാപാരികള്‍ക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളും ജിഎസ്റ്റിയെ ബാധിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

Comments

comments

Categories: Business & Economy
Tags: GST, IMF