ഗള്‍ഫ്ഫുഡ് 2020 ദുബായില്‍ ആരംഭിച്ചു; എഫ് ആന്‍ഡ് ബി മേഖലയെ കാത്തിരിക്കുന്നത് വമ്പന്‍ അവസരങ്ങള്‍

ഗള്‍ഫ്ഫുഡ് 2020 ദുബായില്‍ ആരംഭിച്ചു; എഫ് ആന്‍ഡ് ബി മേഖലയെ കാത്തിരിക്കുന്നത് വമ്പന്‍ അവസരങ്ങള്‍

ഫെബ്രുവരി 20ന് മേള അവസാനിക്കും

ദുബായ്: ‘റീതിങ്കിംഗ് ഫുഡ്’ എന്ന മുദ്രാവാക്യവുമായി ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യമേളകളിലൊന്നായ ഗള്‍ഫ്ഫുഡിന്റെ 25ാം പതിപ്പിന് ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ തുടക്കമായി. ആഗോള എഫ് ആന്‍ഡ് ബി (ഭക്ഷണ പാനീയ ) മേഖല വലിയ കണ്ടുപിടിത്തങ്ങള്‍ക്കും പരിണാമങ്ങള്‍ക്കും വേദിയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിവിധ മേഖലകളിലുള്ള ഫുഡ് ബിസിനസുകള്‍ക്ക് അവരുടെ പുതിയ കണ്ടെത്തലുകള്‍ അവതരിപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ച വേദിയാണ് ഗള്‍ഫ്ഫുഡ് 2020.

ആറ് വന്‍കരകളിലെ 140 രാജ്യങ്ങളിലായി അയ്യായിരത്തോളം പ്രദര്‍ശകരാണ് ഇത്തവണത്തെ ഗള്‍ഫ്ഫുഡില്‍ അണിനിരക്കുന്നത്. അന്താരാഷ്ട്ര ഭക്ഷ്യവ്യവസായ മേഖലയില്‍ നിര്‍ണായക സ്ഥാനമുള്ള യുഎഇയില്‍ എല്ലാ വര്‍ഷവും നടത്തപ്പെടുന്ന ഈ ഭക്ഷ്യോത്സവത്തിന്റെ രജതജൂബിലി അടയാളപ്പെടുത്തുന്ന വര്‍ഷമെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. അഞ്ച് ദിവസങ്ങളിലായി നടത്തപ്പെടുന്ന ഈ മേളയില്‍ എഫ് ആന്‍ ബി മേഖലയില്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധനേടിയ വ്യക്തികളും പ്രാദേശിക, അന്തര്‍ദേശീയ  നിക്ഷേപകരും പങ്കെടുക്കും.

ഗള്‍ഫ്ഫുഡ് 2020ന് മുമ്പായി പരിപാടിയുടെ നോളജ് പാര്‍ട്ണറായ യൂറോമോണിറ്റര്‍ ഇന്റെര്‍നാഷണല്‍ പുറത്തുവിട്ട ‘ഗള്‍ഫ് ഫുഡ് ഗ്ലോബല്‍ ഇന്‍ഡസ്ട്രി ഔട്ട്‌ലുക്ക്’ അന്തരാഷ്ട്ര എഫ് ആന്‍ഡ് ബി മേഖലയുടെ വളര്‍ച്ചസാധ്യതകള്‍ മുന്നോട്ടുവെക്കുന്നു . നിലവില്‍ 130 ബില്യണ്‍ ഡോളറിന്റെ ബിസിനസ് നടക്കുന്ന ജിസിസിയിലെ എഫ് ആന്‍ഡ് ബി മേഖല പ്രതിവര്‍ഷം 7.1 ശതമാനം വളര്‍ച്ചാനിരക്കുമായി 2021ഓടെ 196 ബില്യണ്‍ ഡോളര്‍ വലുപ്പത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മാത്രമല്ല, 2023ഓടെ പശ്ചിമേഷ്യ,വടക്കന്‍ ആഫ്രിക്ക മേഖലയിലെ ഭൂരിഭാഗം എഫ് ആന്‍ഡ് ബി വിഭാഗങ്ങളിലും ആഗോള ശരാശരിക്കും മുകളിലുള്ള സംയുക്ത വാര്‍ഷിക വളര്‍ച്ച ഉണ്ടാകുമെന്നും യുഎഇയിലെ ലോകോത്തര നിലവാരത്തിലുള്ള വ്യാപാര, വാണിജ്യ അടിസ്ഥാന സൗകര്യങ്ങളിലൂടെ 2030ഓടെ ലോകത്തിലെ ഏറ്റവും വലിയ എഫ് ആന്‍ഡ് ബി ഉപഭോക്താക്കളായി ഏഷ്യ-പസഫിക് മേഖല ഉയര്‍ന്നുവരുമെന്നും യൂറോമോണിറ്റര്‍ പ്രവചിക്കുന്നു. പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക മേഖലയ്ക്ക് പ്രത്യേകിച്ചും എഫ് ആന്‍ഡ് ബി വിപണിയെന്ന നിലയിലും ആഫ്രിക്കയിലും ഏഷ്യയിലുമുള്ള എഫ് ആന്‍ഡ് ബി കമ്പനികള്‍ക്ക് അന്താരാഷ്ട്ര ബിസിനസ് വിപുലീകരണത്തിന് സാധ്യത നല്‍കുന്ന വ്യാപാര ഇടനാഴി എന്ന നിലയിലും വലിയ രീതിയിലുള്ള വളര്‍ച്ചാ സാധ്യതകള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.

Comments

comments

Categories: Arabia
Tags: Gulf food