ബിഎസ് 6 എന്‍ജിനുകളോടെ ഡിസ്‌കവറി സ്‌പോര്‍ട്ട് ഫേസ്‌ലിഫ്റ്റ്

ബിഎസ് 6 എന്‍ജിനുകളോടെ ഡിസ്‌കവറി സ്‌പോര്‍ട്ട് ഫേസ്‌ലിഫ്റ്റ്

എസ് വേരിയന്റിന് 57.06 ലക്ഷം രൂപയും ആര്‍-ഡൈനാമിക് എസ്ഇ വേരിയന്റിന് 60.89 ലക്ഷം രൂപയുമാണ് ഇന്ത്യ എക്‌സ് ഷോറൂം വില

പരിഷ്‌കരിച്ച ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട്ട് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. എസ്, ആര്‍-ഡൈനാമിക് എസ്ഇ എന്നീ രണ്ട് വേരിയന്റുകളില്‍ എസ്‌യുവി ലഭിക്കും. യഥാക്രമം 57.06 ലക്ഷം രൂപയും 60.89 ലക്ഷം രൂപയുമാണ് ഇന്ത്യ എക്‌സ് ഷോറൂം വില. ഡീസല്‍ വേരിയന്റുകളായിരിക്കും ആദ്യം ഡെലിവറി ചെയ്യുന്നത്.

രണ്ട് ബിഎസ് 6 എന്‍ജിന്‍ ഓപ്ഷനുകളുമായാണ് പുതിയ ഡിസ്‌കവറി സ്‌പോര്‍ട്ട് വരുന്നത്. സ്റ്റൈലിംഗ് പരിഷ്‌കരിച്ചു എന്നുമാത്രമല്ല, പുതിയ പ്ലാറ്റ്‌ഫോമിലാണ് പുതിയ ഡിസ്‌കവറി സ്‌പോര്‍ട്ട് നിര്‍മിച്ചിരിക്കുന്നത്. രണ്ടാം തലമുറ ഇവോക്ക് ഉപയോഗിച്ച പ്രീമിയം ട്രാന്‍സ്‌വേഴ്‌സ് ആര്‍ക്കിടെക്ച്ചര്‍ അടിസ്ഥാനമാക്കി. ഇലക്ട്രിക് പവര്‍ട്രെയ്‌നുകള്‍ ഉപയോഗിക്കാന്‍ കഴിയുന്നതുകൂടിയാണ് ഈ പ്ലാറ്റ്‌ഫോം. പുതിയ ഡിസ്‌കവറി സ്‌പോര്‍ട്ടിന്റെ അളവുകള്‍ പരിശോധിച്ചാല്‍, നീളം, വീതി, ഉയരം എന്നിവ യഥാക്രമം 4,600 എംഎം, 2,069 എംഎം, 1,724 എംഎം എന്നിങ്ങനെയാണ്. 2,741 മില്ലി മീറ്ററാണ് വീല്‍ബേസ്.

വെലാര്‍, ഇവോക്ക് പോലുള്ള പുതിയ ലാന്‍ഡ് റോവര്‍ മോഡലുകളുമായി കൂടുതല്‍ സാമ്യം പുലര്‍ത്തുന്നതാണ് പുതിയ ഡിസ്‌കവറി സ്‌പോര്‍ട്ടിന്റെ പുറം രൂപകല്‍പ്പന. മുന്നിലും പിന്നിലും പുതിയ ബംപറുകള്‍, മെച്ചപ്പെടുത്തിയ ഗ്രില്‍, റീസ്റ്റൈല്‍ ചെയ്ത ഹെഡ്‌ലൈറ്റുകളും ടെയ്ല്‍ലാംപുകളും എന്നിവ ലഭിച്ചു. വലിയ ടച്ച്‌സ്‌ക്രീന്‍, പുതിയ എസി കണ്‍ട്രോളുകള്‍, സ്റ്റിയറിംഗില്‍ നല്‍കിയ കണ്‍ട്രോളുകള്‍ക്കായി ടച്ച് പാഡുകള്‍ എന്നിവയോടെ കാബിനും മോടി പിടിപ്പിച്ചു.

ബിഎസ് 6 പാലിക്കുന്ന 2.0 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളാണ് ഡിസ്‌കവറി സ്‌പോര്‍ട്ട് ഫേസ്‌ലിഫ്റ്റ് ഉപയോഗിക്കുന്നത്. ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ഇന്‍ജീനിയം എന്‍ജിന്‍ കുടുംബത്തില്‍പ്പെട്ടവയാണ് ഈ എന്‍ജിനുകള്‍. 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റത്തോടെ വരുന്ന പി250 പെട്രോള്‍ എന്‍ജിന്‍ 245 എച്ച്പി കരുത്തും 365 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഡി180 ഡീസല്‍ എന്‍ജിന്‍ 177 എച്ച്പി കരുത്തും 430 എന്‍എം ടോര്‍ക്കുമാണ് പുറപ്പെടുവിക്കുന്നത്. 9 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്, ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റം എന്നിവ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേഡായി നല്‍കുന്നു.

പൂര്‍ണ ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റി സഹിതം 10 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, ‘മെറിഡിയന്‍’ ഓഡിയോ സിസ്റ്റം, ഇലക്ട്രിക്കലായി പന്ത്രണ്ട് തരത്തില്‍ ക്രമീകരിക്കാവുന്ന മുന്‍ സീറ്റുകള്‍, തുകല്‍ അപ്‌ഹോള്‍സ്റ്ററി, എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ഹീറ്റഡ് ഡോര്‍ മിററുകള്‍, പവേര്‍ഡ് ടെയ്ല്‍ഗേറ്റ്, പാര്‍ക്കിംഗ് കാമറ എന്നിവ ആര്‍-ഡൈനാമിക് എസ്ഇ എന്ന ടോപ് സ്‌പെക് വേരിയന്റിലെ ഫീച്ചറുകളാണ്.

ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇഎസ്‌സി (ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍), എമര്‍ജന്‍സി ബ്രേക്ക് അസിസ്റ്റ്, റോള്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഡ്രൗസിനെസ് മോണിറ്റര്‍, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, മുന്നിലും പിന്നിലും പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറുകളാണ്.

മുമ്പത്തെപ്പോലെ, 5+2 സീറ്റ് വിന്യാസത്തിലാണ് ഡിസ്‌കവറി സ്‌പോര്‍ട്ട് എസ്‌യുവിയുടെ രണ്ട് വേരിയന്റുകളും വരുന്നത്. മൂന്നാം നിര സീറ്റുകളാണ് ഡിസ്‌കവറി സ്‌പോര്‍ട്ടിനെ വ്യത്യസ്തമാക്കുന്നത്. ബിഎംഡബ്ല്യു എക്‌സ്3, മെഴ്‌സേഡസ് ബെന്‍സ് ജിഎല്‍സി, ഔഡി ക്യു5, വോള്‍വോ എക്‌സ്‌സി60 എന്നീ എല്ലാ എതിരാളികളും 5 സീറ്ററാണ്.

Categories: Auto