കോര്‍പ്പറേറ്റ് പ്രകടനം ദുര്‍ബലമായി തുടരുന്നു

കോര്‍പ്പറേറ്റ് പ്രകടനം ദുര്‍ബലമായി തുടരുന്നു

അറ്റ വില്‍പ്പനയിലെ വളര്‍ച്ചയില്‍ പുരോഗതി രേഖപ്പെടുത്തിയ വ്യവസായങ്ങളുടെ എണ്ണം പകുതിയായി കുറഞ്ഞു

മുംബൈ: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ഡിസംബര്‍ അവസാനിച്ച പാദത്തിലും കമ്പനികളുടെ പ്രകടനം ദുര്‍ബലമായിരുന്നുവെന്ന് കെയര്‍ റേറ്റിംഗ്‌സിന്റെ റിപ്പോര്‍ട്ട്. വരുമാനത്തിലെ സങ്കോചവും അറ്റാദായ വളര്‍ച്ചയിലെ മിതത്വവും വിവിധ കോര്‍പ്പറേറ്റ് റിപ്പോര്‍ട്ടുകളില്‍ പ്രകടമായിരുന്നു. കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ചിട്ടും ലാഭത്തിലുണ്ടായ ഇടിവിന് പലിശയിനത്തിലെ ചെലവിലുണ്ടായ ഉയര്‍ന്ന വളര്‍ച്ചയും മൂല്യത്തിലുണ്ടായ ഇടിവും പ്രധാന കാരണങ്ങളായിട്ടുണ്ടാകാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

‘2019 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍, എല്ലാ കമ്പനികളുടെയും പ്രകടനം ദുര്‍ബലമാണ്. മുന്‍നിരയിലെ കമ്പനികളുടെ വരുമാനത്തില്‍ സങ്കോചവും അറ്റ ലാഭ വളര്‍ച്ചയിലെ മിതത്വവും പ്രകടമാണ് . ബാങ്കുകളെയും ധനകാര്യ കമ്പനികളെയും ഒഴിച്ചു നിര്‍ത്തിയാല്‍ പ്രകടനം അതിലും ദുര്‍ബലമാണ്. മറ്റു വിഭാഗങ്ങളിലെ കമ്പനികളില്‍ ഏറെയും അറ്റവില്‍പ്പനയും അറ്റാദായവും ചുരുങ്ങിയതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്,’ റിപ്പോര്‍ട്ടില്‍ പറയുന്നു.

അറ്റ വില്‍പ്പനയിലെ വളര്‍ച്ചയില്‍ പുരോഗതി രേഖപ്പെടുത്തിയ വ്യവസായങ്ങളുടെ എണ്ണം മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് മൂന്നാം പാദത്തില്‍ ഏതാണ്ട് പകുതിയായി കുറഞ്ഞു. അറ്റാദായത്തിന്റെ കാര്യത്തില്‍ നേട്ടമുണ്ടാക്കിയ വ്യവസായങ്ങളുടെ കാര്യത്തിലും ശ്രദ്ധേയമായ ഇടിവ് കണ്ടു. 2,200ഓളം കമ്പനികളുടെ പ്രകടന റിപ്പോര്‍ട്ട് ക്രെഡിറ്റ് റേറ്റിംഗ്‌സ് വിശകലനം ചെയ്തതില്‍ 2019-20ന്റെ ആദ്യ ഒമ്പത് മാസത്തെ കോര്‍പ്പറേറ്റ് മേഖലയുടെ പ്രകടനം സമ്മിശ്രമാണെന്നാണ് കണക്കാക്കുന്നത്. അറ്റവില്‍പ്പനയിലെ വളര്‍ച്ചയുടെ ദുര്‍ബലാവസ്ഥ വിവിധ വ്യവസായങ്ങളിലുടനീളമുള്ള മൊത്തത്തിലുള്ള മാന്ദ്യത്തിന്റെ സൂചനയാണ്. അതേസമയം, അറ്റാദായ വളര്‍ച്ച നേരിയ തോതില്‍ മെച്ചപ്പെട്ടിട്ടുണ്ട്. കുറഞ്ഞ കോര്‍പ്പറേറ്റ് നികുതി നിരക്കില്‍ നിന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ കമ്പനികളാണ് ഇതില്‍ വലിയ ഭാഗമെന്നും കെയര്‍ റേറ്റിംഗ്‌സ് വ്യക്തമാക്കുന്നു.

റിഫൈനറികള്‍, വാഹന ഘടക ഭാഗങ്ങള്‍, ഇലക്ട്രോണിക് ഘടകങ്ങള്‍, എണ്ണ പര്യവേക്ഷണം, ഉരുക്ക്, ഇരുമ്പ് ഉല്‍പ്പന്നങ്ങള്‍, നോണ്‍ഫെറസ് ലോഹങ്ങള്‍ തുടങ്ങിയ വ്യവസായങ്ങള്‍ അവലോകന കാലയളവില്‍ നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തി. ഭവന വായ്പ, ഷിപ്പിംഗ്, പഞ്ചസാര, ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍, റീട്ടെയ്ല്‍, സ്വകാര്യ ബാങ്കുകള്‍ എന്നീ വ്യാവസായിക വിഭാഗങ്ങളെല്ലാം മൂന്നാം പാദത്തില്‍ ഇരട്ട അക്ക വളര്‍ച്ച രേഖപ്പെടുത്തി.

ഇന്ത്യയുടെ നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ട് പാദങ്ങളില്‍ യഥാക്രമം 5 ശതമാനം, 4.5 ശതമാനം എന്നിങ്ങനെയാണ് വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയത്. മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ആറുവര്‍ഷങ്ങള്‍ക്കിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണ് രണ്ടാം പാദത്തില്‍ രേഖപ്പെടുത്തിയത്. മുന്നാം പാദത്തിലും ജിഡിപി നിരക്കില്‍ തിരിച്ചുവരവ് പ്രകടമാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.

Comments

comments

Categories: FK News