അറബ് ലോകത്തെ ആദ്യ ആണവ നിലയത്തിന് പ്രവര്‍ത്തനാനുമതി

അറബ് ലോകത്തെ ആദ്യ ആണവ നിലയത്തിന് പ്രവര്‍ത്തനാനുമതി

ബറാക ആണവ നിലയത്തിലെ ആദ്യ റിയാക്ടറിന് പ്രവര്‍ത്തന ലൈസന്‍സ് ലഭിച്ചു

അബുദാബി: അറബ് ലോകത്തെ ആദ്യ ആണവ നിലയമായ ബറാക ആണവനിലയത്തിലെ ആദ്യ റിയാക്ടറിന് യുഎഇ ആണവ റെഗുലേറ്ററി അതോറിട്ടി പ്രവര്‍ത്തന ലൈസന്‍സ് അനുവദിച്ചു. നിലയത്തിന്റെ നടത്തിപ്പുകാരായ നവ എനര്‍ജി കമ്പനിക്ക് 60 വര്‍ഷത്തേക്കാണ് പ്രവര്‍ത്തന ലൈസന്‍സ് അനുവദിച്ചതെന്ന് യുഎഇയിലെ ഫെഡറല്‍ അതോറിട്ടി ഫോര്‍ ന്യൂക്ലിയര്‍ റെഗുലേഷന്‍ (എഫ്എഎന്‍ആര്‍) ഡെപ്യൂട്ടി ചെയര്‍മാന്‍ ഹമദ് അല്‍ കാബി അറിയിച്ചു.

അബുദാബിയില്‍ കൊറിയ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്റെ (കെപ്‌കോ) നേതൃത്വത്തില്‍ നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ബറാക ആണവനിലയം 2017ല്‍ തുറക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ആദ്യ റിയാക്ടര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിലെ കാലതാമസം മൂലം നിലയത്തിന്റെ ഉദ്ഘാടനം നീണ്ടുപോകുകയായിരുന്നു. ആദ്യ റിയാക്ടറിന് ലൈസന്‍സ് ലഭിച്ചതോടെ ഈ വര്‍ഷം അവസാനം തന്നെ നിലയത്തില്‍ ആണവോര്‍ജോല്‍പ്പാദനം ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്.

നിലയത്തിലെ പരിശോധനകള്‍ കുറച്ചുമാസം കൂടി നീളുമെന്നും അതിന് ശേഷം നവയ്ക്ക് വാണിജ്യതലത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിനുള്ള തയാറെടുപ്പുകള്‍ നടത്താമെന്നും കാബി അറിയിച്ചു. നിലയത്തിലെ രണ്ടാമത്തെ റിയാക്ടറിന്റെ നിര്‍മാണം 95 ശതമാനം പൂര്‍ത്തിയായി. ഇതിന് പ്രവര്‍ത്തന ലൈസന്‍സ് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എഫ്എഎന്‍ആര്‍ അരംഭിച്ചുകഴിഞ്ഞു. നാല് റിയാക്ടറുകളുമായി പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമായാല്‍ 5,600 മെഗാവാട്ട് ശേഷിയുള്ള നിലയമായിരിക്കും ബറാക.

സമാധാനപരമായ ആണവോര്‍ജം വികസിപ്പിക്കുന്നതിനുള്ള തങ്ങളുടെ യാത്രയുടെ പുതിയ അധ്യായമാണ് ബറാക ആണവനിലയത്തിലെ ആദ്യ റിയാക്ടറിനുള്ള പ്രവര്‍ത്തന ലൈസന്‍സ് അടയാളപ്പെടുത്തുന്നതെന്ന് അബുദാബി കിരീടാവകാശി ഷേഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഔദ്യോഗിക ട്വിറ്റര്‍ എക്കൗണ്ടില്‍ എഴുതി.

Comments

comments

Categories: Arabia
Tags: Barakha