ഉപഭോക്താക്കളുടെ പരാതികളില്‍ ബാങ്കുകള്‍ക്ക് പുതിയ ചട്ടക്കൂടുമായി യുഎഇ സെന്‍ട്രല്‍ ബാങ്ക്

ഉപഭോക്താക്കളുടെ പരാതികളില്‍ ബാങ്കുകള്‍ക്ക് പുതിയ ചട്ടക്കൂടുമായി യുഎഇ സെന്‍ട്രല്‍ ബാങ്ക്

ഫിനാന്‍ഷ്യല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ റെഗുലേറ്ററി ഫ്രെയിംവര്‍ക്കെ’ന്ന ഈ സംവിധാനം രാജ്യത്തെ എല്ലാ അംഗീകൃത ധനകാര്യ സ്ഥാപനങ്ങള്‍ക്കും ബാധകമാണ്

ദുബായ്: ഉപഭോക്താക്കളുടെ പരാതികള്‍ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്തെ ബാങ്കുകള്‍ക്കായി യുഎഇ കേന്ദ്രബാങ്ക് പുതിയ ചട്ടക്കൂട് തയ്യാറാക്കുന്നു. ‘ഫിനാന്‍ഷ്യല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ റെഗുലേറ്ററി ഫ്രെയിംവര്‍ക്കെ’ന്ന ഈ സംവിധാനം അനുസരിച്ച് നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ ബാങ്കുകള്‍ ഉപഭോക്താക്കളുടെ പരാതികളില്‍ പരിഹാരം കാണുകയും പരാതികളിലെടുക്കുന്ന തീരുമാനത്തിന് വ്യക്തമായ കാരണം ബോധിപ്പിക്കുകയും വേണം. കൂടാതെ, ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ ബാങ്കിംഗ് ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാനുള്ള അവസരവും പുതിയ ചട്ടക്കൂട് നല്‍കുന്നു.

രാജ്യത്തെ ലൈസന്‍സുള്ള എല്ലാ ധനകാര്യ സ്ഥാപനങ്ങളും പുതിയ ചട്ടക്കൂട് അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്ന് യുഎഇ കേന്ദ്രബാങ്ക് അറിയിച്ചു. പലവിധ സേവനങ്ങളുമായി ധനകാര്യമേഖലയില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ പുതുതായി കടന്നുവരുന്ന സാഹചര്യത്തില്‍ ശരിയായ ഉല്‍പ്പന്നങ്ങളില്‍ വളരെ പെട്ടന്ന് തീരുമാനമെടുക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്ന ഒന്നാണ് പുതിയ ചട്ടക്കൂടെന്നും കേന്ദ്രബാങ്ക് വ്യക്തമാക്കി. നിര്‍ദ്ദിഷ്ട ചട്ടക്കൂടിനുള്ളില്‍ തങ്ങളുടെ പരാതികളില്‍ തീര്‍പ്പ് കണ്ടെത്തുന്നതിനുള്ള അവസരം ഉപഭോക്താക്കള്‍ക്കുണ്ടാകും. ബാങ്കുകളിലുള്ള ഈ തര്‍ക്ക പരിഹാര സംവിധാനം ഉപഭോക്താക്കള്‍ക്ക് ഉപയോഗപ്പെടുത്താം. രാജ്യത്തെ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളില്‍ നിലവിലുള്ള എല്ലാ കരാറുകള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും പുതിയ ചട്ടക്കൂടും നിബന്ധനകളും ബാധകമാണെന്നും കേന്ദ്രബാങ്ക് കൂട്ടിച്ചേര്‍ത്തു.

പരാതിയുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ നടത്തുന്ന വെളിപ്പെടുത്തലുകളുടെ സ്വഭാവം, നിലവാരം, സുതാര്യത എന്നിവ മെച്ചപ്പെടുത്തല്‍, പരാതികളില്‍ വേഗത്തിലുള്ള പ്രശ്‌നപരിഹാരം ഉറപ്പാക്കുന്നതിനായി മെച്ചപ്പെട്ട സംവിധാനം, ഉപഭോക്താക്കളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനും ബോധവല്‍ക്കര പ്രവര്‍ത്തനങ്ങള്‍ക്കുമായുള്ള സംവിധാനം എന്നിങ്ങനെ പരാതികള്‍ കൈകാര്യം ചെയ്യുന്നതില്‍ നിരവധി മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്നതാണ് പുതിയ റെഗുലേറ്ററി സംവിധാനം.

ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും വസ്തുനിഷ്ഠമായ, ഗുണപരമായ വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കണമെന്നും പരസ്യങ്ങളിലും പ്രചരണങ്ങളിലും ശരിയായ തീരുമാനമെടുക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്ന അവശ്യ വിവരങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും പുതിയ സംവിധാനം ബാങ്കുകളെ ചുമതലപ്പെടുത്തുന്നു. ധനകാര്യ സ്ഥാപനങ്ങളിലും ബാങ്കുകളിലും ഉപഭോക്താക്കള്‍ക്കുള്ള വിശ്വാസം ദൃഢപ്പെടുത്താന്‍ ഉതകുന്ന പുതിയ സംവിധാനത്തെ രാജ്യത്തെ ബാങ്കിംഗ് ലോകം സ്വാഗതം ചെയ്തു.

പുതിയ സംവിധാനം മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശങ്ങള്‍

  • നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ പരാതികളില്‍ തീര്‍പ്പുണ്ടാക്കണം
  • പരാതികളിലെടുക്കുന്ന തീര്‍പ്പിന്റെ കാരണം വ്യക്തമാക്കണം
  • ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന വിവരങ്ങള്‍ വസ്തുനിഷ്ഠവും ഗുണപരവുമായിരിക്കണം
  • പരസ്യങ്ങളും പ്രചരണങ്ങളും ശരിയായ ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതാകണം

Comments

comments

Categories: Arabia