1000 കോടി രൂപ എജിആര്‍ കുടിശ്ശികയായി എയര്‍ടെല്‍ അടച്ചു

1000 കോടി രൂപ എജിആര്‍ കുടിശ്ശികയായി എയര്‍ടെല്‍ അടച്ചു

അടുത്ത വാദം കേള്‍ക്കലിന് മുന്നോടിയായി ബാക്കി തുക അടയ്ക്കും

ന്യൂഡെല്‍ഹി: ക്രമീകൃത മൊത്ത വരുമാനത്തിന്റെ (എജിആര്‍) അടിസ്ഥാനത്തില്‍ സര്‍ക്കാരിന് നല്‍കേണ്ട തുക സംബന്ധിച്ച് സുപ്രീംകോടതി കര്‍ക്കശ നിലപാട് സ്വീകരിച്ചതോടെ കുടിശ്ശികയുടെ ഒരു ഭാഗം നല്‍കി ഭാരതി എയര്‍ടെല്‍. ടെലികോം വകുപ്പിന് 10,000 കോടി രൂപ നിയമപരമായ കുടിശ്ശിക ഇനത്തില്‍ അടച്ചതായി കമ്പനി അറിയിച്ചു. കമ്പനിയുടെ സ്വയം വിലയിരുത്തലുകള്‍ക്കും കണക്കുകൂട്ടലുകള്‍ക്കും ശേഷം ബാക്കി തുക അടയ്ക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
ഭാരതി എയര്‍ടെല്‍, ഭാരതി ഹെക്‌സാകോം, ടെലിനോര്‍ എന്നിവക്കെല്ലാമായാണ് 10,000 കോടി രൂപ നല്‍കിയത്. കേസില്‍ സുപ്രീംകോടതി അടുത്ത വാദം കേള്‍ക്കുന്നതിന് മുന്‍പായി ബാക്കി പേമെന്റും നടത്തുമെന്നും എയര്‍ടെല്‍ പറയുന്നു. വരും ദിവസങ്ങളില്‍ എജിആര്‍ കുടിശിക തീര്‍പ്പാക്കാന്‍ ശ്രമിക്കുകയാണെന്ന് നേരത്തേ വോഡഫോണ്‍ ഐഡിയയും പ്രഖ്യാപിച്ചിരുന്നു.
ഫെബ്രുവരി 14 മുതലാണ് ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ തുടങ്ങിയ സ്ഥാപനങ്ങളോട് മുന്‍കാല കുടിശ്ശിക ഉടന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട് ടെലികോം വകുപ്പ് ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുള്ളത്.

ടെലികോം കമ്പനികളില്‍ നിന്ന് കുടിശ്ശിക ഈടാക്കുന്നത് വൈകിപ്പിക്കുന്നതിന്റെ പേരില്‍ സുപ്രീംകോടതിയില്‍ നിന്നി വിമര്‍ശനം നേരിട്ടതിനെ തുടര്‍ന്നാണ് മന്ത്രാലയം കമ്പനികള്‍ക്ക് വിവിധ മേഖലകള്‍ തിരിച്ച് നോട്ടീസ് നല്‍കാന്‍ തുടങ്ങിയത്.

ഫെബ്രുവരി 20 നകം 10,000 കോടി രൂപ നല്‍കുമെന്നും ബാക്കി മാര്‍ച്ച് 17ന് മുമ്പ് നല്‍കുമെന്നും എയര്‍ടെല്‍ നേരത്തെ അറിയിച്ചിരുന്നു. ലൈസന്‍സ് ഫീസും സ്‌പെക്ട്രം ഉപയോഗ ചാര്‍ജും ഉള്‍പ്പെടെ 35,586 കോടി രൂപയാണ് എയര്‍ടെല്‍ സര്‍ക്കാരിന് നല്‍കാനുള്ളത്. വോഡഫോണ്‍ ഐഡിയക്ക് ഏതാണ്ട് 50,000 കോടി രൂപയോളം നല്‍കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലായ വോഡഫോണ്‍ ഐഡിയയെ സംബന്ധിച്ചിടത്തോളം വലിയ ആഘാതമാണ് ഇത് സൃഷ്ടിച്ചിട്ടുള്ളത്.

Comments

comments

Categories: FK News
Tags: Airtel