ടെലികോം കമ്പനികളെ വരിഞ്ഞുമുറുക്കി കോടതി

ടെലികോം കമ്പനികളെ വരിഞ്ഞുമുറുക്കി കോടതി
  • വെള്ളിയാഴ്ചക്കകം എജിആര്‍ പിഴത്തുക അടയ്ക്കാന്‍ ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം
  • ഇതുവരെ ഒരു രൂപ പോലും പിഴയായി അടക്കാത്തത് ഞെട്ടിക്കുന്നതെന്ന് സുപ്രീം കോടതി
  • കേന്ദ്ര സര്‍ക്കാരിനും രൂക്ഷ വിമര്‍ശനം; കമ്പനികള്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിടണം

ന്യൂഡെല്‍ഹി: എജിആര്‍ (അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ) കുടിശ്ശിക ജനുവരി 23ന് അടയ്ക്കണമെന്ന ഉത്തരവ് പാലിക്കാതിരുന്ന ടെലികോം കമ്പനികള്‍ക്കെതിരെ സുപ്രീം കോടതിയുടെ അതിരൂക്ഷ വിമര്‍ശനം. വോഡഫോണ്‍ ഐഡിയ, എയര്‍ടെല്‍ തുടങ്ങിയ കമ്പനികളെയാണ് കോടതി ഇന്നലെ അക്ഷരാര്‍ത്ഥത്തില്‍ നിര്‍ത്തിപ്പൊരിച്ചത്. കമ്പനികള്‍ക്കെതിരെ കോടതിയലക്ഷ്യ നടപടികളും ആരംഭിച്ചു. വെള്ളിയാഴ്ചക്കകം എജിആര്‍ പിഴത്തുക സര്‍ക്കാരിലേക്ക് കെട്ടാനും ജസ്റ്റിസ് അരുണ്‍ മിശ്ര, അബ്ദുള്‍ നസീര്‍, എം ആര്‍ ഷാ എന്നിവരങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. ‘ഇതുവരെ ഒരു നാണയത്തുട്ട് പോലും അടച്ചിട്ടില്ല, ഞാന്‍ ശരിക്കും ഞെട്ടിപ്പോയി,’ ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. എജിആര്‍ കുടിശ്ശികയിനത്തില്‍ 1.47 ലക്ഷം കോടി രൂപയാണ് കമ്പനികള്‍ക്ക് സുപ്രീം കോടതി പിഴ ചുമത്തിയിരുന്നത്. നിലവില്‍ ജിയോ മാത്രമാണ് കുടിശിക കൃത്യസമയത്ത് അടച്ചിരിക്കുന്നത്. 190 കോടി രൂപ മാത്രമായിരുന്നു ജിയോയുടെ പിഴ.

പിഴ പിടിച്ചെടുക്കുന്നതില്‍ അടിയന്തര നടപടികളൊന്നും എടുക്കരുതെന്ന് കാണിച്ച് കേന്ദ്ര ടെലികോം മന്ത്രാലയം ഇറക്കിയ സര്‍ക്കുലറിനെയും കോടതി വെറുതെ വിട്ടില്ല. സുപ്രീം കോടതിയുടെ ഉത്തരവ് ടെലികോം മന്ത്രാലയത്തിലെ ഒരു ഡെസ്‌ക് ഓഫീസര്‍ക്ക് സ്‌റ്റേ ചെയ്യാന്‍ സാധിക്കുമോയെന്ന് കോടതി ചോദിച്ചു. ഇങ്ങനെയല്ല സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ടെലികോം കമ്പനികള്‍ക്കെതിരെ നടപടി വേണ്ടെന്ന് നിര്‍ദേശിച്ച് ടെലികോം മന്ത്രാലയത്തിലെ ഡെസ്‌ക് ഓഫീസര്‍, അറ്റോര്‍ണി ജനറലിന് കത്തെഴുതിയിരുന്നു. പിഴ അടയ്ക്കാന്‍ സാവകാശം വേണമെന്നും ഉത്തരവ് ഉടന്‍ നടപ്പാക്കിയാല്‍ ബിസിനസ് അടച്ചു പൂട്ടേണ്ടി വരുമെന്നും വോഡഫോണ്‍ ഐഡിയ അടക്കമുള്ള കമ്പനികള്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ബിസിനസ് സൗഹൃദ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍ക്കുമെന്നതിനാല്‍ വിഷയത്തില്‍ കമ്പനികള്‍ക്ക് ആശ്വാസമേകുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍ കോടതിയുടെ അതിശക്തമായ ഇടപെടല്‍ വിഷയത്തെ വീണ്ടും സങ്കീര്‍ണമാക്കിയിരിക്കുകയാണ്.

എജിആര്‍ കുടിശ്ശികയായി ടെലികോം കമ്പനികള്‍ കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ ഒന്നും നല്‍കിയിട്ടില്ലെന്ന് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. കുടിശ്ശികയുമായി ബന്ധപ്പെട്ട കേസില്‍ ഒക്ടോബര്‍ 24 ന് ഉത്തരവ് പുറപ്പെടുവിച്ചത് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചായിരുന്നു. വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ടെലികോം കമ്പനികള്‍ ഹര്‍ജി സമര്‍പ്പിച്ചെങ്കിലും സുപ്രീം കോടതി ഇത് നിരസിക്കുകയാണുണ്ടായത്. വിധികള്‍ നടപ്പാക്കാനല്ലെങ്കില്‍ കോടതികള്‍ പിന്നെയെന്തിനാണെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര രോക്ഷത്തോടെ ചോദിച്ചു. കുടിശ്ശികയിനത്തില്‍ വോഡഫോണ്‍ ഐഡിയ ഏകദേശം 53,000 കോടി രൂപയും ഭാരതി എയര്‍ടെല്‍ 35,500 കോടി രൂപയും അടയ്‌ക്കേണ്ടി വരും.

വിടപറയുമോ വോഡ-ഐഡിയ?

സുപ്രീം കോടതിയുടെ ഇന്നലത്തെ പൊട്ടിത്തെറി, വോഡഫോണ്‍-ഐഡിയ കമ്പനിയുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാകുമോ? ടെലികോം മേഖലയിലാകെ ഈ ആശങ്ക പരന്നിട്ടുണ്ട്. കനത്ത നഷ്ടത്തിലുള്ള വോഡഫോണ്‍ ഐഡിയയെ സംബന്ധിച്ച് പിഴത്തുകയായി 53,000 കോടി രൂപ കണ്ടെത്തുക ഏകദേശം അസാധ്യം തന്നെയാണ്. 2019 ഡിസംബര്‍ പാദത്തില്‍ 6,439 കോടി രൂപയുടെ നഷ്ടമാണ് കമ്പനിക്കുണ്ടായത്. അതിവേഗം ഉപഭോക്താക്കളെ നഷ്ടപ്പെടുന്ന കമ്പനിയില്‍ കൂടുതല്‍ മൂലധനം നിക്ഷേപിക്കാന്‍ പങ്കാളികളായ വോഡഫോണും ആദിത്യ ബിര്‍ള ഗ്രൂപ്പും തയാറായില്ലെങ്കില്‍ പാപ്പരത്ത നടപടികളാണ് പിന്നത്തെ മാര്‍ഗം. എന്നാല്‍ കേസ് പാപ്പരത്ത കോടതിയിലെത്തിയാല്‍ കുടുങ്ങുന്നത് വായ്പാ ദാതാക്കളായ പൊതുമേഖലാ ബാങ്കുകളാണ്. ഈ സാഹചര്യത്തില്‍ രണ്ട് വഴികളാണ് സര്‍ക്കാരിന് മുന്നിലുള്ളത്. എജിആര്‍ പിഴത്തുക പിടിച്ചെടുക്കുകയും അതേ സമയം മറ്റ് ഫീസുകള്‍ ഇളവ് ചെയ്തു കൊടുക്കുകയും ചെയ്യുക എന്നതാണ് ആദ്യത്തേത്. താല്‍ക്കാലികമായി വോഡ-ഐഡിയയെ ദോശസാല്‍ക്കരിക്കുകയെന്നതാണ് രണ്ടാമത്തെ മാര്‍ഗം. ഇപ്രകാരം ചെയ്താല്‍ മൂലധന നിക്ഷേപത്തിലൂടെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരിനാവും.

Categories: FK News, Slider