ശരിയായ രാഷ്ട്രീയ ശൈലിയല്ലിത്

ശരിയായ രാഷ്ട്രീയ ശൈലിയല്ലിത്

ഡെല്‍ഹി തെരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ തന്നെ പാചകവാതക സിലിണ്ടറുകളുടെ വില കൂട്ടിയത് ജനങ്ങളെ വിലകല്‍പ്പിക്കാത്ത നടപടിയാണ്

തെരഞ്ഞെടുപ്പ് ഫലം വന്നുകഴിഞ്ഞാല്‍ പിന്നെ തല്‍ക്കാലത്തേക്ക് എന്തുമാകാമെന്ന രാഷ്ട്രീയ വിശ്വാസം നമ്മുടെ ഭരണശൈലിയില്‍ കുറേക്കാലമായി പ്രകടമാണ്. കഴിഞ്ഞ ദിവസം പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ വന്ന വന്‍വര്‍ധനയും ഈ പശ്ചാത്തലത്തില്‍ വേണം നോക്കിക്കാണാന്‍. സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ 146 രൂപയുടെ വര്‍ധനയാണ് ഒറ്റയടിക്ക് വരുത്തിയിരിക്കുന്നത്. ആറ് വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ വിലവര്‍ധനയാണിത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിന് ശേഷമുള്ള ആറാമത്തെ വിലവര്‍ധനയും.

കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള എണ്ണ കമ്പനികള്‍ കര്‍ണാടക തെരഞ്ഞെടുപ്പ് സമയത്തും ഇന്ധന വിലവര്‍ധനയില്‍ നിന്ന് തല്‍ക്കാലം വിട്ടുനിന്നിരുന്നെന്നതും ഓര്‍ക്കണം. പൊതുതെരഞ്ഞെടുപ്പ് സമയത്തും സമാനം തന്നെയായിരുന്നു സ്ഥിതി. ഇലക്ഷനും ഇന്ധന വിലയും തമ്മില്‍ ബന്ധമൊന്നുമില്ലെന്ന് കമ്പനികള്‍ പറയുമെങ്കിലും യാഥാര്‍ത്ഥ്യം അതല്ല എന്ന് പറയുന്നവരെ കുറ്റം പറയാനാകില്ല.

സാമ്പത്തിക വെല്ലുവിളികള്‍ നേരിടുന്ന രാജ്യത്ത് അവശ്യസാധനങ്ങളുടെ വിലയിലുണ്ടാകുന്നത് വന്‍വര്‍ധനയാണെന്ന് എല്ലാവര്‍ക്കുമറിയാം. അത്തരമൊരു സാഹചര്യത്തില്‍ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങള്‍ക്ക് വീണ്ടും വില കൂട്ടുകയെന്നത് കഷ്ടമാണ്. അതും തെരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടടുത്ത ദിവസം തന്നെ ഇത് സംഭവിക്കുകയെന്ന് പറയുമ്പോള്‍ എന്ത് മൂല്യമാണ് ജനവികാരത്തിന് കല്‍പ്പിക്കപ്പെടുന്നതെന്നതു കൂടി ഒര്‍ക്കണം.

അന്താരാഷ്ട്ര വിപണിയിലെ വില വ്യതിയാനങ്ങള്‍ക്കനുസരിച്ചാണ് ഇന്ത്യയിലും എല്‍പിജി വിലയിലെ മാറ്റമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ജനുവരിയില്‍ ആഗോള വില ടണ്ണിന് 448 ഡോളറില്‍ നിന്ന് 567 ഡോളറായി ഉയര്‍ന്നുവെന്നും സര്‍ക്കാര്‍ പറയുന്നു. ഇതാണത്രെ ഇപ്പോഴത്തെ വിലവര്‍ധന അനിവാര്യമാക്കിയിരിക്കുന്നത്. അതെന്തേ പിന്നെ തെരഞ്ഞെടുപ്പ് വേളയില്‍ നടപ്പാക്കാതിരുന്നതെന്ന ചോദ്യത്തിന് ഉത്തരമുണ്ടായേക്കില്ല.

എല്‍പിജി വിലവര്‍ധന സാധാരണ ഉപയോക്താക്കളെ ബാധിക്കില്ലെന്നാണ് സര്‍ക്കാരിന്റെ മറ്റൊരു അവകാശവാദം. സബ്‌സിഡി തുക തിരിച്ച് ഉപയോക്താക്കളുടെ ബാങ്ക് എക്കൗണ്ടില്‍ എത്തുമെന്നതാണ് ന്യായം പറയുന്നത്. എന്നാല്‍ ഗ്യാസ് വാങ്ങുന്ന സമയത്ത് മുഴുവന്‍ തുകയും നല്‍കേണ്ടതുണ്ട്. തിരിച്ച് തുക എക്കൗണ്ടിലെത്തുന്ന കാര്യത്തില്‍ പല കോണുകളില്‍ നിന്ന് ആക്ഷേപങ്ങളുമുണ്ടായിട്ടുണ്ട്. അത് മാത്രമല്ല, സബ്‌സിഡി ഉപേക്ഷിക്കാനാണ് ജനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. ഇതിന്റെ പേരില്‍ കോടിക്കണക്കിന് പേര്‍ സ്വമേധയാ സബ്‌സിഡി ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഇവരെയെല്ലാം വിലവര്‍ധന കടുത്ത രീതിയില്‍ ബാധിക്കില്ലേ?

സാമ്പത്തികമായി ഞെരുക്കം നേരിടുന്ന സന്ദര്‍ഭങ്ങളില്‍, ജനങ്ങളുടെ ചെലവിടല്‍ വലിയ തോതില്‍ കുറയുന്ന സാഹചര്യങ്ങളില്‍ അവശ്യസാധനങ്ങളുടെ വില വര്‍ധന ഏത് വിധേനെയും പിടിച്ച് നിര്‍ത്താനുള്ള ലളിതമായ സാമ്പത്തിക ശാസ്ത്രമാണ് ഏതൊരു സര്‍ക്കാരും പുറത്തെടുക്കേണ്ടത്. ആ ബോധ്യം ഭരിക്കുന്നവര്‍ക്കുണ്ടാകണം. എല്‍പിജിയെ അപേക്ഷിച്ച് വില കുറവുള്ള പിഎന്‍ജി(പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ്) പദ്ധതി വ്യാപകമാക്കാനും സര്‍ക്കാര്‍ ശ്രമിക്കണം. ഇത്രയുമായിട്ടും ഈ പദ്ധതിയുടെ വ്യാപനത്തിന് എന്തുകൊണ്ടാണ് വേഗതയില്ലാത്തതെന്ന് ആത്മപരിശോധന നടത്തുകയും വേണം.

Categories: Editorial, Slider