ചൈനയെ കാത്തിരിക്കുന്ന അടുത്ത പ്രതിസന്ധി

ചൈനയെ കാത്തിരിക്കുന്ന അടുത്ത പ്രതിസന്ധി

കൊറോണ വൈറസ് ചൈനയെ താറുമാറാക്കിയിരിക്കുന്നു. വൈറസ് വിതച്ച ദുരന്തത്തില്‍നിന്നും മെല്ലെ കരകയറാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണു ചൈന. എന്നാല്‍ ചൈനയെ കാത്തിരിക്കുന്ന അടുത്ത പ്രതിസന്ധിയെന്നു പറയുന്നത് ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന വൈറസ് ബാധിതരാണ്. പല ഡോക്ടര്‍മാര്‍ക്കും, നഴ്‌സുമാര്‍ക്കും ശരിയായ മാസ്‌കുകളോ സംരക്ഷണ ബോഡി സ്യൂട്ടുകളോ ഇല്ലാതെ രോഗികളെ പരിചരിക്കേണ്ടി വരുന്നുണ്ട്, പതിവായി മാറ്റേണ്ട സമയത്ത് അതേ ഉപകരണങ്ങള്‍ വീണ്ടും ഉപയോഗിക്കുകയാണ്. ഇത് വൈറസ് ബാധയ്ക്കു കാരണമാകുന്നു. വൈറസിനെ കുറിച്ച് ആദ്യം മുന്നറിയിപ്പ് നല്‍കിയ ഡോക്ടര്‍ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പു മരിക്കുകയുണ്ടായി. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന 1700 ഓളം പേര്‍ കൊറോണ വൈറസ് ബാധിതരാണെന്നാണ്.

ചൈനയില്‍ കൊറോണ വൈറസ് ഇപ്പോള്‍ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഭീഷണിയായി മാറിയിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച നൂറുകണക്കിനു മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍ സര്‍ക്കാരിനു പുതിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന്റെ പ്രഭവകേന്ദ്രമെന്നു വിശേഷിപ്പിക്കുന്ന വുഹാനിലെ 500-ഓളം ആശുപത്രി ജീവനക്കാര്‍ ജനുവരി മാസം പകുതിയോടെ തന്നെ കൊറോണ വൈറസ് ബാധയേറ്റതായിട്ടാണ് റിപ്പോര്‍ട്ട്. വൈറസ് ബാധിതരായ ധാരാളം ഡോക്ടര്‍മാരും നഴ്‌സുമാരും വുഹാനിലെ ഗുരുതരമായ അവസ്ഥയെ പ്രതിഫലിപ്പിക്കുന്നു.

വൈറസ് ബാധിതരായ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ഒറ്റപ്പെട്ട കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ചൈനീസ് സര്‍ക്കാര്‍ ഇതുവരെ രോഗബാധിതരായ മെഡിക്കല്‍ പ്രഫഷനലുകളുടെ എണ്ണം വെളിപ്പെടുത്തിയിട്ടില്ല. രോഗബാധിതരുടെ വിവരങ്ങള്‍ പരസ്യമാക്കരുതെന്നു ഡോക്ടര്‍മാരോടും നഴ്‌സുമാരോടും സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. രോഗബാധിതരുടെ എണ്ണം പുറത്തുവിടരുതെന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചതിന്റെ കാരണം അജ്ഞാതമാണ്. പക്ഷേ, കൊറോണ വൈറസിനെ കുറിച്ചു മുന്നറിയിപ്പ് നല്‍കിയ ഡോക്ടര്‍ ലി വെന്‍ലിയാങിന്റെ മരണത്തിനു ശേഷം ചൈനീസ് ഭരണകൂടം മുന്‍നിരയില്‍നിന്ന് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റാഫുകളില്‍ മനോവീര്യം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. വേണ്ടത്ര സംരക്ഷണം ലഭിക്കാത്തതു കൊണ്ടാണ് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ രോഗബാധയുണ്ടാകുന്നതെന്നാണു മെഡിക്കല്‍ വിദഗ്ധര്‍ പറയുന്നത്. വൈറസില്‍നിന്നും സംരക്ഷണം ഉറപ്പാക്കുന്ന ഉപകരണം ലഭ്യമാക്കുന്നതില്‍ വന്ന വീഴ്ചയും, നീണ്ടുനില്‍ക്കുന്ന ജോലി സമയവും, വൈറസ് തീവ്രതയുള്ളതാണെന്നും വന്‍നാശം വിതയ്ക്കാന്‍ പ്രാപ്തമാണ് പകര്‍ച്ചവ്യാധിയാണെന്നും മനസിലാക്കാന്‍ വൈകിയതുമൊക്കെ സ്ഥിതിഗതികള്‍ മോശമാക്കിയെന്നു വിലയിരുത്തപ്പെടുന്നുണ്ട്. വളരെക്കാലമായി മഹാമാരി പൊട്ടിപ്പുറപ്പെടുന്ന വേളയില്‍ അണുബാധയേല്‍ക്കുന്നതിനുള്ള അപകട സാധ്യത നേരിടുന്നവരാണ് ആരോഗ്യപ്രവര്‍ത്തകര്‍. ചൈനയില്‍ 2002- 2003ല്‍ സാര്‍സ് പടര്‍ന്നുപിടിച്ചപ്പോഴും ഇതേ അവസ്ഥ ആരോഗ്യരംഗത്ത് പ്രവര്‍ത്തിച്ചവര്‍ക്കുണ്ടായിരുന്നു. ഇപ്പോള്‍ വുഹാനില്‍ സംഭവിച്ചതും മറ്റൊന്നല്ല. വുഹാനിലെ ആശുപത്രിയിലെത്തിയ രോഗികളുടെ ചികിത്സയ്ക്കുള്ള വിഭവങ്ങളുടെ കടുത്ത ക്ഷാമവും, വൈറസ് പടര്‍ന്നുപിടിക്കാനുള്ള സാധ്യതയെ കുറിച്ചു സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കാന്‍ വൈകിയതും വലിയ തിരിച്ചടിയായി.

ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടുന്ന മെഡിക്കല്‍ സ്റ്റാഫിന് അതു സൃഷ്ടിച്ച ഭീഷണി നിസാരമല്ല. വുഹാനില്‍ 398 ആശുപത്രികളും 6,000 കമ്മ്യൂണിറ്റി ക്ലിനിക്കുകളും ഉണ്ട്. കൊറോണ വൈറസ് കേസുകള്‍ ചികിത്സിക്കുന്നതിനായി വുഹാന്‍ മുനിസിപ്പല്‍ ഹെല്‍ത്ത് കമ്മീഷന്‍ ഒന്‍പത് ആശുപത്രികളെയും 61 അഡീഷണല്‍ ആശുപത്രികളെയും നിയോഗിക്കുകയുണ്ടായി. രോഗം ബാധിച്ചവരില്‍ ഗണ്യമായ ശതമാനം ഇത്തരത്തില്‍ കൊറോണ വൈറസ് കേസുകള്‍ ചികിത്സിക്കാന്‍ നിയോഗിച്ച ആശുപത്രികളിലെ മെഡിക്കല്‍ സ്റ്റാഫുകളാണെന്നതാണു മറ്റൊരു വൈരുദ്ധ്യം. ഉദാഹരണത്തിന്, കൊറോണ കേസുകള്‍ കൈകാര്യം ചെയ്യാന്‍ നിയോഗിച്ച 61 ആശുപത്രികളിലൊന്നായ സോങ്‌നാന്‍ ഹോസ്പിറ്റലിലെ 40 മെഡിക്കല്‍ സ്റ്റാഫുകള്‍ക്കാണു വൈറസ് ബാധയുണ്ടായത്. ജനുവരി ഒന്ന് മുതല്‍ 28 വരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 138 കൊറോണ വൈറസ് ബാധിതരുടെ 30 ശതമാനം വരുമിത്. വുഹാന്‍ നമ്പര്‍.7 എന്ന മറ്റൊരു ആശുപത്രിയില്‍ മാസ്‌ക്, മരുന്നു തുടങ്ങിയ മെഡിക്കല്‍ വിഭവങ്ങളുടെ അഭാവം മൂലം ഐസിയു സ്റ്റാഫുകളില്‍ (തീവ്രപരിചരണ വിഭാഗത്തിലെ ജീവനക്കാര്‍) മൂന്നില്‍ രണ്ട് ശതമാനവും രോഗബാധിതരായി. സ്‌പെഷ്യലിസ്റ്റ് എന്‍95 റെസ്പിറേറ്ററി മാസ്‌കുകള്‍, കണ്ണടകള്‍, സംരക്ഷണ സ്യൂട്ടുകള്‍ എന്നിവ പോലുള്ള മെഡിക്കല്‍ സാധനങ്ങളുടെ കുറവുണ്ടായിരുന്നു. രോഗികളില്‍നിന്നും വൈറസ് മറ്റുള്ളവരിലേക്കു പകരുന്നതില്‍നിന്നും സംരക്ഷിക്കുന്നതിന് ആവശ്യമുള്ള മെഡിക്കല്‍ സാധനങ്ങള്‍ ലഭ്യമാക്കണമെന്നു വുഹാനിലെ ആശുപത്രികള്‍ സോഷ്യല്‍ മീഡിയയിലൂടെ ആവര്‍ത്തിച്ചു സഹായം അഭ്യര്‍ഥിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. മാസ്‌ക്കുകള്‍, കയ്യുറകള്‍, സംരക്ഷണ സ്യൂട്ടുകള്‍ എന്നിവയുടെ അഭാവം കൂടാതെ, മെഡിക്കല്‍ സ്റ്റാഫുകള്‍ക്കു ജോലിഭാരം കൂടിയുണ്ടായിരുന്നു. വുഹാനിലെ ആരോഗ്യപ്രവര്‍ത്തകരില്‍ മാത്രമല്ല, ചൈനയിലുടനീളമുള്ള മറ്റ് നഗരങ്ങളിലെ ആരോഗ്യപ്രവര്‍ത്തകരിലും കൊറോണ വൈറസ് ബാധയുണ്ടായി. ഗുവാങ്‌സി, ജിയാങ്‌സി, ഹൈനാന്‍ പ്രവിശ്യകളിലെ ആശുപത്രി ജീവനക്കാര്‍ക്കിടയില്‍ കൊറോണ വൈറസ് ബാധയുണ്ടായതായി അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതൊക്കെ സംഭവിച്ചപ്പോഴും ദേശീയതലത്തില്‍, സ്ഥിരീകരിച്ചതും സംശയിക്കപ്പെടുന്നതുമായ കൊറോണ വൈറസ് കേസുകളുമായി ബന്ധപ്പെട്ട ദൈനംദിന അപ്‌ഡേറ്റുകളില്‍ രോഗബാധിതരായ ആരോഗ്യപ്രവര്‍ത്തകരുടെ കാര്യത്തെക്കുറിച്ച് പരാമര്‍ശിക്കാന്‍ ദേശീയ ആരോഗ്യ കമ്മീഷന്‍ തയാറായില്ല. എന്നാല്‍ 2002-03 ല്‍ സാര്‍സ് പൊട്ടിപ്പുറപ്പെട്ട സമയത്ത്, അണുബാധയേറ്റ ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം പരസ്യപ്പെടുത്തുന്നതില്‍ ദേശയീ ആരോഗ്യ കമ്മീഷന്‍ ഇപ്പോഴുള്ളതിനേക്കാള്‍ സുതാര്യമായി കാണപ്പെട്ടു. 2003 ഫെബ്രുവരി പകുതിയില്‍, ഗുവാങ്‌ഡോംഗ് പ്രവിശ്യയില്‍ കണ്ടെത്തിയ 305 സാര്‍സ് കേസുകളില്‍ 105 എണ്ണം മെഡിക്കല്‍ സ്റ്റാഫുകളാണെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. 2003 ല്‍ സാര്‍സ് പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ചൈനീസ് വന്‍കരയില്‍ 18 ശതമാനം ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഹോങ്കോങില്‍ 22 ശതമാനം മെഡിക്കല്‍ സ്റ്റാഫിനും അണുബാധയുണ്ടായിരുന്നു.

1.4 ബില്യന്‍ ആളുകളെ അത്യാധുനിക സാങ്കേതികവിദ്യയും മാസ് സര്‍വൈലന്‍സും ഉപയോഗിച്ചു നിരീക്ഷിക്കാനുള്ള കഴിവുണ്ട് ചൈനയ്ക്ക്. സ്‌കൈനെറ്റ് എന്ന രാജ്യവ്യാപകമായ വീഡിയോ മോണിറ്ററിംഗ് സിസ്റ്റവും ചൈനയ്ക്കുണ്ട്. പക്ഷേ, ഇപ്പോള്‍ കൊറോണ വൈറസ് ബാധിച്ചപ്പോള്‍ ഈ സംവിധാനങ്ങള്‍ കൊണ്ട് അവയെ മുന്‍കൂട്ടി കണ്ടുപിടിക്കാന്‍ സാധിച്ചില്ലേയെന്ന ചോദ്യങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. വൈറസ് പൊട്ടിപ്പുറപ്പെട്ടതിന്റെ ആദ്യദിനങ്ങളില്‍, ചൈനീസ് സര്‍ക്കാര്‍ ഈ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് രോഗവാഹകരെ എളുപ്പത്തില്‍ കണ്ടുപിടിക്കാനാകുമെന്നു കരുതി. പക്ഷേ, അവയെല്ലാം പാളിയെന്നു പിന്നീട് തെളിഞ്ഞു. ഇപ്പോഴുള്ള ഫേഷ്യല്‍ റെക്കഗ്നിഷന്‍ ടെക്‌നോളജിക്ക് 99.9 ശതമാനത്തില്‍ കൂടുതല്‍ കൃത്യതയോടെ ഒരു പൗരനെ നിമിഷങ്ങള്‍ക്കുള്ളില്‍ തിരിച്ചറിയാന്‍ കഴിയും. ആളുകള്‍ ഫെയ്‌സ് മാസ്‌ക്കുകള്‍ അഥവാ മുഖംമൂടി ധരിച്ചതിനാല്‍ ചൈനയിലെ നിരീക്ഷണ ക്യാമറകള്‍ക്ക് രോഗവാഹകരുടെ മുഖം തിരിച്ചറിയാന്‍ സാധിച്ചിട്ടുണ്ടാകില്ലെന്നാണു വിലയിരുത്തപ്പെടുന്നത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനു ശേഷം സര്‍ക്കാര്‍ എല്ലാ പൗരന്മാരോടും പൊതുസ്ഥലങ്ങളില്‍ മുഖംമൂടി ധരിക്കണമെന്നു നിര്‍ദേശിച്ചിരുന്നു.

ബ്ലെഡ് പ്ലാസ്മ ദാനം ചെയ്യാന്‍ ആഹ്വാനം

ഫലപ്രദമായ ചികിത്സ നടത്താമെന്ന പ്രതീക്ഷയില്‍ ബ്ലെഡ് പ്ലാസ്മ ദാനം ചെയ്യാന്‍ കൊറോണ വൈറസിനെ അതിജീവിച്ചവരോട് ചൈനയിലെ അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. രക്തത്തിന്റെ 50% വും വരുന്ന ദ്രാവകഭാഗമാണ് ബ്ലെഡ് പ്ലാസ്മ. ഇത്തരത്തില്‍ കൊറോണ റൈസിനെ അതിജീവിച്ചവരുടെ ശരീരത്തില്‍ സ്വാഭാവികമായും ഉല്‍പാദിപ്പിക്കുന്ന ആന്റിബോഡികള്‍ കൊറോണ വൈറസ് ബാധിതരുടെ ചികിത്സയ്ക്ക് ഉപയോഗിക്കാനാകുമെന്നു ഡോക്ടര്‍മാര്‍ വിശ്വസിക്കുന്നുണ്ട്. കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനു വേണ്ടിയുള്ള ഫലപ്രദമായ മരുന്ന് ഇല്ല. അതിനു വേണ്ടി അന്വേഷണം പുരോഗമിക്കുന്നുണ്ട്. പക്ഷേ, ഓരോ ദിവസവും മരണസംഖ്യ ഉയരുന്നതിനാല്‍ മരുന്ന് അന്വേഷിച്ചു നടന്നു സമയം കളയാനാവില്ല. അതുകൊണ്ടാണ് വൈറസിനെ അതിജീവിച്ചവരുടെ ബ്ലെഡ് പ്ലാസ്മ ദാനം ചെയ്യണമെന്ന് ആഹ്വാനം ചെയ്തിരിക്കുന്നത്. ആന്റി വൈറല്‍ മരുന്നുകളും പരമ്പരാഗത ചൈനീസ് മരുന്നുകളുമാണു ഇപ്പോള്‍ കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കാന്‍ ഉപയോഗിക്കുന്നത്.

Categories: Top Stories