ബ്രിട്ടന്റെ താക്കോല്‍ കൈയിലേന്തിയ ഭാരതീയന്‍

ബ്രിട്ടന്റെ താക്കോല്‍ കൈയിലേന്തിയ ഭാരതീയന്‍

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇഷ്ടക്കാരനായി ധനമന്ത്രി പദത്തിലെത്തിയ ഋഷി സൂനക് അടിമുടി ഒരു ഭാരതീയന്‍

ലണ്ടന്‍: പ്രധാന മന്ത്രി ബോറിസ് ജോണ്‍സനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ചാന്‍സലര്‍ ഓഫ് ദി എക്‌സ്‌ചെക്കര്‍ (ധനകാര്യ മന്ത്രി) സ്ഥാനത്ത് നിന്ന് പാക് വംശജനായ സാജിദ് ജാവിദ് രാജിവെച്ച ഒഴിവിലേക്ക് നിയമിതനായ ഇന്ത്യന്‍ വംശജന്‍ ഋഷി സൂനക് സ്വന്തം വേരുകളില്‍ ഏറെ അഭിമാനിക്കുന്ന വ്യക്തി. ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മരുമകനായ ഋഷി, ബ്രിട്ടീഷുകാരനാണ് താനെങ്കിലും ഭാരതീയ സാംസ്‌കാരിക, മത പാരമ്പര്യങ്ങളാണ് നതിക്കുള്ളതെന്ന് മടികൂടാതെ തുറന്നു പറയുന്ന ആളാണ്.

പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പ്രിയങ്കരനായ ഈ 39 കാരന്‍ ബ്രക്‌സിറ്റ് അനുകൂല പ്രചാരണത്തിന്റെ മുന്‍പന്തിയിലുണ്ടായിരുന്നു. മാധ്യമങ്ങളില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വേണ്ടി പ്രത്യക്ഷപ്പെട്ട് ശക്തമായ വാദം നയിച്ച് ശ്രദ്ധേയനായി. ഇന്ത്യയോട് ഏറെ ആഭിമുഖ്യം പ്രകടിപ്പിച്ചിട്ടുള്ള ജോണ്‍സന്‍, സുപ്രധാന ഭരണ സ്ഥാപനങ്ങളുടെ തലപ്പത്തേക്ക് ഇന്ത്യന്‍ വംശജരെ നിയമിക്കാന്‍ തല്‍പ്പരനാണെന്ന് സൂനകിന്റെ നിയമനം സൂചിപ്പിക്കുന്നു. അലോക് ശര്‍മ ബിസിനസ് സെക്രട്ടറിയായും പ്രീതി പട്ടേല്‍ ആഭ്യന്തര സെക്രട്ടറിയായും ബ്രിട്ടീഷ് കാബ്‌നെറ്റില്‍ നിയമിതരായിട്ടുണ്ട്.

വലതുപക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവായ ഋഷിയുടെ രാഷ്ട്രീയ വളര്‍ച്ച അതിവേഗമായിരുന്നു. 2015 ല്‍ യോര്‍ക്ക്‌ഷെയറില്‍ നിന്നാണ് ആദ്യമായി പാര്‍ലമെന്റിലെത്തിയത്. 2017 ല്‍ ബിസിനസ് വകുപ്പില്‍ പാര്‍ലമെന്ററി സെക്രട്ടറിയായി നിയമിതനായ അദ്ദേഹം തൊട്ടടുത്ത വര്‍ഷം സഹ മന്ത്രി സ്ഥാനത്തേക്കുയര്‍ന്നു. പഞ്ചാബി ഹിന്ദു കുടുംബത്തില്‍ ഡോക്ടറായ യശ്‌വീര്‍, ഉഷ ദമ്പതികളുടെ മകനായി ഹാംപ്‌ഷെയറിലാണ് ഋഷി ജനിച്ചത്. യുഎസിലെ സ്റ്റാന്‍ഫോഡ് സര്‍വകലാശാലയില്‍ നിന്ന് എംബിഎ ചെയ്യുമ്പോളാണ് എന്‍ ആര്‍ നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷതയെ പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും.

വെല്ലുവിളി

വന്‍ വിജയവുമായി അധികാരത്തിലെത്തിയ ജോണ്‍സന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് മാര്‍ച്ച് 11 നാണ്. ബ്രിട്ടന്റെ ബജറ്റ് തയാറാക്കാന്‍ ആഴ്ചകള്‍ മാത്രമേ ഋഷിയുടെ പക്കലുള്ളൂ. ധന കമ്മി കുറയ്ക്കുന്നതിനെ കുറിച്ച് വാചാലനാകുന്ന അദ്ദേഹത്തിന് തന്റെ ആശയങ്ങള്‍ പ്രവര്‍ത്തിപഥത്തിലെത്തിക്കാന്‍ സാധിക്കുമോയെന്ന് രാജ്യം ഉറ്റു നോക്കുന്നു. ചെലവിടല്‍ വകുപ്പുകള്‍ കൈകാര്യം ചെയ്ത് മുന്‍പരിചയമില്ലാത്ത ചെറുപ്പക്കാരനെ ബ്രക്‌സിറ്റ് അസ്ഥിരതാ കാലത്ത് നിര്‍ണായക ചുമതലയിലേക്ക് നിയമിച്ചതിലൂടെ പ്രധാനമന്ത്രി ജോണ്‍സന്‍ വെല്ലുവിളി നിറഞ്ഞ പരീക്ഷണമാണ് നടത്തുന്നതെന്ന് വിമര്‍ശിക്കപ്പെടുന്നുണ്ട്.

Categories: FK News, Slider
Tags: Rsihi sunak