വിതരണം പാളി, റെഡ്മി നോട്ട്8 നിരക്ക് കൂട്ടി ഷഓമി

വിതരണം പാളി, റെഡ്മി നോട്ട്8 നിരക്ക് കൂട്ടി ഷഓമി
  • ചൈനയില്‍ നിന്നും അസംസ്‌കൃത വസ്തുക്കള്‍ വിതരണം ചെയ്യാനാകുന്നില്ല
  • റെഡ്മി നോട്ട് 8 ന് 500 രൂപ വര്‍ധിക്കും
  • നിരക്ക് വര്‍ധന താല്‍ക്കാലികമെന്ന് കമ്പനി

ന്യൂഡെല്‍ഹി: ഷഓമിയുടെ ഏറെ ജനപ്രിയ നിരയിലുള്ള റെഡ്മി നോട്ട് 8 സ്മാര്‍ട്ട്‌ഫോണിന്റെ നിരക്ക് വര്‍ധിപ്പിച്ചു. കൊറോണ വൈറസ് ബാധ പടരുന്നതിനാല്‍ ചൈനീസ് വിപണിയില്‍ വിതരണത്തിലുണ്ടായ പാളിച്ചയാണ് നിരക്ക് കൂട്ടാന്‍ ഷഓമിയെ പ്രേരിപ്പിച്ചത്. റെഡ്മി നോട്ട് 8 ന് 500 രൂപ വരെ വില കൂടുമെന്ന് കമ്പനി അറിയിച്ചു. നിരക്ക് വര്‍ധന താല്‍ക്കാലികമാണെന്നും നിലവിലെ സാഹചര്യത്തില്‍ മാറ്റമുണ്ടായാല്‍ നിരക്ക് പഴയപടി തിരികെയെത്തുമെന്നും കമ്പനി വ്യക്തമാക്കി.

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണില്‍ റെഡ്മി നോട്ട് 8 സ്‌റ്റോക്ക് തീര്‍ന്ന സാഹചര്യമാണുള്ളത്. നിരക്ക് കൂടുന്നതിനു മുമ്പ് ഫോണിന്റെ വില 9,999 രൂപ ആയിരുന്നു. ഇനിമുതല്‍ റെഡ്മി നോട്ട് 8ന്റെ 4ജിബി, 64ജിബി മോഡല്‍ സ്വന്തമാക്കാന്‍ 10,499 രൂപ നല്‍കണം. 6.30 ഇഞ്ച് ഡിസ്‌പ്ലേയോടുകൂടിയ ഫോണ്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 665 ലാണ് പ്രവര്‍ത്തനം. പിന്നില്‍ നാല് കാമറ സെറ്റപ്പുകളുണ്ട്. 13 മെഗാപിക്‌സല്‍ ഫ്രണ്ട് കാമറയുള്ള ഫോണിന് 4000 എംഎഎച്ച് ബാറ്ററി ശേഷിയാണ് മറ്റൊരു പ്രത്യേകത. ചൈനയില്‍ വിതരണത്തിന് നിരോധനമുള്ളതില്‍ മറ്റു ചാനലുകളിലൂടെ ഹാര്‍ഡ്‌വെയറുകളും മറ്റ് അസംസ്‌കൃത വസ്തുക്കളും വിതരണം ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഷഓമി ഇന്ത്യ വ്യക്തമാക്കി. ഇതിനിടെ ഷഓമിയുടെ ചൈനീസ് എതിരാളികളായ വിവോ തങ്ങളുടെ മോഡലുകള്‍ക്ക് വില തല്‍ക്കാലം വര്‍ധിപ്പിക്കുന്നില്ല എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

ചൈനയിലെ കൊറോണ ബാധയില്‍ വിതരണത്തില്‍ വെല്ലുവിളി നേരിടുന്ന ആദ്യ കമ്പനിയല്ല ഷഓമി. അസൂസിന്റെ പ്രശസ്തമായ ആഒജി ഫോണ്‍2 വിനും വെല്ലുവിളിയുള്ളതായി കമ്പനി കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവിട്ടിരുന്നു.

Comments

comments

Categories: FK News