വാവേയ്ക്ക് എതിരെ തെളിവുകളുണ്ടെന്ന് യുഎസ്

വാവേയ്ക്ക് എതിരെ തെളിവുകളുണ്ടെന്ന് യുഎസ്

മൊബൈല്‍ നെറ്റ്‌വര്‍ക്കിലേക്ക് പിന്‍വാതില്‍ പ്രവേശനം നടത്താനുള്ള സാങ്കേതിക വിദ്യ വാവേയുടെ പക്കലുണ്ട്

ന്യൂയോര്‍ക്ക്: ചൈനീസ് ടെലികോം ഉല്‍പ്പന്ന നിര്‍മാതാക്കളായ വാവേയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വീണ്ടും യുഎസ് രംഗത്തെത്തി. തങ്ങളുടെ ഉല്‍പ്പന്നങ്ങളിലൂടെ മൊബൈല്‍ നെറ്റ്‌വര്‍ക്കിലേക്ക് പിന്‍വാതില്‍ പ്രവേശനം നടത്താനുള്ള സാങ്കേതിക വിദ്യ വാവേയുടെ പക്കലുണ്ടെന്നും അത് തെളിയിക്കാന്‍ സാധിക്കുമെന്നും യുഎസ് സുരക്ഷാ ഉപദേഷ്ടാവ് റോബെര്‍ട്ട് ഒബ്രയന്‍ വ്യക്തമാക്കി. ചാരവൃത്തി സംബന്ധിച്ച് വാവേയ്‌ക്കെതിരെ യുഎസ് ആരോപണം ഉന്നയിക്കുന്നത് ആദ്യമായല്ലെങ്കിലും മുന്‍പൊന്നും തെളിവുകളെ കുറിച്ച് പറഞ്ഞിരുന്നില്ല. ഇപ്പോഴും ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകള്‍ പരസ്യപ്പെടുത്തിട്ടില്ല. എന്നാല്‍ അവ യുകെ, ജര്‍മനി എന്നീ രാജ്യങ്ങളുമായി പങ്കുവെച്ചിട്ടുണ്ടെന്ന് യുഎസ് പറയുന്നു.

നിയമപരമായ ആവശ്യങ്ങള്‍ക്കായി നെറ്റ്‌വര്‍ക്കുകളിലേക്ക് പ്രവേശിക്കാനുള്ള സംവിധാനം, ഉപകരണങ്ങളില്‍ ഉള്‍പ്പെടുത്താന്‍ കമ്പനികള്‍ ബാധ്യസ്ഥരാണ്. എന്നാല്‍ അതിന് നെറ്റ്‌വര്‍ക്ക് ഓപ്പറേറ്ററുടെ അനുവാദവും ആവശ്യമായ രീതിയിലായിരിക്കണം സംവിധാനം പ്രവര്‍ത്തിക്കേണ്ടത്. ഇത്തരം അനുവാദം തേടാതെ തന്നെ നെറ്റ്‌വര്‍ക്കില്‍ പ്രവേശിക്കാനുള്ള ഉപകരണം വാവേയുടെ പക്കലുണ്ട് എന്നാണ് യുഎസ് ആരോപിക്കുന്നത്.

തെളിവുകള്‍ ഇല്ലാതെയാണ് യുഎസ് ആരോപണം ഉന്നയിക്കുന്നതെന്ന് വാവേയ് പ്രതികരിച്ചു. ഉപഭോക്താക്കളുടെ നെറ്റ്‌വര്‍ക്കിനും വിവരങ്ങള്‍ക്കും അപായമുണ്ടാക്കുന്ന യാതൊരു പ്രവര്‍ത്തനവും കമ്പനി ചെയ്തിട്ടില്ല. നെറ്റ്‌വര്‍ക്ക് ഓപ്പറേറ്ററുടെ വ്യക്തമായ അനുമതിയില്ലാതെ അതില്‍ പ്രവേശിക്കാന്‍ വാവെയുടെ ഒരു ജീവനക്കാരനും അനുമതിയില്ലെന്നും കമ്പനി വൃത്തങ്ങള്‍ പറയുന്നു.

Categories: FK News
Tags: huawei, Huwei-US

Related Articles