അഞ്ച് വര്‍ഷത്തിനകം ലക്ഷം കോടിയുടെ തുരങ്കങ്ങള്‍ നിര്‍മിക്കും

അഞ്ച് വര്‍ഷത്തിനകം ലക്ഷം കോടിയുടെ തുരങ്കങ്ങള്‍ നിര്‍മിക്കും

രാജ്യത്തെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ തുരങ്കങ്ങളുടെ ആവശ്യമുണ്ടെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി

രാജ്യത്ത് പ്രതിവര്‍ഷം നടക്കുന്ന അഞ്ച് ലക്ഷം റോഡ് അപകടങ്ങളില്‍ 40 ശതമാനവും ദേശീയ പാതകളിലാണ്. ഒന്നര ലക്ഷം ആളുകളാണ് കൊല്ലപ്പെടുന്നത്. തെറ്റായ റോഡ് ഡിസൈനുകളുടെ പ്രധാന കാരണം പദ്ധതി മാര്‍ഗരേഖകളിലെ പിഴവാണ്

-നിതിന്‍ ഗഡ്കരി, ഗതാഗത മന്ത്രി

ന്യൂഡെല്‍ഹി: എല്ലാ കാലാവസ്ഥയിലും ഗതാഗതം സാധ്യമാക്കാനുദ്ദേശിച്ച് അടുത്ത അഞ്ച് വര്‍ഷത്തില്‍ ഒരു ലക്ഷം കോടി രൂപ ചെലവാക്കി തന്ത്രപ്രദാന സ്ഥലങ്ങളില്‍ തുരങ്കങ്ങള്‍ നിര്‍മിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. ലേല വ്യവസ്ഥകളിലെ സാങ്കേതിക, സാമ്പത്തിക മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി ചെറുത്, വലുത് എന്ന വ്യത്യാസങ്ങളില്ലാതെ എല്ലാവര്‍ക്കും ഇതില്‍ അവസരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ പ്രമുഖ വ്യാപാര സംഘടനയായ അസോചവും ഗതാഗത വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ദേശീയ പാത അടിസ്ഥാന സൗകര്യ വികസന കോര്‍പ്പറേഷനും (എന്‍എച്ച്‌ഐഡിസി) ചേര്‍ന്ന് ‘ഭൂഗര്‍ഭ നിര്‍മാണങ്ങളും തുരങ്ക നിര്‍മിതിയും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച വട്ടമേശ സമ്മേളനത്തില്‍ പങ്കെടുക്കവേയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ചര്‍ച്ചയുടെ ഭാഗമായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, വ്യവസായികള്‍, അനുബന്ധ സ്ഥാപങ്ങള്‍ എന്നിവരുമായി മന്ത്രി സംവദിച്ചു.

ചെലവ് കുറച്ച് നിലവാരം വര്‍ധിപ്പിക്കുകയാണ് അടിയന്തരമായ ആവശ്യമെന്നും സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് മുറിക്കുള്ളില്‍ ഒതുങ്ങി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും ഗഡ്കരി പറഞ്ഞു. വിശദമായ പദ്ധതി മാര്‍ഗരേഖകളിലെ (ഡിപിആര്‍) പിഴവുകള്‍ വര്‍ഷാവര്‍ഷം ലക്ഷക്കണക്കിന് ജീവനുകള്‍ അപഹരിക്കുന്നതിന് വരെ കാരണമാവുന്നതിനാല്‍ പദ്ധതികളുടെ ഉപദേശക സംവിധാനത്തിനായി പുതിയ നയം കൊണ്ടുവരുമെന്നും ഗതാഗത വകുപ്പ് മന്ത്രി വ്യക്തമാക്കി.

Categories: FK News, Slider