ടെലികോം സേവനങ്ങളുടെ ഗുണമേന്‍മ തൃപ്തികരമല്ല: ട്രായ്

ടെലികോം സേവനങ്ങളുടെ ഗുണമേന്‍മ തൃപ്തികരമല്ല: ട്രായ്
  • ഗുണനിലവാരം ഉറപ്പാക്കുന്നതില്‍ മൊബീല്‍ കമ്പനികള്‍ പരാജയപ്പെട്ടതായി ട്രായ് ചെയര്‍മാന്‍
  • കൊല്‍ക്കത്ത, ബെംഗളുരു ഉള്‍പ്പെടെ ഏഴ് നഗരങ്ങളില്‍ ട്രായ് സര്‍വേ നടത്തി
  • കമ്പനികളുമായി ചര്‍ച്ച നടത്തും
  •  നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങള്‍ പ്രാദേശിക പ്രശ്‌നം മാത്രമെന്ന് സിഒഎഐ

വന്‍കിട കെട്ടിടങ്ങളിലും ഓഫീസുകളിലും ഇന്റര്‍നെറ്റ് കണക്ടിവിറ്റി, ദുര്‍ബലമായ കോളുകള്‍ എന്നിവയിലുള്ള പരാതികള്‍ ഏറെയാണ്. അടച്ചിട്ട മുറികളിലും കെട്ടിടത്തിനുള്ളിലെ പൊതു സ്ഥലങ്ങളിലും സേവനങ്ങള്‍ തൃപ്തികരമല്ല

-ആര്‍ എസ് ശര്‍മ ചെയര്‍മാന്‍, ട്രായ്

ന്യൂഡെല്‍ഹി: രാജ്യത്തെ ടെലികോം സേവനങ്ങളുടെ ഗുണനിലവാരം തൃപ്തികരമല്ലെന്ന് ട്രായ്( ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ). അടുത്തിടെ നിരക്ക് വര്‍ധനവ് നടപ്പാക്കിയിട്ടും മൊബീല്‍ സേവനദാതാക്കള്‍ തങ്ങളുടെ സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടതായി ട്രായ് കുറ്റപ്പെടുത്തി.

പ്രധാനമായും വിവിധ നില കെട്ടിടങ്ങള്‍ അടങ്ങിയ ഓഫീസ് കോംപ്ലക്‌സുകള്‍, റെസിഡെന്‍ഷ്യല്‍ ഏരിയ, മാളുകള്‍, എയര്‍പോര്‍ട്ട് എന്നിവിടങ്ങളില്‍ ഉപഭോക്തൃ സേവനങ്ങള്‍ നല്‍കുന്നതില്‍ മൊബീല്‍ കമ്പനികള്‍ കാണിക്കുന്ന അനാസ്ഥ ഗൗരവപരമായ വിഷയമാണെന്നും ട്രായ് ചൂണ്ടിക്കാട്ടുകയുണ്ടായി. മൊബീല്‍ ഓപ്പറേറ്റര്‍മാര്‍ നിലവില്‍ നല്‍കിവരുന്ന സേവനങ്ങളില്‍ ഒട്ടും സംതൃപ്തിയില്ലെന്ന് ട്രായ് ചെയര്‍മാന്‍ ആര്‍ എസ് ശര്‍മ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഈ വിഷയം സംബന്ധിച്ച് അധികം വൈകാതെ കമ്പനികളുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കെട്ടിടങ്ങള്‍ക്കുള്ളിലുള്ള കണക്ടിവിറ്റി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി കമ്പനികള്‍ ശരിയായ നിക്ഷേപം നടത്തേണ്ടതാണ്. റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാര്‍ ഇത് സംബന്ധിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനായി ശുപാര്‍ശ ചെയ്തിരുന്നെങ്കിലും ഇനിയം ഫലവത്തായിട്ടില്ല.

കോള്‍, ഇന്റര്‍നെറ്റ് എന്നിവയുടെ ഗുണനിലവാരം മനസിലാക്കുന്നതിന്റെ ഭാഗമായി ട്രായ് ഉപഭോക്താക്കള്‍ക്കിടയില്‍ സര്‍വേ നടത്തുകയുമുണ്ടായി. നിരന്തരമായി നടത്തിവന്ന റോഡ് പരീക്ഷണങ്ങളിലൂടെ നെറ്റ്‌വര്‍ക്ക് ഗുണമേന്‍മ അറിയുന്നതിനു പകരം ഓരോ കോംപ്ലക്‌സിലുമെത്തി നടത്തിയ പരിശോധിക്കുകയും താമസക്കാരെ നേരിട്ടു കണ്ട് പ്രശ്‌നം മനസിലാക്കാനുമാണ് ശ്രമിച്ചതെന്നു ശര്‍മ പറഞ്ഞു. ഭോപ്പാല്‍, കൊല്‍ക്കത്ത, ബെംഗളുരു എന്നീ നഗരങ്ങള്‍ ഉള്‍പ്പെട്ട ആറ്, ഏഴ് നഗരങ്ങളിലാണ് ട്രായ് സര്‍വേ നടത്തിയത്. വന്‍കിട കെട്ടിടങ്ങളിലും ഓഫീസുകളിലും ഇന്റര്‍നെറ്റ് കണക്ടിവിറ്റി, ദുര്‍ബലമായ കോളുകള്‍ എന്നിവയിലുള്ള പരാതികള്‍ ഏറെയാണ്. അടച്ചിട്ട മുറികളിലും കെട്ടിടത്തിനുള്ളിലെ പൊതു സ്ഥലങ്ങളിലും സേവനങ്ങള്‍ തൃപ്തികരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടെലികോം കണക്ടിവിറ്റിയിലെ പ്രശ്‌നങ്ങള്‍ ശരിയായ രീതിയില്‍ പരിഹരിക്കണമെന്ന്് നഗര വികസന ടെലികോം വകുപ്പ് മന്ത്രാലയത്തോട് ട്രായ് നല്‍കുന്ന ശുപാര്‍ശ. പ്ലഗ് ആന്‍പ്ലേ സംവിധാനം നടപ്പാക്കുന്നതാകും ഈ പ്രശ്‌നം പരിഹരിക്കാന്‍ മികച്ച മാര്‍ഗമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നെറ്റ്‌വര്‍ക്കിലെ പ്രശ്‌നങ്ങള്‍ പ്രാദേശിക പ്രശ്‌നം മാത്രമാണെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഒഎഐ) വ്യക്തമാക്കി. ടവര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലും ഫൈബറിലുമുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ഇതിനു കാരണമെന്നും അവര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി.

Comments

comments

Categories: FK News
Tags: telecom, TRAI