മാതൃകയാക്കാം ഈ സംരംഭകന്റെ വിജയ വഴികള്‍

മാതൃകയാക്കാം ഈ സംരംഭകന്റെ വിജയ വഴികള്‍

പുതു സംരംഭകര്‍ക്ക് എന്നും പ്രചോദനമായിരിക്കും എം ബാഷ്യത്തിന്റെ ജീവിത യാത്ര. ഒരു ജീവനക്കാരനില്‍ നിന്ന് അദ്ദേഹം ഇന്ന് എം എന്‍ ഫാഷന്‍സ് ആന്‍ഡ് എം എന്‍ ഫാബ്രിക്‌സിന്റെ സ്ഥാപകനും മാനേജിംഗ് പാര്‍ട്ണറുമാണ്. ഒരു തികഞ്ഞ മനുഷ്യ സ്നേഹിയും ദീര്‍ഘവീക്ഷണമുള്ള വ്യക്തിത്വവുമാണ് അദ്ദേഹം. ഇന്ന് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കേരളത്തിലെ ഏറ്റവും വലിയ മൊത്ത വ്യാപാര ടെക്സ്റ്റൈല്‍ ഗ്രൂപ്പാണ് എം എന്‍ ഫാഷന്‍സ് ആന്‍ഡ് ഫാബ്രിക്സ്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ ഏറ്റവും വലിയ വസ്ത്രശേഖരം ഇവിടെ ഒരുക്കിയിട്ടുണ്ട്

1961ല്‍ ഒരു നിര്‍ധന കുടുംബത്തിലാണ് എം ബാഷ്യം ജനിച്ചത്. ബാബു എന്നാണ് അദ്ദേഹം സ്നേഹിതരുടെ ഇടയില്‍ അറിയപ്പെടുന്നത്. കുടുംബത്തിലെ ഒരേയൊരു ആണ്‍തരിയായിരുന്നു അദ്ദേഹം കുടുംബത്തിന്റെ കഷ്ടപ്പാടുകള്‍ മനസിലാക്കി 13-ാം വയസില്‍ ഒരു തൊഴില്‍ കണ്ടെത്തി. അങ്ങനെ 1974ല്‍ ചെന്നൈ ഗോഡൗണ്‍ സ്ട്രീറ്റിലെ ഒരു മൊത്ത വ്യാപാര വസ്ത്ര വ്യവസായ കമ്പനിയില്‍ അദ്ദേഹം ഒരു സാധാരണ തൊഴിലാളിയായി പ്രവേശിച്ചു. അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥയും അധ്വാനവും കണ്ട് കൂടുതല്‍ ഉത്തരവാദിത്വങ്ങളും ഉയര്‍ന്ന വേതനവും അദ്ദേഹത്തിന് നല്‍കി. അങ്ങനെ 1982ല്‍ കമ്പനിയുടെ സെയില്‍സ്മാന്‍ ആയി അദ്ദേഹത്തിന് സ്ഥാന കയറ്റം ലഭിച്ചു. തമിഴ്‌നാട്ടിലും ചെന്നൈയിലും യാത്ര ചെയ്ത് ഉപഭോക്താക്കളെ കണ്ടെത്തുകയായിരുന്നു ബാഷ്യത്തിന്റെ ജോലി. അദ്ദേഹത്തിന്റെ പ്രകടനവും പരിശ്രമങ്ങളും കമ്പനിയുടെ വരുമാനം വര്‍ധിക്കാന്‍ കാരണമായി. അധികം വൈകാതെ തന്നെ കമ്പനിയുടെ മികച്ച സെയില്‍സ്മാന്‍ ആയി ബാഷ്യമിനെ തിരഞ്ഞെടുത്തു. അങ്ങനെ 50 രൂപയില്‍ നിന്നും അദ്ദേഹത്തിന്റെ ശമ്പളം 2500 ആയി ഉയര്‍ന്നു. അന്ന് അദ്ദേഹത്തിന് 16 വയസ് ആയിരുന്നു. ജോലിയില്‍ സതൃപ്തരായ കമ്പനിയുടെ ഉടമകള്‍ ബാഷ്യമിനോട് സ്വന്തമായി ഒരു സംരംഭം തുടങ്ങാന്‍ ആവശ്യപ്പെട്ടു.

അദ്ദേഹത്തിന്റെ കഴിവും ബുദ്ധിയും പലരും അംഗീകരിച്ചു. ബാഷ്യമിന്റെ ഒരു രക്ഷാധികാരി പുതിയ കമ്പനി സ്ഥാപിക്കുന്നതിന് പ്രാരംഭ മൂലധനം വാഗ്ദാനം ചെയ്തു. അങ്ങനെ പാര്‍ട്ണര്‍ഷിപ്പില്‍ എന്‍ എന്‍ ഫാബ്രിക്സ് എന്ന കമ്പനി അദ്ദേഹം ആരംഭിച്ചു. ഒരു ജീവനക്കാരനില്‍ നിന്ന് ഉടമയിലേക്കുള്ള പരിവര്‍ത്തനം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സുഗമമായിരുന്നു. കാരണം വളരെ ആത്മാര്‍ത്ഥതയോടെയാണ് അദ്ദേഹം സ്വന്തം തൊഴില്‍ദാതാക്കളോടൊപ്പം നിന്നിട്ടുള്ളത്. പുതിയ കമ്പനിയിലേക്ക് അദ്ദേഹം സ്റ്റാഫുകളെ നിയമിച്ചു. ബിസിനസ് വളരാന്‍ തുടങ്ങി, വാര്‍ഷിക വിറ്റുവരവ് 30 ലക്ഷം എത്തി. പിന്നീട് 1995ല്‍ പാര്‍ട്ണറുമാര്‍ പിരിയുകയും, എന്‍ എന്‍ ഫാബ്രിക്‌സ് ബാഷ്യം സ്വന്തമാക്കുകയും ചെയ്തു. പുതിയ കമ്പനിക്ക് ആവശ്യമായ മൂലധനം കണ്ടെത്താന്‍ അദേഹത്തിന് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. ബാഷ്യം ലാഭവിഹിതം വളരെ കൃത്യമായി നല്‍കിയിരുന്നു. വിജയിക്കുമെന്ന് നൂറ് ശതമാനം ഉറപ്പുള്ളതിനാല്‍ കൈയ്യിലുള്ള സമ്പാദ്യം അദ്ദേഹം ബിസിനസ്സില്‍ നിക്ഷേപിച്ചു. ഓരോ ദിവസവും അദ്ദേഹം ബിസിനസ് മെച്ചപ്പെടുത്താനായി ശ്രമിച്ചു.

ഗുണമേന്മയുള്ള ഉല്‍പന്നങ്ങള്‍ മാത്രമാണ് അദ്ദേഹം നല്‍കിയിരുന്നത്. പിന്നീട് നിരവധി വെല്ലുവിളികള്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്നു. റെഡിമെയ്ഡ് ഉല്‍പന്നങ്ങള്‍ വിപണിയില്‍ എത്തിയത് അദ്ദേഹത്തിന് ഒരു ഭീഷണി ആയി മാറി. വിപണിയിലെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് അദ്ദേഹവും ബിസിനസില്‍ മാറ്റങ്ങള്‍ കൊണ്ടു വന്നു. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമുള്ള റെഡിമെയ്ഡ് ഗാര്‍മെന്റുകള്‍ ഇറക്കി. തുടര്‍ന്ന് ബിസിനസ് മോഡലിലും അദ്ദേഹം ചെറിയ മാറ്റങ്ങള്‍ വരുത്തി.

കേരളം ആയിരുന്നു എം എന്‍ ഫാബ്രിക്‌സിന്റെ പ്രധാന വിപണിയെന്ന് മനസിലാക്കിയ അദ്ദേഹം ചെന്നൈയില്‍ നിന്നും കൊച്ചിയിലേക്ക് എത്തി. 1999ല്‍ കൊച്ചിയില്‍ 600 ചതുരശ്ര അടി വരുന്ന എം എന്‍ ഫാബ്രിക്‌സ് എന്ന മൊത്തവ്യാപാര റെഡിമെയ്ഡ് കമ്പനി സ്ഥാപിച്ചു. അടുത്ത വര്‍ഷം തന്നെ ഒരു കോടിയുടെ വാര്‍ഷിക വിറ്റുവരവ് നേടാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ വലിയൊരു വിജയം ആയിരുന്നു.

ഒരു മൊത്തവ്യാപാര വിപണിയില്‍ സാധനങ്ങളുടെ നിരന്തരമായ ഒഴുക്ക് ആവശ്യമാണ്. ക്രെഡിറ്റില്‍ സാധനങ്ങള്‍ വില്‍ക്കുമ്പോള്‍ പണമൊഴുക്ക് ഒരു പ്രധാന ഘടകമാണ്. ഇതിനായി കമ്പനിയുടെ ക്യാപിറ്റല്‍ സ്ട്രക്ച്ചറില്‍ കടം വര്‍ദ്ധിപ്പിക്കുക മാത്രമായിരുന്നു അദ്ദേഹത്തിന് മുന്നിലെ ഏക വഴി. വിതരണക്കാര്‍ക്ക് കൃത്യ സമയത്ത് കാശ് നല്‍കാന്‍ ഇത് വഴി സാധിച്ചു. തുടര്‍ന്ന് കമ്പനിയെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി 2003ല്‍ എം എന്‍ ഫാഷന്‍സ് എന്ന മറ്റൊരു വ്യവസായവും ആരംഭിച്ചു. ഗുജറാത്ത്, മഹാരാഷ്ട്ര, കൊല്‍ക്കത്ത, ഡെല്‍ഹി, ആന്ധ്രാപ്രദേശ് പോലുള്ള സ്ഥലങ്ങളിലെ ടെക്സ്ടൈല്‍ വിപണിയിലെ മികച്ച ഏജന്‍സികളുമായി ഒരു വലിയ സംഭരണ ശൃംഖല സ്ഥാപിച്ചു. കഴിവുള്ള സ്റ്റാഫുകളെ ഇതിനായി അദ്ദേഹം നിയമിച്ചു. അവര്‍ക്ക് നല്ല പരിശീലനവും നല്‍കി.

സാങ്കേതികവിദ്യ വളരുന്നത് മനസിലാക്കി 2004ല്‍ പല ബിസിനസ് കാര്യങ്ങളും അദ്ദേഹം കമ്പ്യൂട്ടര്‍വത്കരിച്ചു. ഇത് ബിസിനസിനെ പുതിയ തലത്തിലേക്ക് എത്തിച്ചു. ബിസിനസ് വളര്‍ന്നു കൊണ്ടിരുന്നു, സ്ഥലത്തിന്റെ പരിമിതി കാരണം പുതിയ ഇടം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. തുടര്‍ന്ന് 2009ല്‍ എറണാകുളം മാര്‍ക്കറ്റ് റോഡില്‍ രണ്ടു സ്ഥാപനവും ഒറ്റ കെട്ടിടത്തില്‍ കൊണ്ടു വന്നു. അങ്ങനെ ടെക്സ്റ്റൈലും റെഡിമെയ്ഡും അടങ്ങുന്ന ഒരു മൊത്തവ്യാപാര കേന്ദ്രമായി ഇത് മാറി. മികച്ച ഉല്‍പ്പന്ന വിലനിര്‍ണ്ണയം, ഫാഷന്‍ ട്രെന്‍ഡിനൊപ്പം നില്‍ക്കുന്നതും എം എന്‍ ഫാഷന്‍സ് ആന്‍ഡ് എം എന്‍ ഫാബ്രിക്സ് ഉപഭോക്താക്കളുടെ പ്രിയ സ്ഥലമായി മാറി. ഉല്‍പ്പന്നത്തിന്റെയും സേവനത്തിന്റെയും കാര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കാന്‍ ബാഷ്യമിനും അദ്ദേഹത്തിന്റെ സ്റ്റാഫുകള്‍ക്കും സാധിച്ചു. പുതിയ വില്‍പന പദ്ധതികല്‍ അദ്ദേഹം കൊണ്ടു വന്നു. വിശ്വസ്തരായ ഉപഭോക്താക്കള്‍ക്ക് സ്വര്‍ണ നാണയങ്ങള്‍, ബൈക്കുകള്‍, കാറുകള്‍ എന്നിവ നല്‍കുന്ന പദ്ധതികള്‍ ആരംഭിച്ചു. വിദേശ യാത്രകളും വില്‍പന പദ്ധതിയുടെ ഭാഗമായി അദ്ദേഹം അവതരിപ്പിച്ചു. കമ്പനിയില്‍ നിന്ന് വാങ്ങുന്ന സ്റ്റോക്കുകള്‍ വേഗത്തില്‍ നീങ്ങുന്ന സ്റ്റോക്കുകള്‍ ആണെന്ന് ഉപഭോക്താക്കള്‍ക്ക് വ്യക്തമായി.

2013 ല്‍ കമ്പനിയുടെ വളര്‍ച്ചയും സാധ്യതകളും മനസിലാക്കിയ ബാഷ്യം തന്റെ യാത്രയില്‍ കൈകോര്‍ക്കാന്‍ മക്കളെയും മരുമക്കളെയും ക്ഷണിച്ചു. ഇത് ബിസിനസില്‍ വീണ്ടും ചില പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ കാരണമായി. 2014 ല്‍ ബിസിനസ് വ്യാപിപ്പിക്കാനായി നാല് മടങ്ങ് വലുപ്പമുള്ള ഒരു സ്പേസ് കണ്ടെത്തി. കൈത്തറി വസ്ത്രങ്ങള്‍, ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും റെഡിമെയ്ഡ് വസ്ത്രങ്ങള്‍, പുരുഷന്മാരുടെയും സ്ത്രീകളുടെയും കൂടുതല്‍ റെഡിമെയ്ഡ് വസ്ത്രങ്ങള്‍, സാരി, ഡ്രസ്സ് മെറ്റീരിയലുകള്‍ എന്നിവ കൊണ്ടു വന്നു. കൂടാതെ, ജോക്കി, വി സ്റ്റാര്‍, സോല, ദിയ, രാജ്ഗുരു, ബ്ലോസ്സം, വെന്‍ഫീല്‍ഡ്, ഡിഎച്ച്, സിറ്റി, പോലുള്ള ബ്രാന്‍ഡുകളുമായി കൈകോര്‍ത്തു. സ്വന്തം വ്യത്യസ്ത ഡിസൈനുകള്‍ കമ്പനി പുറത്തിറക്കി. ഇതിനായി 20 ടെയ്ലറിങ് യൂണിറ്റുകള്‍ ആരംഭിച്ചു, 500 പേര്‍ക്ക് തൊഴില്‍ ലഭിച്ചു. വെഡ്ഡിംഗ് സില്‍ക്കുകള്‍, സാരികള്‍, റെഡിമെയ്ഡ് ഷര്‍ട്ട്, പാന്റ്സ്, കോട്ടണ്‍ – സില്‍ക്ക് സാരികള്‍, ചുരിദാറുകള്‍, ഡ്രസ്സ് മെറ്റീരിയലുകള്‍, പരമ്പരാഗതവും വെസ്റ്റേണ്‍ വസ്ത്രങ്ങളും, സ്യൂട്ടുകളും ഷര്‍ട്ടുകളും, ഫോര്‍മല്‍- കാഷ്വല്‍ ഡ്രെസ്സുകള്‍, ധോത്തീ , ഷെര്‍വാനി, കുട്ടികളുടെ വസ്ത്രങ്ങള്‍ എന്നിവയും പുറത്തിറക്കി. എല്ലാ സീസണിലും എല്ലാ അവസരങ്ങളിലും ഇടാന്‍ പറ്റിയ വസ്ത്രങ്ങളും ഡിസൈന്‍ ചെയ്ത് ഇറക്കി.

പാരിതോഷികം നല്‍കുന്നത് മാത്രമല്ല അദ്ദേഹത്തിന് ഉപഭോക്താക്കളെ നേടിക്കൊടുത്തത്, സാമ്പത്തിക ക്ലേശത്തിന്റെ ദുഷ്‌കരമായ സമയത്ത് ഉപഭോക്താക്കള്‍ക്ക് നല്‍കിയ പിന്തുണയും കൂടിയാണ്. കമ്പനിക്ക് ഇപ്പോള്‍ കേരളത്തിലുടനീളം ശക്തമായ ഉപഭോക്തൃ ശൃംഖല അദ്ദേഹത്തിനുണ്ട്. വര്‍ദ്ധിച്ചുവരുന്ന വസ്ത്ര ആവശ്യകതയ്‌ക്കൊപ്പം, മികച്ച നിലവാരം, വിശ്വാസം, വിലനിര്‍ണ്ണയം, ഉപഭോക്തൃ അനുഭവം, ഉപഭോക്തൃ സേവനം തുടങ്ങിയ ഘടകങ്ങളും ബഷ്യമിന്റെയും സംഘത്തിന്റെയും വിജയിക്കാനുള്ള നിശ്ചയദാര്‍ഢ്യവും എം എന്‍ ഫാഷന്‍സ് ആന്‍ഡ് എം എന്‍ ഫാബ്രിക്സിനെ കേരളത്തിലെ ഒന്നാം നമ്പര്‍ മൊത്തവ്യാപാര സ്ഥാപനമായി മാറ്റിക്കഴിഞ്ഞു. കമ്പനിയില്‍ ഇന്ന് 150 സ്റ്റാഫുകള്‍ ഉണ്ട്. 60 ഓളം വനിതകളും ഇവിടെ ജീവനക്കാരാണ്. അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെ നിലവിലെ വിറ്റുവരവ് 150 കോടിയിലധികമാണ്.

ജോലിയില്‍ മാത്രമല്ല, സഹമനുഷ്യരോടുള്ള ബാഷ്യമിന്റെ സമര്‍പ്പണം അദ്ദേഹത്തിന്റെ ഏറ്റവും സവിശേഷമായ സ്വഭാവമായിരുന്നു. ഏതൊരു ഗുരുതരമായ സാഹചര്യത്തിലും അദ്ദേഹം തളരാതെ പ്രവര്‍ത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവിതയാത്രയില്‍ ഭാര്യ എം നിര്‍മല ദേവിയും രണ്ട് പെണ്‍മക്കളും മരുമക്കളും പൂര്‍ണ പിന്തുണയും പ്രോത്സാഹനവും നല്‍കി കൂടെയുണ്ട്.

‘ലക്ഷ്യവും സ്വപ്‌നവും എല്ലായ്പ്പോഴും യാഥാര്‍ത്ഥ്യമാകും. അതിനായി അവയെ നിശ്ചയദാര്‍ഢ്യത്തോടും സ്ഥിരോത്സാഹത്തോടും പിന്തുണയ്‌ക്കേണ്ടതുണ്ട്,’ ബാഷ്യം പറയുന്നു.

Categories: FK Special, Slider