സോഷ്യല്‍ മീഡിയയില്‍ സര്‍ക്കാര്‍ പിടിമുറുക്കുന്നു

സോഷ്യല്‍ മീഡിയയില്‍ സര്‍ക്കാര്‍ പിടിമുറുക്കുന്നു

പൗരസ്വാതന്ത്ര്യത്തിന്റെ ആധുനിക രൂപം ഒരുപാട് മാറ്റങ്ങള്‍ക്കു വിധേയമായിരിക്കുകയാണ്. ഓരോ ചലനവും നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഓര്‍വെല്ലിയന്‍ കാലഘട്ടത്തിലേക്ക് ലോകം നീങ്ങുകയാണ്, ശാരീരിക ചലനങ്ങളല്ല, മറിച്ച് ഒരു വ്യക്തിയുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും നിരീക്ഷിക്കുകയാണ്. അതിലൂടെ ഒരു വ്യക്തിയുടെ മതപരമായ ബന്ധം, പ്രത്യയശാസ്ത്രപരമായ നിലപാടുകള്‍, ലൈംഗിക ആഭിമുഖ്യം എന്നിവ കണ്ടെത്താന്‍ എളുപ്പത്തില്‍ സാധിക്കും. ഇതാകട്ടെ ലോകമെമ്പാടും വിലമതിക്കപ്പെടുന്ന തന്ത്രപ്രധാന വിവരങ്ങളുമാണ്. ചരിത്രപരമായ ഒരു വിധിന്യായത്തില്‍, സ്വകാര്യത അടിസ്ഥാന അവകാശമായി ഉറപ്പുനല്‍കി കൊണ്ട് ഇന്ത്യയുടെ സുപ്രീം കോടതി ഇന്ത്യയെ യുഎസ്, കാനഡ, യുകെ തുടങ്ങിയ പുരോഗമന രാജ്യങ്ങളുടെ ഒരു ക്ലബ്ബിലേക്കു കൊണ്ടുവന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ പേഴ്‌സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്ല് സ്വകാര്യതയെ ഹനിച്ചേക്കുമെന്ന സംശയവും ഒരുവശത്ത് ഉയര്‍ന്നിരിക്കുകയാണ്.

ഫേസ്ബുക്ക്, ട്വിറ്റര്‍, യു ട്യൂബ്, ടിക് ടോക് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഉള്ളടക്കം (content) പോസ്റ്റ് ചെയ്ത ഉപയോക്താക്കളെയും (user) വാട്‌സ് ആപ്പ് പോലുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ സന്ദേശം അയച്ച ഉപയോക്താക്കളെയും തിരിച്ചറിയാന്‍ നിയമ നിര്‍വഹണ ഏജന്‍സികളെ (law enforcement agencies) സഹായിക്കുന്നതിനായി സോഷ്യല്‍ മീഡിയ കമ്പനികളോടും, ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പ് കമ്പനികളോടും നിര്‍ദേശിക്കുന്ന ചട്ടം ഈ മാസം അവസാനത്തോടെ കേന്ദ്ര ഐടി മന്ത്രാലയം പ്രസിദ്ധീകരിക്കാന്‍ സാധ്യതയേറി. പേഴ്‌സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ 2019 എന്നു പേരുള്ള ബില്ലിന് 2019 ഡിസംബര്‍ ആദ്യവാരം നരേന്ദ്ര മോദി സര്‍ക്കാരിന്റെ മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. തുടര്‍ന്നു പാര്‍ലമെന്റിന്റെ സംയുക്ത സമിതിക്കു മുമ്പാകെ ബില്ല് സമര്‍പ്പിച്ചിരിക്കുകയാണ്. യൂറോപ്യന്‍ യൂണിയന്റെ ജിഡിപിആര്‍ (ജനറല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്ല്) ആണ് ഇന്ത്യയുടെ പേഴ്‌സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്ലിന്റെ ബ്ലൂപ്രിന്റായി പ്രവര്‍ത്തിച്ചിരിക്കുന്നത്.

വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയുന്നതിനു വേണ്ടി സോഷ്യല്‍ മീഡിയ കമ്പനികള്‍ അവരുടെ ഉപയോക്താക്കളുടെ ഐഡന്റിറ്റി സ്ഥിരീകരിക്കണമെന്നു ബില്ല് സൂചിപ്പിക്കുന്നു.
ഇന്നു വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വ്യാജ വാര്‍ത്തകള്‍, തീവ്രവാദവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, അശ്ലീലങ്ങള്‍ തുടങ്ങിയവയൊക്കെ വന്‍ തോതില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരം പ്രവണതകള്‍ ഒഴിവാക്കാനും ഓരോ കമ്പനിയുടെയും പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുന്ന കണ്ടന്റുകള്‍ക്ക് അഥവാ ഉള്ളടക്കങ്ങള്‍ക്കു കൂടൂതല്‍ ഉത്തരവാദിത്തം വഹിക്കാന്‍ അതാതു കമ്പനികളെ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടു കൂടിയാണ് ഇത്തരം നീക്കം സര്‍ക്കാര്‍ നടത്തുന്നതെന്ന് അറിയുന്നു. ലോകമെമ്പാടും ഇത്തരത്തില്‍ ഓരോ ഭരണകൂടങ്ങളും നിയന്ത്രണം കൊണ്ടുവരുന്നുണ്ട്. ഇന്ത്യ നടപ്പിലാക്കാന്‍ പോകുന്ന പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ചു കൂടുതല്‍ സവിശേഷതയുള്ളതാണെന്നും റിപ്പോര്‍ട്ടുണ്ട്. ഒരു വാറന്റോ, ജുഡീഷ്യല്‍ ഉത്തരവോ ആവശ്യമില്ലാതെ തന്നെ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന അന്വേഷണങ്ങളുമായി സഹകരിക്കാന്‍ നിര്‍ദേശിക്കുന്നതാണു പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍. 2018 ഡിസംബറില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഈ മാര്‍ഗനിര്‍ദേശങ്ങള്‍ അവതരിപ്പിക്കുകയും പൊതുജനങ്ങളോട് അഭിപ്രായം ചോദിക്കുകയും ചെയ്തിരുന്നു. അന്ന് പക്ഷേ, ഫേസ്ബുക്കും, ആമസോണും, ഗൂഗിളും ഉള്‍പ്പെടുന്ന ഒരു ട്രേഡ് ഗ്രൂപ്പായ ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രതികരിച്ചത് ഇന്ത്യയുടെ ഈ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നിയമമാക്കിയാല്‍ അത് ‘സുപ്രീം കോടതി അംഗീകരിച്ച സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘന’മായിരിക്കുമെന്നായിരുന്നു. എന്നാല്‍ വലിയ മാറ്റങ്ങളൊന്നുമില്ലാതെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഈ മാസം അവസാനം പ്രസിദ്ധീകരിക്കാനാണ് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. 72 മണിക്കൂറിനുള്ളില്‍ ഒരു പോസ്റ്റിന്റെ ഉത്ഭവം കണ്ടെത്താന്‍ സര്‍ക്കാരിനെ സഹായിക്കുന്നതിനു സോഷ്യല്‍ മീഡിയ കമ്പനികളോട് ആവശ്യപ്പെടുന്നതാണു പുതിയ മാര്‍ഗനിര്‍ദേശം. അതിനു പുറമേ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന അന്വേഷണ ഏജന്‍സികളെ സഹായിക്കുന്നതിനു ഓണ്‍ലൈന്‍ കമ്പനികള്‍ അവരുടെ രേഖകള്‍ കുറഞ്ഞത് 180 ദിവസമെങ്കിലും സൂക്ഷിക്കേണ്ടതുണ്ടെന്നു മാര്‍ഗനിര്‍ദേശത്തിലുണ്ട്. ഇന്ത്യയ്ക്കുള്ളില്‍ ഓണ്‍ലൈന്‍ കമ്പനി ഒരു ബ്രിക് ആന്‍ഡ് മോര്‍ട്ടാര്‍ പ്രവര്‍ത്തനം (brick-and-mortar operation) നടത്തേണ്ടതുണ്ട്. ഉപയോക്താക്കള്‍ക്ക് അഥവാ യൂസര്‍മാര്‍ക്ക് കമ്പനിയുടെ ജീവനക്കാരുമായി സംസാരിക്കുവാനും ഉല്‍പ്പന്നങ്ങളെ കുറിച്ചോ സേവനങ്ങളെ കുറിച്ചോ ചോദ്യങ്ങള്‍ ചോദിക്കാനും സാധിക്കുന്ന കേന്ദ്രങ്ങളെയാണ് ബ്രിക് ആന്‍ഡ് മോര്‍ട്ടാര്‍ എന്നു വിശേഷിപ്പിക്കുന്നത്. ഉപയോക്തൃ പരാതികള്‍ കൈകാര്യം ചെയ്യുന്നതിനും സര്‍ക്കാരുമായി ബന്ധം സ്ഥാപിക്കുന്നതിനും ഒരു ഉദ്യോഗസ്ഥനെ നിയമിക്കാനും മാര്‍ഗനിര്‍ദേശം ആവശ്യപ്പെടുന്നുണ്ട്. അഞ്ച് ദശലക്ഷത്തിലധികം (50 ലക്ഷം) വരുന്ന ഉപയോക്താക്കളുള്ള എല്ലാ സോഷ്യല്‍ മീഡിയ, മെസേജിംഗ് ആപ്പുകളെയും ഉള്‍ക്കൊള്ളുന്നതാണു പുതിയ നിയമം. 1.3 ബില്യനിലേറെ ജനങ്ങളുള്ള ഇന്ത്യയില്‍ ഏകദേശം 500 ദശലക്ഷം ഇന്റര്‍നെറ്റ് ഉപയോക്താക്കളുണ്ട്. ഇന്ത്യന്‍ സര്‍ക്കാരിന്റെ അന്വേഷണ പരിധിയില്‍ വിദേശ ഉപയോക്താക്കള്‍ ഉള്‍പ്പെടുമോ എന്നത് വ്യക്തമല്ല.

സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള ടെക് കമ്പനികള്‍ പല രാജ്യങ്ങളിലെയും നിയമ നിര്‍വഹണ ഏജന്‍സികളുമായി സഹകരിക്കാറില്ലെന്നതു പരസ്യമായ രഹസ്യമാണ്. അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേകിച്ചു തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളില്‍ കുറ്റവാളികളെ കണ്ടെത്താന്‍ സോഷ്യല്‍ മീഡിയയിലെ ഉപയോക്താക്കളെ തിരിച്ചറിയാനോ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ അണ്‍ലോക്ക് ചെയ്യുവാനോ ടെക് കമ്പനികള്‍ സഹകരിക്കാറില്ല. ഇന്റര്‍നെറ്റിലെ വ്യാജ വാര്‍ത്തകള്‍ ഇപ്പോഴും താരതമ്യേന പുതിയ പ്രതിഭാസമായ ഇന്ത്യയില്‍, കുട്ടികളെ തട്ടിക്കൊണ്ടു പോയി അവയവം എടുക്കുന്നതായി തെറ്റായ വിവരം വാട്‌സ് ആപ്പില്‍ വ്യാപകമായി പ്രചരിക്കുകയുണ്ടായി. ഇത് ജനക്കൂട്ട അക്രമത്തിനും മൂന്ന് ഡസനിലധികം മാരകമായ ലിഞ്ചിംഗിനും (നിയമം നോക്കാതെ ജനക്കൂട്ടം ശിക്ഷ നടപ്പിലാക്കുക) കാരണമായി. 2017-2018 നുമിടയിലാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഇതേ തുടര്‍ന്നു വാട്‌സ് ആപ്പിനോട് സര്‍ക്കാര്‍ വിശദീകരണം ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍, ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കല്‍ എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചു കിംവദന്തികളടെ ഉത്ഭവം വെളിപ്പെടുത്താന്‍ വാട്‌സ് ആപ്പ് തയാറായില്ല. പകരം വ്യാജ വാര്‍ത്തകള്‍ തടയുന്നതിനുള്ള ഗവേഷണത്തിനു ധനസഹായം വാഗ്ദാനം ചെയ്യുകയും ആഗോളതലത്തിലെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയില്‍ ഒരു പൊതു അവബോധ പ്രചരണം ആരംഭിക്കുകയും ചെയ്തു.

ആഗോളതലത്തില്‍ വാട്‌സ് ആപ്പിന് ബുധനാഴ്ച (ഫെബ്രുവരി 12) രണ്ട് ബില്യന്‍ (200 കോടി) യൂസര്‍മാരായി. ഈ നേട്ടം കൈവരിച്ചതിനെ തുടര്‍ന്നു പുറത്തിറക്കിയ പ്രസ്താവനയില്‍ കമ്പനി അറിയിച്ചത് സുരക്ഷയില്‍ വാട്‌സ് ആപ്പ് വിട്ടുവീഴ്ച ചെയ്യില്ലെന്നാണ്. ‘കൂടുതല്‍ സംരക്ഷണത്തിനായി ഞങ്ങള്‍ മികച്ച സുരക്ഷാ വിദഗ്ധരുമായി പ്രവര്‍ത്തിക്കുന്നു. ദുരുപയോഗം അവസാനിപ്പിക്കുന്നതിന് പ്രമുഖ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഒപ്പം സ്വകാര്യതയെ നഷ്ടപ്പെടുത്താതെ തന്നെ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള മാര്‍ഗങ്ങളും പ്രശ്‌നങ്ങളെ നിയന്ത്രിക്കുന്നതിനുള്ള സൗകര്യവും നല്‍കുന്നെന്നും വാട്‌സ് ആപ്പ് അറിയിച്ചു.’ ടെക് കമ്പനികളും, പൗരാവകാശ സംഘടനകളും പറയുന്നത്, ഇന്ത്യ നടപ്പിലാക്കാന്‍ പോകുന്ന പുതിയ നിയമം ദുരുപയോഗത്തിനും സെന്‍സര്‍ഷിപ്പിനും കാരണമായി തീരുമെന്നാണ്. പുതിയതും വളര്‍ന്നുവരുന്നതുമായ കമ്പനികള്‍ക്ക് ഇത് ദോഷം ചെയ്യുമെന്നും അവര്‍ പറയുന്നു. പ്ലാറ്റ്‌ഫോമുകളിലെ കണ്ടന്റ് അഥവാ ഉള്ളടക്കത്തിന്റെ ഉത്ഭവം കണ്ടെത്തുന്നതിന് അടിസ്ഥാനപരമായി സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് അവരുടെ ഉപയോക്താക്കളെ നിരീക്ഷിക്കുകയും, എന്‍ക്രിപ്ഷനെ ദുര്‍ബലപ്പെടുത്തുകയും ചെയ്യേണ്ടി വരും. ഇതാകട്ടെ സ്വകാര്യതയെന്ന യൂസറിന്റെ മൗലികാവശത്തെ ഹനിക്കുകയും ചെയ്യുമെന്നാണു ടെക് കമ്പനികള്‍ പറയുന്നത്. പുതിയ നിയമത്തിന്റെ പരിധിയില്‍ വരുന്നത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും, മെസേജിംഗ് ആപ്പുകളുമാണ്. വിക്കിപീഡിയ, മോസില പോലുള്ള ബ്രൗസറുകള്‍, ഓപറേറ്റിംഗ് സിസ്റ്റം എന്നിവയൊക്കെ പുതിയ നിയമത്തിനുള്ളില്‍ വരില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

Categories: Top Stories
Tags: social media