ആശയ മികവിനുള്ള പുരസ്‌കാരം നേടി സ്‌കോഡ വിഷന്‍ ഐഎന്‍

ആശയ മികവിനുള്ള പുരസ്‌കാരം നേടി സ്‌കോഡ വിഷന്‍ ഐഎന്‍
  • രൂപകല്‍പ്പനയിലും പ്രകടനത്തിലും മികവുറ്റത്
  • ഏറ്റവും ഉയര്‍ന്ന വേഗത 195സാുവ
  • ടാറ്റ സിയറ എച്ച്ബിഎക്‌സ് ഫസ്റ്റ് റണ്ണറപ്പ്

നോയ്ഡ: വാഹനങ്ങളുടെ പുതുനിരകളും ആഗോള ഓട്ടോ നിര്‍മാതാക്കളുടെ കൂടിച്ചേരലുകളും സമ്മാനിച്ച് ഒരു വാരത്തോളം നീണ്ടുനിന്ന ഓട്ടോ എക്‌സ്‌പോയ്ക്ക് തിരശീല വീണപ്പോള്‍ ഓട്ടോ പ്രേമികളുടെ മനം കവരുന്ന പുരസ്‌കാരം നേടിയാണ് സ്‌കോഡയുടെ മടക്കം. 2020 ഓട്ടോ എക്‌സ്‌പോയിലെ ആശയ മികവിനുള്ള ശ്രേഷ്ഠതാ പുരസ്‌കാരം ഇത്തവണ സ്‌കോഡ വിഷന്‍ ഐഎന്‍ സ്വന്തമാക്കുകയായിരുന്നു.

ഓട്ടോ എക്‌സ്‌പോ എക്‌സലന്‍സ് പുരസ്‌കാരം നല്‍കുന്നതിനായി ജൂറി അംഗങ്ങള്‍ വാഹനത്തിന്റെ എല്ലാ വിഭാഗങ്ങളും സെഗ്മെന്റുകളും ഇഴ കീറി പരിശോധിക്കും. ഒട്ടനവധി വാഹനങ്ങള്‍ മേളയില്‍ അവതരിപ്പിക്കപ്പെട്ടെങ്കിലും ഗിമ്മിക്കുകള്‍ കാട്ടി പ്രദര്‍ശനത്തില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നതില്‍ നിന്നും വേറിട്ട് മികച്ച ആശയം ഉള്‍ക്കൊണ്ട സ്‌കോഡ വിഷന്‍ ഐഎന്‍ രൂപകല്‍പ്പന, പ്രകടനം, ഭാവിയിലേക്കുള്ള ആപ്ലിക്കേഷനുകള്‍, സമഗ്രത എന്നിവ കൊണ്ട് ശക്തമാണ്. മൂന്ന് മികച്ച ആശയങ്ങളാണ് നോമിനി ലിസ്റ്റിലെത്തിയത്. ടാറ്റ എച്ച്ബിഎക്‌സ് മിനി എസ്‌യുവി, ടാറ്റ സിയറ, സ്‌കോഡ വിഷന്‍ ഐഎന്‍ എന്നിവയാണവ. ഇന്ത്യയ്ക്കായി പ്രത്യേകം നിര്‍മിച്ചതായതുകൊണ്ടുതന്നെ ടാറ്റ എച്ച്ബിഎക്‌സ് നിരയില്‍ നിന്നും ആദ്യം പുറത്തായി. ടാറ്റ സിയറയും സ്‌കോഡ വിഷന്‍ ഐഎന്നുമായി മത്സരം കൂടുതല്‍ കടുക്കുകയും ചെയ്തു.

രൂപകല്‍പ്പനയില്‍ ഇരു വാഹനങ്ങളും തമ്മില്‍ കടുത്ത മത്സരമുണ്ടായി. ആഗോള വിപണിയെ ആകര്‍ഷിക്കുന്ന വിവിധ ഘടകങ്ങളില്‍ ടാറ്റ സിയറയും സ്‌കോഡ വിഷന്‍ ഐഎന്നും ഇഞ്ചോടിഞ്ച് പൊരുതിയപ്പോള്‍ ഇന്ത്യന്‍ കണ്‍സെപ്റ്റിലും അവ മികച്ച നിലവാരം പുലര്‍ത്തിയതായി ജൂറി അംഗങ്ങള്‍ വ്യക്തമാക്കി. കാര്‍ആന്‍ഡ് ബൈക്ക് എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വിനായക്, ഓട്ടോ ടുഡേ എഡിറ്റര്‍ യോഗേന്ദ്ര പ്രതാപ്, ടോപ് ഗിയര്‍ ഇന്ത്യ മുന്‍ എഡിറ്റര്‍ ഗിരീഷ് കര്‍ക്കെറ, കാര്‍ആന്‍ഡ് ബൈക്കിലെ അമേയ നായിക്, കിംഗ്ഷുക് ദത്ത എന്നിവരുള്‍പ്പെട്ട സംഘമായിരുന്നു ജൂറിയില്‍. 1990കളില്‍ ഏറെ പ്രശസ്തമായ ടാറ്റ സിയറ എസ്‌യുവിയോട് നീതി പുലര്‍ത്താന്‍ ടാറ്റ സിയറ എച്ച്ബിഎക്‌സിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ സ്‌കോഡ വിഷന്‍ ഐഎന്‍ പ്രായോഗികത കൂടിയതും വൈദഗ്ധ്യം ഒത്തിണങ്ങിയതും സര്‍വോപരി നാഗരികതയ്ക്കു യോജിച്ച രീതിയിലാണ് പുറത്തിറക്കിയിരിക്കുന്നത്. ലൈഫ്‌സ്റ്റൈല്‍ പെര്‍ഫെക്ഷനില്‍ ഏവരുടേയും കണ്ണ് ടാറ്റ സിയറില്‍ ഉടക്കുമ്പോള്‍ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുന്ന മികവിലാകും ആളുകള്‍ സ്വന്തം പണം ചെലവാക്കുക, അക്കാര്യത്തില്‍ സ്‌കോഡ വിഷന്‍ ഐന്‍ വിജയിക്കുക തന്നെ ചെയ്തു.

എംക്യുബി എഒ ഐഎന്‍ പ്ലാറ്റ്‌ഫോമില്‍ വികസിപ്പിച്ച സ്‌കോഡ വിഷന്‍ ഐഎന്‍ 1.5 ലിറ്റര്‍ ടിഎസ്‌ഐ ബിഎസ്6 പെട്രോള്‍ മോട്ടോറോടു കൂടിയതും 150 ബിഎച്ച്പി, 250 എന്‍എം ടോര്‍ക്ക്, 7 സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്‌സ് എന്നിവയും ഉള്‍പ്പെടുത്തിയിരിക്കുന്നു. വെറും 8.7 സെക്കന്റില്‍ സ്പീഡ് മൂന്നക്കം കടക്കാന്‍ സഹായിക്കുന്ന വാഹനത്തിന്റ ഏറ്റവും ഉയര്‍ന്ന വേഗത 195സാുവ ആണ്. സീറ്റ് അപ്പോള്‍സറി പ്രകൃതിദത്ത ലെതറും റീസൈക്കിള്‍ ചെയ്യാവുന്ന പ്ലാസ്റ്റിക് നാരുകളും കൊണ്ട് നിര്‍മിച്ചവയാണ്. കസ്റ്റമൈസ് ചെയ്യാനാകുന്ന വെര്‍ച്വല്‍ കോക്ക് പിറ്റ്, ക്രിസ്റ്റലൈന്‍ ഗിയര്‍ ലിവര്‍ എന്നീ സവിശേഷതകള്‍ക്കു പുറമെ കാബിനില്‍ ആവശ്യത്തിന് സ്ഥലവും നല്‍കിയിരിക്കുന്നു. മൂന്ന് സീറ്റ് കോണ്‍ഫിഗറേഷനില്‍ രണ്ടെണ്ണം സിംഗിള്‍ സീറ്റും ഒന്ന് മധ്യനിര ഉള്‍ക്കൊള്ളുന്നതുമാണ്. ശരിക്കും പറഞ്ഞാല്‍ നഗരങ്ങളില്‍ താമസിക്കുന്നവര്‍ എസ്‌യുവിയില്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന എല്ലാ സവിശേഷതകളും ഈ വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

Comments

comments

Categories: Auto