സൗദിvsദുബായ് :ഗള്‍ഫ് ബിസിനസ് ലോകം പുതിയൊരു മത്സരത്തിന് സാക്ഷിയാകുന്നു

സൗദിvsദുബായ് :ഗള്‍ഫ് ബിസിനസ് ലോകം പുതിയൊരു മത്സരത്തിന് സാക്ഷിയാകുന്നു
  • റിയാദില്‍ ഓഫീസ് തുറക്കുന്ന സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തില്‍ വര്‍ധന
  • യുഎഇയിലെ പ്രോപ്പര്‍ട്ടി വിലത്തകര്‍ച്ചയും ബിസിനസ് വളര്‍ച്ചയിലെ തിരിച്ചടിയും ദുബായിക്ക് വെല്ലുവിളിയാകുന്നു

റിയാദ്: അദൃശ്യമായൊരു മത്സരത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ് ഗള്‍ഫിലെ ബിസിനസ് ലോകം. അറബ് ലോകത്തെ ബിസിനസ് ഹബ്ബായി അറിയപ്പെട്ടിരുന്ന ദുബായില്‍ നിന്നും ആഗോള നിക്ഷേപകരടക്കം സൗദി അറേബ്യയിലേക്ക് ചേക്കേറുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. പശ്ചിമേഷ്യയില്‍ പൂര്‍ണതോതില്‍ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തണമെങ്കില്‍ സൗദി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയാണ് ഉചിതമെന്ന് കമ്പനികള്‍ മാറി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഗള്‍ഫിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി, ജനസംഖ്യ വച്ച് നോക്കുമ്പോള്‍ ഏറ്റവും വലിയ വിപണി തുടങ്ങിയ ഘടകങ്ങള്‍ മാത്രമല്ല, വേഗതയാര്‍ന്ന പരിഷ്‌കാരങ്ങളും നിക്ഷേപകരെയും സംരംഭകരെയും റിയാദിലേക്ക് ആകര്‍ഷിക്കുന്നു. സമീപകാലത്ത് ബിസിനസ് വളര്‍ച്ചയില്‍ നേരിട്ട തിരിച്ചടികളും പ്രോപ്പര്‍ട്ടി വിലത്തകര്‍ച്ചയും ഉപഭോക്തൃരംഗത്തെ ഇടിവും നിക്ഷേപകര്‍ക്ക് യുഎഇയിലുള്ള വിശ്വാസം കെടുത്തിയിരിക്കുന്നു.

റിയാദില്‍ ഓഫീസ് തുറക്കുന്ന പുതിയ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തിലുള്ള വളര്‍ച്ച ഗള്‍ഫിലെ വന്‍കിട സാമ്പത്തിക ശക്തികള്‍ക്കിടയില്‍ അപ്രഖ്യാപിത മത്സരം ആരംഭിച്ചിരിക്കുന്നുവെന്നതിന് തെളിവാണ്. എണ്ണയിലുള്ള ആശ്രിതത്വം കുറച്ച് സമ്പദ് വ്യവസ്ഥകളെ പുനര്‍വിന്യസിക്കുന്നതിന്റെ ഭാഗമായുള്ള പരിഷ്‌കാരങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാകുമെന്നതിനാല്‍ ഈ വര്‍ഷം ആ മത്സരം കൂടുതല്‍ ശക്തമാകും. 25 ദശലക്ഷത്തിലധികം സന്ദര്‍ശകരെ പ്രതീക്ഷിക്കുന്ന, ആറ് മാസം നീണ്ടുനില്‍ക്കുന്ന വേള്‍ഡ് എക്‌സ്‌പോ 2020യിലാണ് ദുബായ് പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്. ബില്യണ്‍ കണക്കിന് ഡോളറുകളാണ് എക്‌സ്‌പോയുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യ വികസനത്തിനായി ദുബായി ചിലവഴിക്കുന്നത്. സൗദിക്കും 2020 വളരെ പ്രധാനപ്പെട്ട വര്‍ഷമാണ്. ജി20യുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്ത സൗദി, രാജ്യത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന ഒട്ടേറെ പദ്ധതികളും പരിപാടികളുമാണ് ഈ വര്‍ഷം നടപ്പിലാക്കാനിരിക്കുന്നത്.

കുറച്ചുകാലം മുമ്പ് വരെ പശ്ചിമേഷ്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ സ്വപ്‌നനഗരിയായിരുന്നു ദുബായ്. ഉദ്യോഗസ്ഥമേധാവിത്വം മൂലം വീര്‍പ്പുമുട്ടിയ ഒരു മേഖലയില്‍ നിക്ഷേപ സൗഹൃദമായ ഒരു ബിസിനസ് ഹബ്ബ് പടുത്തുയര്‍ത്തിയാണ് യുഎഇയിലെ ഈ വര്‍ണ്ണനഗരി സംരംഭകരുടെ ഇഷ്ടം പിടിച്ചുപറ്റിയത്. സൗദി വിപണിയില്‍ ശ്രദ്ധയൂന്നിയിരുന്ന കമ്പനികള്‍ പോലും കര്‍ശനമായ നിയന്ത്രണങ്ങളോ മതപരമായ പോലീസിംഗോ സ്ത്രീവിവേചനനിബന്ധനകളോ ഇല്ലാത്ത ദുബായ് കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.

എന്നാല്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (എംബിഎസ്) ഭരണചക്രം തിരിക്കാന്‍ തുടങ്ങിയതോടെ സ്ഥിതിഗതികള്‍ മാറി. ലോകത്തിന് മുമ്പില്‍ സൗദിക്കുള്ള പ്രതിച്ഛായ മാറ്റുക എന്ന ലക്ഷ്യത്തോടെ എംബിഎസ് മുന്‍കൈ എടുത്ത് നടപ്പിലാക്കിയ പരിഷ്‌കാരങ്ങള്‍ നിക്ഷേപകരെ ആകര്‍ഷിച്ചു. ആദ്യമായി ടൂറിസ്റ്റുകള്‍ക്ക് മുമ്പില്‍ സൗദിയുടെ വാതില്‍ തുറന്നു, വാഹനമോടിക്കുന്നതിനുള്ള വിലക്ക് അടക്കം സ്ത്രീകള്‍ക്കുള്ള പല വിലക്കുകളും നീങ്ങി, രാജ്യത്തുടനീളം വിനോദ കേന്ദ്രങ്ങളും സിനിമാകൊട്ടകകളും തുറന്നു, സംഗീതനിശകളും സായാഹ്ന പരിപാടികളും അരങ്ങേറി, ലോക കായിക പ്രേമികളെ ആകര്‍ഷിക്കുന്ന ഡകര്‍ റാലി അടക്കമുള്ള പല കായികപരിപാടികളും രാജ്യത്തേക്ക് വന്നു- ഇങ്ങനെ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ സൗദിയില്‍ നടപ്പിലായ പരിഷ്‌കാരങ്ങള്‍ വലിയൊരു മാറ്റത്തിന്റെ സൂചനയാണ് ലോകത്തിന് നല്‍കിയത്. ബിസിനസ് ലോകത്തിന്റെ വിശ്വാസം ആര്‍ജിക്കുന്നതിനായി മദ്യത്തിനുള്ള നിരോധനം പോലും എടുത്തുകളയാനുള്ള ആലോചന സൗദിയില്‍ നടക്കുന്നുണ്ടെന്നും കിവംദന്തിയുണ്ട്.

അതേസമയം പെട്ടന്നൊരു മാറ്റം ആരും സൗദിയില്‍ പ്രതീക്ഷിക്കുന്നില്ലെന്നതും സത്യമാണ്. യുഎഇയില്‍ നിന്ന് വ്യത്യസ്തമായി രാഷ്ട്രീയപരമായ അഭിപ്രായ ഭിന്നതകളും എംബിഎസിന്റെ അപ്രവചനീയമായ വിദേശനയങ്ങളും ഒരു വിഭാഗം നിക്ഷേപകരെങ്കിലും സംശയത്തോടെയാണ് കാണുന്നത്. സൗദി വിമര്‍ശകനായിരുന്ന ജമാല്‍ ഖഷോഗ്ഗിയുടെ കൊലപാതകത്തില്‍ എംബിഎസിനും സൗദിക്കുമുണ്ടായപ്രതിച്ഛായനഷ്ടം ഇതുവരെ വീണ്ടെടുക്കാനായിട്ടില്ല .മാത്രമല്ല, തൊഴിലാളികള്‍ക്ക് രാജ്യം വിട്ട് പുറത്ത് പോകണമെങ്കില്‍ തൊഴിലുടമകളില്‍ നിന്നും എക്‌സിറ്റ് വിസ ലഭിക്കണമെന്ന നയവും സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ച് ഇപ്പോഴും തുടരുന്ന ചില നിര്‍ബന്ധങ്ങളും വിനോദമേഖലയില്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും ദുബായുമായി ഇപ്പോഴും താരതമ്യപ്പെടുത്താന്‍ കഴിയില്ലെന്ന വസ്തുതയും നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സൗദി ഇനിയുമേറെ പ്രഖ്യാപനങ്ങള്‍ നടത്തേണ്ടിയിരിക്കുന്നുവെന്ന പൊതുഅഭിപ്രായം ശരിവെക്കുന്നു.

എന്നിരുന്നാലും നിക്ഷേപകര്‍ സൗദിയിലേക്ക് ചെക്കേറുന്നുവെന്നത് നിഷേധിക്കാനാകാത്ത കാര്യമാണ്, അങ്ങനെ പുതിയ പരിഷ്‌കാരങ്ങളില്‍ ഭ്രമിച്ച് പോകുന്നവര്‍ സൗദിക്കാര്‍ മാത്രമല്ലതാനും. കഴിഞ്ഞ വര്‍ഷം 90 മില്യണ്‍ ഡോളര്‍ മുതല്‍മുടക്കില്‍ യുഎഇയില്‍ മത്സ്യഫാം തുടങ്ങാനിരുന്ന ഒരു നോര്‍വീജിയന്‍ കമ്പനി സൗദി അറേബ്യയിലേക്ക് താവളം മാറ്റാന്‍ തീരുമാനിച്ചു. യുഎഇ നിവാസികളാണ് കൂടുതലായി മത്സ്യം ഭക്ഷിക്കുന്നതെങ്കിലും ആരോഗ്യദായകമായ ഭക്ഷ്യവിഭവമെന്ന നിലയില്‍ സൗദി മത്സ്യത്തെ പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങിയതോടെ ഭാവി വളര്‍ച്ച മുന്‍നിര്‍ത്തി കമ്പനി തീരുമാനം മാറ്റുകയായിരുന്നു. സമാനമായി ദുബായില്‍ ഓഫീസുള്ള ജര്‍മ്മന്‍ സംരംഭകനും റിയാദിലേക്ക് ആസ്ഥാനം മാറ്റി. സുഗന്ധ തൈലങ്ങളും പെര്‍ഫ്യൂമുകളും ഓണ്‍ലൈനായി വില്‍ക്കുന്ന ഗോള്‍ഡന്‍ സെന്റെന്ന കമ്പനിയാണ് സൗദിയിലേക്ക് കൂടുമാറ്റത്തിന് തയ്യാറെടുക്കുന്നത്. അഞ്ചുവര്‍ഷം മുമ്പാണ് റോണി ഫ്രോയെന്‍ലിച്ചെന്ന സംരംഭകന്‍ സൗദി സുഹൃത്തിനൊപ്പം ദുബായില്‍ ഇ-കൊമേഴ്‌സ് കമ്പനി ആരംഭിച്ചത്. വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതും കുടുംബത്തോടൊപ്പം സൗദിയിലേക്ക് കുടിയേറാന്‍ തക്കതായ സാമൂഹിക പരിഷ്‌കാരങ്ങള്‍ വന്നതും സൗദിയിലേക്ക് ബിസിനസ് പുനര്‍കേന്ദ്രീകരിക്കാന്‍ ഇത്തരം കമ്പനികള്‍ക്ക് അവസരമേകി.

കമ്പനികള്‍ മാത്രമല്ല സൗദിയിലേക്ക് തൊഴിലിടം മാറ്റുന്ന ഉന്നത ഉദ്യോഗസ്ഥരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ടെന്ന് ഇന്റെര്‍നാഷണല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയായ മൈക്കല്‍ പേജ് ചൂണ്ടിക്കാണിക്കുന്നു. പ്രോപ്പര്‍ട്ടി വ്യവസായ മേഖലയിലുള്ളവരാണ് കൂടുതലായും ഗിഗാ പദ്ധതികളില്‍ ആകൃഷ്ടരായി സൗദിയിലേക്ക് കുടിയേറുന്നത്.

ചുരുക്കത്തില്‍ സൗദിയുടെ വളര്‍ച്ച വലുപ്പത്തിലും ജനസംഖ്യയിലും ഏറെ പിന്നിലുള്ള ദുബായിക്ക് വലിയ വെല്ലുവിളിയാണ്. യുഎഇയേക്കാള്‍ മൂന്നിരട്ടി ജനംഖ്യയുമായി (34 ദശലക്ഷം) ഗള്‍ഫിലെ ഏറ്റവും വലിയ വിപണിയാണ് സൗദി. രാജ്യത്തിന്റെ സമ്പൂര്‍ണ്ണ നവീകരണം ലക്ഷ്യമിട്ടുള്ള വിഷന്‍ 2030 പദ്ധതി പൂര്‍ണമായി നടപ്പിലാക്കാന്‍ എംബിഎസിന് കഴിഞ്ഞില്ലെങ്കില്‍ കൂടിയും സൗദിയിലെ പരിഷ്‌കാരങ്ങള്‍ യുഎഇ അടക്കമുള്ള അയല്‍രാജ്യങ്ങള്‍ക്ക് വെല്ലുവിളിയാണ്. ഇത്രയുംകാലം ഒരു അടഞ്ഞുകിടക്കുന്ന കട പോലെ വര്‍ത്തിച്ചിരുന്ന ഈ അയല്‍രാജ്യം മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേട്ടമായിരുന്നു. അവധിക്കാലം ചിലവഴിക്കുന്നതിനും സിനിമ അടക്കമുള്ള വിനോദ പരിപാടികള്‍ ആസ്വദിക്കുന്നതിനും അയല്‍രാജ്യങ്ങളെയായിരുന്നു സൗദി ജനത ആശ്രയിച്ചിരുന്നത്. ഇപ്പോള്‍ സ്ഥിതിഗതികള്‍ മാറിയിരിക്കുന്നു. ജനങ്ങളുടെയും നിക്ഷേപകരുടെയും ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ഭരണകര്‍ത്താക്കള്‍ തയ്യാറായിരിക്കുന്നു.

ലോകബാങ്കിന്റെ 2020ലെ ‘ഡൂയിംഗ് ബിസിനസ് റിപ്പോര്‍ട്ട’് പ്രകാരം ബിസിനസ് സാഹചര്യങ്ങളില്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ പുരോഗതി കൈവരിച്ച പത്ത് രാജ്യങ്ങളില്‍ ഒന്നാണ് സൗദി അറേബ്യ. കമ്പനികള്‍ക്ക് ബിസിനസ് ആരംഭിക്കാനും അനുമതികള്‍ ലഭിക്കാനും വായ്പകള്‍ നേടാനും കരാറുകള്‍ നടപ്പിലാക്കാനുമെല്ലാമുള്ള കടമ്പകള്‍ സൗദി ലഘൂകരിച്ചു. എന്നാല്‍ ലോകബാങ്ക് പട്ടികയില്‍ പതിനാറാം സ്ഥാനത്തുള്ള യുഎഇ തന്നെയാണ് ഇപ്പോഴും പശ്ചിമേഷ്യയില്‍ ബിസിനസ് ചെയ്യാന്‍ ഏറ്റവും മികച്ച രാജ്യം. എങ്കിലും സൗദിയിലെ മാറ്റങ്ങളെ ദുബായിയെ അസ്വസ്ഥമാക്കുന്നുണ്ട്. വിസ പരിഷ്‌കാരങ്ങളടക്കം പ്രഖ്യാപിച്ച് ബിസിനസ് മേഖലയിലെ ആധിപത്യം നിലനിര്‍ത്താന്‍ യുഎഇയും ശ്രമിക്കുന്നുണ്ട്.

സൗദി അറേബ്യയുടെ ന്യൂനതകളെ മുതലെടുത്തുകൊണ്ടാണ് ദുബായ് ബിസിനസ് രംഗത്ത് ആധിപത്യമുണ്ടാക്കിയതെന്ന് എംബിഎസിന് തികഞ്ഞ ബോധ്യമുണ്ട്. സൗദി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വിദേശ നിക്ഷേപകര്‍ക്ക് താവളമൊരുക്കുകയായിരുന്നു ദുബായ്. ഈ തിരിച്ചറിവുകളാണ് ദുബായിയേക്കാള്‍ വലിയ ബിസിനസ് ഹബ്ബ് രാജ്യത്ത് പടുത്തുയര്‍ത്തുക എന്ന ലക്ഷ്യത്തോടെ 500 ബില്യണ്‍ ഡോളര്‍ ചിലവില്‍ നിയോം സിറ്റി അടക്കമുള്ള ഗിഗാ പദ്ധതികള്‍ക്ക് എംബിഎസ് തുടക്കമിട്ടിരിക്കുന്നത്. പെട്ടെന്നല്ലെങ്കിലും ഒരുകാലത്ത് പശ്ചിമേഷ്യയില്‍ ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന കമ്പനികളുടെ ലക്ഷ്യസ്ഥാനമായി സൗദിയെ മാറ്റുകയെന്നതാണ് ദീര്‍ഘദര്‍ശിയായ നേതാവിന്റെ ലക്ഷ്യം.

Comments

comments

Categories: Arabia

Related Articles