സൗദിയും റഷ്യയും 10 ബില്യണ്‍ ഡോളറിന്റെ സംയുക്ത നിക്ഷേപ പദ്ധതികളില്‍ ചര്‍ച്ച നടത്തി

സൗദിയും റഷ്യയും 10 ബില്യണ്‍ ഡോളറിന്റെ സംയുക്ത നിക്ഷേപ പദ്ധതികളില്‍ ചര്‍ച്ച നടത്തി

റഷ്യ-സൗദി ഇക്കണോമിക് കൗണ്‍സിലിന്റെ ഭാഗമായി റഷ്യന്‍ പ്രതിനിധി സംഘം സൗദി സന്ദര്‍ശിച്ചു

റിയാദ്: പത്ത് ബില്യണ്‍ ഡോളറിലധികം മൂല്യം വരുന്ന സംയുക്ത നിക്ഷേപ പദ്ധതികള്‍ സംബന്ധിച്ച് സൗദി അറേബ്യയും റഷ്യയും ചര്‍ച്ചകള്‍ നടത്തി. റഷ്യയുടെ സോവറീന്‍ വെല്‍ത്ത് ഫണ്ടായ റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിലെയും (ആര്‍ഡിഐഎഫ്) റഷ്യയിലെ മറ്റ് പ്രധാന കമ്പനികളുടെയും പ്രതിനിധികള്‍ സൗദിയില്‍ വച്ച നടന്ന യോഗത്തില്‍ പങ്കെടുത്തു. റഷ്യ-സൗദി ഇക്കണോമിക് കൗണ്‍സിലിന്റെ ഭാഗമായി സൗദിയിലെത്തുന്ന ആദ്യ സംഘമാണിത്.

നിക്ഷേപരംഗത്ത് പരസ്പരമുള്ള സഹകരണം ശക്തിപ്പെടുത്തുക, എണ്ണ, പ്രകൃതിവാതകം, പെട്രോകെമിക്കല്‍, കെട്ടിടനിര്‍മാണം, ഊര്‍ജം എന്നീ മേഖലകളിലടക്കം സംയുക്ത നിക്ഷേപ അവസരങ്ങള്‍ കണ്ടെത്തുക എന്നിവയായിരുന്നു യോഗത്തിന്റെ അജന്‍ഡ. പത്ത് ബില്യണ്‍ ഡോളറിലധികം മൂല്യം വരുന്ന സംയുക്ത നിക്ഷേപ പദ്ധതികളെ കുറിച്ചാണ് യോഗം പ്രധാനമായും ചര്‍ച്ച ചെയ്തതെന്ന് ആര്‍ഡിഐഎഫ് സിഇഒ ക്രിമില്‍ ദിമിത്രീവ് അറിയിച്ചു. സൗദിയില്‍ നിന്നുള്ള ബിസിനസ് പ്രതിനിധികളുടെ മോസ്‌കോ സന്ദര്‍ശനവേളയില്‍ ഇതിന്റെ തുടര്‍ചര്‍ച്ചകള്‍ നടക്കുമെന്നും ടെക്‌നോളജി, ആരോഗ്യം, കെട്ടിടനിര്‍മാണം, കാര്‍ഷികം എന്നീ മേഖലകളിലുള്ള പദ്ധതികളും അന്ന് ചര്‍ച്ച ചെയ്യുമെന്നും ദിമിത്രീവ് വ്യക്തമാക്കി.

സൗദിയിലെ എണ്ണ, പ്രകൃതിവാതക കമ്പനികളില്‍ റഷ്യയുടെ പ്രതിനിധിസംഘം സന്ദര്‍ശനം നടത്തി.

കഴിഞ്ഞ വര്‍ഷമാണ് ആര്‍ഡിഐഎഫും സൗദി അറേബ്യയുടെ സോവറീന്‍ വെല്‍ത്ത് ഫണ്ടായ പിഐഎഫും തമ്മില്‍ റഷ്യ-സൗദി ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് തുടക്കം കുറിച്ചത്. ആകര്‍ഷകമായ പദ്ധതികളില്‍ സംയുക്ത നിക്ഷേപം നടത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇതിന്റെ രൂപീകരണം. റഷ്യന്‍-സൗദി എനര്‍ജി ഇന്‍വെസ്റ്റ്‌മെന്റിലും ടെക്‌നോളജി രംഗത്തെ നിക്ഷേപങ്ങള്‍ക്ക് വേണ്ടിയുള്ള 1 ബില്യണ്‍ ഡോളറിന്റെ സംയുക്ത ഫണ്ടിലും സഹകരിക്കാന്‍ ആര്‍ഡിഐഎഫും പിഐഎഫും തീരുമാനിച്ചിട്ടുണ്ട്. 25ഓളം പുതിയ പദ്ധതികളിലായി ഏതാണ്ട് 2.5 ബില്യണ്‍ ഡോളറിലധികം നിക്ഷേപമാണ് കഴിഞ്ഞ വര്‍ഷം ഈ സംയുക്ത നിക്ഷേപക ഫണ്ട് അനുവദിച്ചത്.

ഇരുരാജ്യങ്ങളിലെയും ബിസിനസ് വിഭാഗങ്ങളില്‍ നിക്ഷേപ താല്‍പ്പര്യമുണര്‍ത്തുന്ന വന്‍കിട ദേശീയ വികസന പദ്ധതികള്‍ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് റഷ്യ-സൗദി ഇക്കണോമിക് കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നത്.

Comments

comments

Categories: Arabia

Related Articles