നയസ്ഥിരത നിക്ഷേപമുയര്‍ത്തും

നയസ്ഥിരത നിക്ഷേപമുയര്‍ത്തും

2030 ഓടെ ഇന്ത്യയ്ക്ക് 500-700 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന് ഐഇഇഎഫ്എ

ന്യൂഡെല്‍ഹി: നയപരമായ സ്ഥിരത ഇന്ത്യയിലെ ആഭ്യന്തര, വിദേശ നിക്ഷേപം വര്‍ധിപ്പിക്കുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എനര്‍ജി ഇക്കണോമിക് ആന്‍ഡ് ഫിനാന്‍ഷ്യല്‍ അനാലിസിസിന്റെ (ഐഇഇഎഫ്എ) റിപ്പോര്‍ട്ട്. പുനരുപയോഗ ഊര്‍ജ്ജം, വൈദ്യുതി പ്രക്ഷേപണം എന്നിവയുമായി ബന്ധപ്പെട്ട് ലോകത്തിലെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ വിപണികളിലൊന്നാണ് ഇന്ത്യയെന്ന് ഐഇഇഎഫ്എയുടെ എനര്‍ജി ഫിനാന്‍സ് സ്റ്റഡീസ് ഡയറക്ടറായ ടിം ബക്‌ലേ പറഞ്ഞു. 2030 ഓടെ ഇന്ത്യയ്ക്ക് 500 മുതല്‍ 700 ബില്യണ്‍ ഡോളര്‍ വരെയുള്ള പുതിയ നിക്ഷേപത്തെ ആകര്‍ഷിക്കാന്‍ കഴിയുമെന്നും ഈ അവസരം വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത്, പുനരുപയോഗ ഊര്‍ജത്തിന്റെ വില, കല്‍ക്കരിയില്‍ നിന്നുള്ള ഊര്‍ജത്തിന്റെ മൂന്നില്‍ രണ്ടായും ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള ഊര്‍ജത്തിന്റെ പാതിയായും കുറഞ്ഞിട്ടുണ്ട്. പുനരുപയോഗ ശേഷി വര്‍ധിപ്പിക്കാന്‍ ശ്രമിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അത്യാവശ്യമാണെന്നും ഏതാനും നയപരമായ മാറ്റങ്ങളിലൂടെ 2030 ഓടെ 450 ഗിഗാവാട്ട് സംശുദ്ധ ഊര്‍ജമെന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യക്ക് എത്താമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇറക്കുമതി തീരുവ കുറയ്ക്കുകയോ ഇന്ത്യന്‍ നിര്‍മിത സോളാര്‍ സെല്ലുകളുടെ മത്സരശേഷി ഗണ്യമായി മെച്ചപ്പെടുത്തുകയോ ചെയ്യാത്തത് സോളാര്‍ സ്ഥാപനത്തെ മന്ദഗതിയിലാക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു.

Categories: FK News, Slider