പരാജയപ്പെട്ട പഞ്ചതന്ത്രങ്ങള്‍

പരാജയപ്പെട്ട പഞ്ചതന്ത്രങ്ങള്‍

ജാവദേക്കര്‍ ചുമതലയേറ്റ എല്ലാ സംസ്ഥാനതെരഞ്ഞെടുപ്പുകളിലും ബിജെപി പരാജയം രുചിച്ചു

കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ പ്രകാശ് ജാവദേക്കറിന് ആരും ആഗ്രഹിക്കാത്ത ഒരു റെക്കോര്‍ഡുണ്ട്. അതും പ്രത്യേകിച്ച് ഈ ഡെല്‍ഹി തെരഞ്ഞെടുപ്പ് ഫലത്തിന്റെ അലകള്‍ അടങ്ങുംമുമ്പ് പരിശോധിക്കപ്പെടുന്നത് വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന നടപടിയാകും. എങ്കിലും പരാജയ കാരണങ്ങള്‍ പരതുമ്പോള്‍ ഇങ്ങനെയൊരു വസ്തുത പരാമര്‍ശിക്കാതിരിക്കാനാവില്ല. പ്രകാശ് ജാവദേക്കര്‍ ചുമതലയേറ്റ എല്ലാ സംസ്ഥാന തെരഞ്ഞെടുപ്പുകളിലും ബിജെപി പരാജയം രുചിച്ചു എന്ന വസ്തുതയാണ് ഇപ്പോള്‍ അദ്ദേഹത്തെ തുറിച്ചു നോക്കുന്നത്. 2018 ലെ കര്‍ണാടക സംസ്ഥാന തെരഞ്ഞെടുപ്പ് മുതല്‍ ഇപ്പോള്‍ കഴിഞ്ഞ ഡെല്‍ഹി തെരഞ്ഞെടുപ്പ് വരെ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നിരവധി പരാജയങ്ങളാണ് അദ്ദേഹത്തിന് രുചിക്കേണ്ടിവന്നത്. സ്വന്തമായി ഒരു തെരഞ്ഞെടുപ്പില്‍പോലും വിജയിക്കാത്ത ഒരുനേതാവിന്് പാര്‍ട്ടി നേതൃത്വം തെരഞ്ഞെടുപ്പ് ചുമതല നല്‍കുന്നത് എന്തുകൊണ്ടാണെന്ന് നിരവധി ബിജെപി നേതാക്കള്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെയാണ് കണക്കുകള്‍ പലരുടെയും ശ്രദ്ധയില്‍പ്പെടുന്നത്. 1990 മുതല്‍ 2002 വരെ മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായിരുന്നു ജാവദേക്കര്‍, 2008 മുതല്‍ രാജ്യസഭാംഗമായിരുന്നു. ‘കഴിവില്ലാത്ത വോട്ടെടുപ്പ് മാനേജ്‌മെന്റ്, വിശദീകരിക്കാനാകാത്ത ടിക്കറ്റ് വിതരണം, സംസ്ഥാന നേതാക്കളുമായി ഏകോപനത്തിന്റെ അഭാവം’ എന്നിവയാണ് ജാവദേക്കറുടെ പരാജയമെന്ന് ചില ബിജെപി അംഗങ്ങള്‍ പരാതിപ്പെടുന്നുണ്ട്.

2018 ഡിസംബറില്‍ നടന്ന രാജസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ വസുന്ധര രാജെയുടെ കീഴില്‍ അധികാരത്തിലിരുന്ന ബിജെപി സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. 200 സീറ്റുകളില്‍ കേവലം 73 എണ്ണം മാത്രമാണ് ബിജെപിക്ക് നേടാനായത്. ഇതിന്റെ ചുമതല പാര്‍ട്ടി ജാവദേക്കറിനെയാണ് ഏല്‍പ്പിച്ചിരുന്നത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലും രാജസ്ഥാന്റെ ചുമതല ജാവദേക്കറിനായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ വാദിക്കുന്നുണ്ട്. അന്ന് ബിജെപി സംസ്ഥാനത്തെ 25 സീറ്റുകളും നേടിയെടുത്തിരുന്നു. അതിനുമുമ്പും പാര്‍ട്ടിക്ക് ഇതേവിജയം അവിടെ നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ രാജ്യത്തൊട്ടാകെയുള്ള ‘മോദി തരംഗ’ത്തിന്റെ ഫലമായി ജാവദേക്കറിന് ബഹുമതി ലഭിക്കില്ലെന്നും അദ്ദേഹത്തിന്റെ വിമര്‍ശകര്‍ പറയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരിടുന്നതുപോലെയാണ് ജാവദേക്കര്‍ സംസ്ഥാന തെരഞ്ഞെടുപ്പിനെയും കണ്ടത്. പ്രാദേശിക തലങ്ങളില്‍ ഉയര്‍ന്നുവന്നിരുന്ന ഭരണവിരുദ്ധ വികാരം മറികടക്കാനുള്ള ചെപ്പടിവിദ്യകള്‍ അദ്ദേഹത്തിന്റെ പക്കല്‍ ഉണ്ടായിരുന്നില്ല. അല്ലെങ്കില്‍ അത് കണ്ടെത്തി പരിഹാരം നിര്‍ദേശിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. ജനങ്ങളുടെ പ്രതികരണത്തിന് ചെവികൊടുത്തിരുന്നെങ്കില്‍ കുറഞ്ഞപക്ഷം മികച്ച മത്സരമെങ്കിലും കാഴ്ചവെക്കാമായിരുന്നു.

ഒന്‍പത് മാസത്തിനുള്ളില്‍ നടക്കാനിരുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചുമതലനല്‍കി 2017 ഓഗസ്റ്റിലാണ് ജാവദേക്കറെ നിയമിച്ചത്. സിദ്ധരാമയ്യ സര്‍ക്കാരിനെതിരായ ശക്തമായ ഭരണവിരുദ്ധതയും സംസ്ഥാന കോണ്‍ഗ്രസ് യൂണിറ്റിലെ വന്‍ കലഹവും കണക്കിലെടുത്ത് ബിജെപിക്ക് നേട്ടംകൊയ്യാനുള്ള എല്ലാ സാധ്യതകളും കന്നഡത്തില്‍ സജ്ജമായിരുന്നു. അവിടെ തര്‍ക്കത്തിനോ സംശയങ്ങള്‍ക്കോ സ്ഥാനമുണ്ടായിരുന്നില്ല. ബിജെപി ഭരണമുറപ്പിച്ച തെരഞ്ഞെടുപ്പായിരുന്നു കര്‍ണാടകത്തിലേത്. എന്നാല്‍ ആ സുവര്‍ണാവസരം പാര്‍ട്ടി കൈവിട്ടുകളഞ്ഞു. അധികാരം കപ്പിനും ചുണ്ടിനുമിടക്ക് നഷ്ടമായി. 224 അംഗ നിയമസഭയില്‍ ബിജെപി 104 സീറ്റുകള്‍ മാത്രമാണ് നേടിയത്. ഭൂരിപക്ഷത്തില്‍ നിന്ന് ആറ് സീറ്റുകള്‍ കുറവായിരുന്നു ഇത്. മറുവശത്ത് ബാക്കിയുള്ളവര്‍ ഒത്തുചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ പുറത്തായത് ജാവദേക്കറിന്റെ തന്ത്രങ്ങളായിരുന്നു. വിജയതീരത്തിനരികെ എത്തിയ പാര്‍ട്ടിയെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്തിയ തന്ത്രങ്ങള്‍. തെരഞ്ഞെടുപ്പിനുശേഷം സഖ്യമുണ്ടാക്കാനുള്ള നീക്കങ്ങള്‍ വിജയത്തിലെത്തിക്കുന്നതിലും ജാവദേക്കര്‍ പരാജയപ്പെട്ടു. അതിന്റെ ഫലമായിമാത്രമാണ് ജനതാദള്‍ (എസ്) കോണ്‍ഗ്രസുമായി സര്‍ക്കാര്‍ രൂപീകരിച്ചത്. പിന്നീട് ബിജെപിയുടെ സംസ്ഥാന നേതാവ് യെദിയൂരപ്പയുടെ നീക്കങ്ങളാണ് ഇപ്പോള്‍ അവരെ അധികാരത്തിലെത്തിച്ചത്. ചുരുക്കിപ്പറഞ്ഞാല്‍ തെരഞ്ഞെടുപ്പ് ചുമതല സംസ്ഥാന നേതൃത്വത്തിന് നല്‍കിയിരുന്നെങ്കില്‍ ഒരുപക്ഷേ ഭൂരിപക്ഷത്തോടെ ബിജെപി അവിടെ അധികാരത്തിലെത്തുമായിരുന്നു എന്നാണ് സംസ്ഥാന നേതാക്കളുടെ പക്ഷം.

2016 ല്‍ തമിഴ്നാട് സംസ്ഥാന തെരഞ്ഞെടുപ്പിന്റെ ചുമതലയും ജാവദേക്കറിനായിരുന്നു പാര്‍ട്ടി നല്‍കിയിരുന്നത്. ദ്രാവിഡ പാര്‍ട്ടികളുടെ ആധിപത്യമുള്ള സംസ്ഥാനത്ത് ബിജെപിക്ക് ഒരു സീറ്റും ലഭിച്ചില്ല. പരമ്പരാഗതമായി പ്രാദേശിക പാര്‍ട്ടികള്‍ക്ക് വോട്ടുചെയ്ത തമിഴ്നാട്ടില്‍ ബിജെപിക്ക് പിന്തുണ ഉണ്ടായിരുന്നില്ല. അത് സൃഷ്ടിച്ചെടുക്കുന്നതില്‍ മുന്നേറാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ഡെല്‍ഹി തെരഞ്ഞെടുപ്പിലും ചുമതല ജാവദേക്കറിനുതന്നെയായിരുന്നു. അവിടെയും പരാജയം ആവര്‍ത്തിക്കുകയാണ് ഉണ്ടായത്. ഒരു ബഹുജനനേതാവെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പരിചയക്കുറവാണ് തെരഞ്ഞെടുപ്പ് കൈകാര്യം ചെയ്യുന്ന രീതി പാളിപ്പോകാന്‍ കാരണമെന്നാണ് ചിലര്‍ വിലയിരുത്തുന്നത്. പ്രവര്‍ത്തകര്‍ കൈമാറുന്ന വിശദാംശങ്ങള്‍ക്കനുസരിച്ചുള്ള തന്ത്രങ്ങള്‍ മെനയുന്നതില്‍ അദ്ദേഹം പരാജയപ്പെടുന്നു. പലപ്പോഴും അവ തള്ളിക്കളയുന്നു. ഇവിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും വ്യത്യസ്തരാകുന്നത്. നയപരമായ മികച്ച തീരുമാനങ്ങള്‍ എടുക്കാന്‍ ജാവദേക്കറിന് കഴിഞ്ഞില്ലെന്ന് മറ്റ് ബിജെപി നേതാക്കളും പറയുന്നു. പ്രകടന പത്രികയില്‍ മെച്ചപ്പെട്ട എന്തെങ്കിലും പ്രഖ്യാപിച്ചുകൊണ്ട് ആം ആദ്മി പാര്‍ട്ടിയുടെ സൗജന്യങ്ങളെ ബിജെപി എതിര്‍ക്കണമെന്ന് ഒരു ഘട്ടത്തില്‍ തോന്നിയിരുന്നു. ഇത് ജാവദേക്കറിനെ പ്രവര്‍ത്തകര്‍ അറിയിച്ചു. എന്നാല്‍ ഈ നിര്‍ദേശം അദ്ദേഹം നിരസിക്കുകയാണ് ഉണ്ടായത്. പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും സ്പന്ദനം മനസിലാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല എന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ പറയുന്നു.

എന്തായാലും ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ഒരു തീവ്രവാദിയാണെന്നതിന് ബിജെപിക്ക് തെളിവുണ്ടെന്ന ജാവദേക്കറുടെ പ്രസ്താവനയാണ് പാര്‍ട്ടി അംഗങ്ങളെ പൂര്‍മമായും വെട്ടിലാക്കിയത്. അദ്ദേഹം ഈ അഭിപ്രായം പറഞ്ഞയുടനെ ആം ആദ്മി പാര്‍ട്ടി (എഎപി) അതിന്റെ മുഴുവന്‍ പ്രചാരണവും കേജ്രിവാളിനെ ഒരു തീവ്രവാദി എന്ന് വിളിക്കുന്നതിലേക്ക് മാറ്റുകയായിരുന്നു. ജനങ്ങള്‍ അങ്ങനെ കരുതുന്നുണ്ടോ എന്നും ഡെല്‍ഹിയുടെ പുത്രന്‍ ഒരു തീവ്രവാദിയാണോ എന്നും ആപ്പ് വോട്ടര്‍മാരോട് ചോദിച്ചു. ഇതോടെ കാര്യങ്ങള്‍ ബിജെപിക്ക് കൈവിട്ടുപോയിരുന്നു. ജാവദേക്കറില്‍ നിന്ന് പുറത്തുവരുന്ന അത്തരമൊരു അഭിപ്രായം അമ്പരപ്പിക്കുന്നതാണെന്ന് ബിജെപി നേതാക്കള്‍തന്നെ പറയുന്നു. ”ഇത് തികച്ചും വ്യക്തിപരമായ അഭിപ്രായമായിരുന്നു, ഉയര്‍ന്ന നേതൃത്വത്തിന്റെ പിന്തുണയുമില്ല. ഇത് അദ്ദേഹത്തിന്റെ പ്രസ്താവനയെ പിന്തുണയ്ക്കുന്നില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. എന്നാല്‍ അപ്പോഴേക്കും സംഭവിക്കേണ്ടത് സംഭവിച്ചുകഴിഞ്ഞിരുന്നു. ഇക്കാര്യങ്ങളോട് ജാവദേക്കറിന്റെ ഓഫീസ് പ്രതികരിച്ചുമില്ല.

എന്നാല്‍, 2019 ലെ രാജസ്ഥാനില്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 25 സീറ്റുകള്‍ നേടിയതില്‍ നിര്‍ണായക പങ്ക് വഹിച്ചതായി ജാവദേക്കറിനെ പിന്തുണക്കുന്നവര്‍ പറയുന്നു. ”കര്‍ണാടകയില്‍ പോലും ഞങ്ങള്‍ ഏറ്റവും വലിയ ഒറ്റ പാര്‍ട്ടിയായി ഉയര്‍ന്നു, ഭൂരിപക്ഷത്തിന് കുറച്ച് സീറ്റുകള്‍ മാത്രം. അദ്ദേഹം എല്ലായ്‌പ്പോഴും അശ്രാന്തമായി പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡെല്‍ഹിയിലും അദ്ദേഹം കഠിനാധ്വാനം ചെയ്തു”- അടുത്ത സഹായികല്‍ പറയുന്നു. പാര്‍ട്ടിയിലെ മിതശബ്ദമായാണ് ജാവദേക്കര്‍ അറിയപ്പെടുന്നത്. കോണ്‍ഗ്രസിലെയും ആം ആദ്മി പാര്‍ട്ടിയിലെയും ചങ്ങാതിമാരും അദ്ദേഹത്തിനുണ്ട്.

എച്ച്ആര്‍ഡി മന്ത്രിയെന്ന നിലയില്‍, നെഗറ്റീവ് പ്രസിലേക്ക് നയിച്ചേക്കാവുന്ന ഒന്നും താന്‍ പറയുകയോ ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് ജാവദേക്കര്‍ ഉറപ്പുവരുത്തിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ‘തീവ്രവാദ’ പരാമര്‍ശം എല്ലാവരേയും അമ്പരപ്പിച്ചതായി പാര്‍ട്ടിയിലെ ചിലര്‍ സൂചിപ്പിച്ചു.പ്രചാരണത്തിനിടെ ഉണ്ടായ വിദ്വേഷ പ്രസംഗങ്ങളാണ് പാര്‍ട്ടിയെ തോല്‍പ്പിച്ചതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായും വ്യക്തമാക്കിയിരുന്നു. പ്രാദേശിക നേതാക്കളോട് ആലോചിക്കാതെ ടിക്കറ്റ് വിതരണം ചെയ്യാനുള്ള ജാവദേക്കറുടെ തീരുമാനവും പ്രതിസന്ധികള്‍ സൃഷ്ടിച്ചിരുന്നു. രാജസ്ഥാനിലെ തോല്‍വിക്ക് ഇത് പ്രധാനഘടകമായിരുന്നു. ഡെല്‍ഹിയില്‍ പാര്‍ട്ടിയിലെ വിവിധ വിഭാഗങ്ങളെ ഒത്തൊരുമയോടെ കൊണ്ടുപോകാന്‍ ജാവദേക്കറിന് കഴിയുമെന്നാണ് പാര്‍ട്ടി വിശ്വസിച്ചത്. മുതിര്‍ന്ന നേതാക്കളായ മനോജ് തിവാരി, മീനാക്ഷി ലേഖി എന്നിവരുടെ ശുപാര്‍ശകള്‍ അദ്ദേഹം പരിഗണിച്ചിരുന്നില്ലെന്നും സൂചനയുണ്ട്. ഇത് പാര്‍ട്ടിയുടെ മനോവീര്യത്തെ സ്വാഭാവികമായും ബാധിച്ചതായി പ്രവര്‍ത്തകര്‍ പറയുന്നു. (താജീന്ദര്‍ പാല്‍ സിംഗ്) ബഗ്ഗ, കപില്‍ മിശ്ര തുടങ്ങിയ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കി. വര്‍ഷങ്ങളായി ഈ പ്രദേശത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നവരെ അവഗണിച്ചു. പ്രശ്‌നം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഒന്നും സംഭവിച്ചില്ല. ഇവരെല്ലാം നല്ലമാര്‍ജിനില്‍ പിന്നീട് പരാജയം രുചിച്ചു. അദ്ദേഹത്തിന്റെ ട്വിറ്റര്‍ സന്ദേശങ്ങളും പോസ്റ്റുകളിലെ ഇടപെടലും പാര്‍ട്ടി ശ്രദ്ധിച്ചിരുന്നു. ”ആം ആദ്മി പാര്‍ട്ടിക്ക് എല്ലാ ആളുകളെയും എല്ലായ്‌പ്പോഴും വഞ്ചിക്കാന്‍ കഴിയില്ല.”ഒരു സന്ദേശത്തില്‍ ജാവദേക്കര്‍ പറഞ്ഞു. ”അതെ, അതാണ് ബിജെപിയുടെ പ്രത്യേകത.” എന്നായിരുന്നു ഇതിന് ആം ആദ്മി പാര്‍ട്ടി നല്‍കിയ മറുപടി.

Comments

comments

Categories: Top Stories

Related Articles