ഇന്ത്യയുടെ പ്രതിരോധ വാങ്ങലുകള്‍ പരുങ്ങലില്‍

ഇന്ത്യയുടെ പ്രതിരോധ വാങ്ങലുകള്‍ പരുങ്ങലില്‍
  • ഫണ്ട് അപര്യാപ്തതയും ഔദ്യോഗിക കാലതാമസങ്ങളും കരാറുകളെ പിന്നോട്ടടിപ്പിക്കുന്നു
  • ലഖ്‌നൗ ഡിഫന്‍സ് എക്‌സ്‌പോയിലും പുതിയ ആയുധ സംഭരണ പ്രഖ്യാപനങ്ങളുണ്ടായില്ല

ആയുധ സംഭരണത്തില്‍ വന്‍ പരിഷ്‌കാരങ്ങള്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്നില്ലെങ്കില്‍ കരാറുകള്‍ ഇനിയും വൈകും

-ജോണ്‍ ഗ്രേവറ്റ്, പ്രതിരോധ നിരീക്ഷകന്‍

ന്യൂഡെല്‍ഹി: ലോകത്തെ ഏറ്റവും വലിയ പ്രതിരോധ ഉപഭോക്തൃ രാഷ്ട്രങ്ങളിലൊന്നായ ഇന്ത്യയുടെ വമ്പന്‍ പ്രതിരോധ വാങ്ങല്‍ ഇടപാടുകളില്‍ പലതും സമ്മര്‍ദ്ദത്തില്‍. ഫണ്ടുകളുടെ അഭാവവും ഔദ്യോഗിക കാലതാമസങ്ങളുമാണ് വിവിധ കരാറുകളെ പിന്നോട്ടടിപ്പിക്കുന്നത്. 250 ബില്യണ്‍ ഡോളര്‍ ചെലവഴിച്ച് സൈന്യത്തെ ആധുനികവല്‍ക്കരിക്കാനാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി ലക്ഷ്യമിട്ടിരിക്കുന്നത്. അത്യാധുനിക യന്ത്രത്തോക്കുകളും ഹെലികോപ്റ്ററുകളും മുതല്‍ മുങ്ങിക്കപ്പല്‍ വരെയുള്ള പ്രതിരോധ ഉപകരണങ്ങളുമായി ലോക്ക്ഹീഡ് മാര്‍ട്ടിനും, സ്വീഡന്റെ സാബ് എബിയുമെല്ലാം ഇന്ത്യയെ കാത്തിരിപ്പുണ്ട്. എന്നാല്‍ ആയുധങ്ങളും ഉപകരണങ്ങളും വിമാനങ്ങളും വാങ്ങാനുള്ള നടപടിക്രമങ്ങള്‍ ഇഴയുകയാണെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ആഴ്ച ലഖ്‌നൗവില്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഡിഫന്‍സ് എക്‌സ്‌പോയില്‍ വെച്ച് പ്രധാന മന്ത്രിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും നടത്തിയ പ്രസംഗങ്ങളില്‍ സേനയുടെ ആധുനികവല്‍ക്കരണവും ഇന്ത്യയെ പ്രതിരോധ കയറ്റുമതി കേന്ദ്രമാക്കുന്ന കാര്യവും മുഖ്യ പ്രതിപാദ്യ വിഷയങ്ങളായിരുന്നു. എന്നാല്‍ പുത്തന്‍ വാങ്ങലുകളെക്കുറിച്ച് ഇരുവരും ഒന്നും തുറന്നു പറയാഞ്ഞതിനാല്‍ വ്യവസായ പ്രതിനിധികളില്‍ നിരാശ ദൃശ്യമായിരുന്നു.

പ്രതിരോധ ചെലവിടലില്‍ ലോകത്തെ ഏറ്റവും വലിയ നാലാമത്തെ രാജ്യം ആയിരിക്കുമ്പോഴും മൂന്ന് സേനാ വിഭാഗങ്ങളും കാലപ്പഴക്കം ചെന്ന ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. 1980 കളില്‍ വാങ്ങിയ ബോഫോഴ്‌സ് പീരങ്കികളും സോവിയറ്റ് കാലഘട്ടത്തിലെ പോര്‍ വിമാനങ്ങളും കപ്പലുകളുമാണ് സേനാ വിഭാഗങ്ങള്‍ ഇപ്പോഴും ഉപയോഗിക്കുന്നത്. ഇന്ത്യന്‍ കമ്പനികളും വിദേശ പ്രതിരോധ സ്ഥാപനങ്ങളും തമ്മില്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ പങ്കാളിത്തം സൃഷ്ടിക്കുന്ന തരത്തില്‍ പ്രതിരോധ വാങ്ങലുകളുടെ ഘടന മോദി സര്‍ക്കാര്‍ പരിഷ്‌കരിച്ചെങ്കിലും, പ്രാദേശിക നിര്‍മാണ ശാലകള്‍ നിര്‍മിക്കുന്നതില്‍ സംയോജിതമായ പ്രവര്‍ത്തനം നടക്കുന്നില്ലെന്ന് ലോക്‌സഭാ സമിതി കുറ്റപ്പെടുത്തുന്നു.

ഗൗതം അദാനിയുമായി ചേര്‍ന്ന് പ്രാദേശികമായി മുങ്ങിക്കപ്പലുകള്‍ നിര്‍മിക്കുന്നതിനായി സ്ഥാപിക്കാന്‍ ഒരുങ്ങിയ സംയുക്ത സംരംഭത്തില്‍ തങ്ങള്‍ക്ക് ഭൂരിപക്ഷ ഓഹരി നിയന്ത്രണം ലഭിക്കില്ല എന്ന് അറിഞ്ഞതോടെ സാബ് എബി പിന്മാറിയിരുന്നു. ഭൂരിപക്ഷ നിയന്ത്രണം ലഭിച്ചല്‍ മാത്രമേ ആധുനിക സാങ്കേതിക വിദ്യകള്‍ കൈമാറ്റം ചെയ്യുകയുള്ളൂ എന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. 2019 വരെയുള്ള മൂന്ന് സാമ്പത്തിക വര്‍ഷങ്ങളില്‍ 20 ബില്യണ്‍ ഡോളറിന്റെ കരാറുകളില്‍ രാജ്യം ഏര്‍പ്പെട്ടു എങ്കിലും 149 ചെറിയ വാങ്ങലുകള്‍ക്കായുള്ളതാണ് അവ. ഇന്ത്യന്‍ ഉല്‍പ്പാദകരില്‍ നിന്നുള്ള വാങ്ങലും 2019ല്‍ അഞ്ചു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി.

ഫണ്ട് തികയുന്നില്ല

ആറ് വര്‍ഷം മുന്‍പ് ലഭിച്ച വ്യക്തമായ ജനവിധി, അത്യാധുനിക ആയുധങ്ങള്‍ വാങ്ങാനായി മോദി സര്‍ക്കാര്‍ പ്രയോജനപ്പെടുത്തിയില്ലെന്നാണ് പ്രതിരോധ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. റഫേല്‍ കരാറിന്‍ മേല്‍ ഉയര്‍ന്ന ആരോപണങ്ങള്‍ ഇതിന് കാരണമായിട്ടുണ്ടാവാം. 125 റഫേല്‍ യുദ്ധ വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് വാങ്ങിക്കാനുള്ള കരാര്‍ മൂന്നിലൊന്നായി 2015 ല്‍ സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. പ്രതിരോധത്തിനായുള്ള ഫണ്ട് ക്ഷാമവും രൂക്ഷമാണ്. പ്രതിരോധ വിഹിതത്തിന്റെ 60% തുക, 13 ദശലക്ഷം വരുന്ന സൈനികര്‍ക്ക് ശമ്പളം കൊടുക്കാനും മറ്റുമാണ് ചെലവാക്കുന്നത്. ശേഷിക്കുന്ന തുകയുടെ ഒരു വിഹിതം മാത്രമാണ് പ്രതിരോധ വാങ്ങലിന് ശേഷിക്കുന്നത്.

Categories: FK News, Slider
Tags: Defence