പുല്‍വാമ: രക്തസാക്ഷിത്വം ഇന്ത്യ മറക്കില്ലെന്ന് പ്രധാനമന്ത്രി

പുല്‍വാമ: രക്തസാക്ഷിത്വം ഇന്ത്യ മറക്കില്ലെന്ന് പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: പുല്‍വാമാ ഭീകരാക്രണണത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ വീരമൃത്യുവരിച്ച സിആര്‍പിഎഫ് ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി.അവരുടെ രക്തസാക്ഷിത്വം ഇന്ത്യ ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 14 ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ നാല്‍പ്പത് സിആര്‍പിഎഫുകാരുടെ ജീവനാണ് പൊലിഞ്ഞത്. വീരമൃത്യുവരിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ രാജ്യത്തെ സേവിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി ജീവിതം സമര്‍പ്പിച്ച അസാധാരണ വ്യക്തികളായിരുന്നുവെന്ന് മോദി ട്വീറ്റു ചെയ്തു. പുല്‍വാമാ ദിനത്തില്‍ ആഭ്യന്തരമന്ത്രി അമിത്ഷാ, മന്ത്രിമാരായ രാജ്നാഥ് സിംഗ്, സ്മൃതി ഇറാനി, ഹര്‍ദീപ് പുരി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ആം ആദ്മി പാര്‍ട്ടി നേതാവും ഡെല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള്‍ എന്നിവരും അനുസ്മരണം നടത്തി.

ആക്രമണത്തില്‍ നിന്ന് ആരാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയതെന്നും ഇത് സംബന്ധിച്ച അന്വേഷണത്തിന്റെ ഫലം എന്താണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഈ അവസരത്തില്‍ ചോദിച്ചു. ആക്രമണത്തിന് അനുവദിച്ചുകൊണ്ട് സുരക്ഷാവീഴ്ച വരുത്തിയ ബിജെപിസര്‍ക്കാരില്‍ ആരാണ് ഇതിന് ഉത്തരവാദി എന്നും രാഹുല്‍ ട്വിറ്ററില്‍ ചോദിച്ചു. പുല്‍വാമയുടെ ഒന്നാംവാര്‍ഷികത്തില്‍ ലെത്പോറ ക്യാമ്പില്‍ ഒരു സ്മാരകവും ഉദ്ഘാടനം ചെയ്യപ്പെട്ടു. ഇവിടെ സിആര്‍പിഎഫ് മുദ്രാവാക്യത്തിനൊപ്പം 40 സിആര്‍പിഎഫ് ജവാന്മാരുടെയും പേരും ചിത്രങ്ങളും സ്മാരകത്തിന്റെ ഭാഗമാണ്.

നമ്മുടെ മാതൃരാജ്യത്തിന്റെ പരമാധികാരത്തിനും സമഗ്രതയ്ക്കുമായി പരമമായ ത്യാഗം ചെയ്ത നമ്മുടെ ധീരരായ ജവന്മാരോടും അവരുടെ കുടുംബങ്ങളോടും രാജ്യം എന്നും കടപ്പെട്ടിരിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞു. ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ രാജ്യം ഒന്നിച്ചതായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.ജവാന്മാരുടെ ത്യാഗം രാജ്യം ഒരിക്കലും മറക്കില്ല. ഈ ഭീഷണിക്കെതിരായ പോരാട്ടം തുടരാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം ട്വിറ്റളില്‍ പറഞ്ഞു. അമ്മയുടെ ധീരരായ പുത്രന്മാരെ അഭിവാദ്യം ചെയ്യുന്നുവെന്നാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞത്. ”ഞങ്ങളുടെ സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഞാന്‍ രാജ്യത്തോടൊപ്പം ചേരുന്നു,”- ഹര്‍ദീപ് പുരിയും പറഞ്ഞു. ഭീകരതയെ അതിന്റെ വേരുകളില്‍ നിന്ന് പൂര്‍ണമായും അവസാനിപ്പിക്കാന്‍ നാമെല്ലാവരും ഒന്നിക്കണം എന്ന് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയും അഭിപ്രായപ്പെട്ടു.

Comments

comments

Categories: FK News
Tags: Modi, Pulwama