ലോജിസ്റ്റിക്‌സിലെ പാട്ടത്തിന് നല്‍കലില്‍ 30% വര്‍ധന: സിബിആര്‍ഇ

ലോജിസ്റ്റിക്‌സിലെ പാട്ടത്തിന് നല്‍കലില്‍ 30% വര്‍ധന: സിബിആര്‍ഇ

2019ന്റെ രണ്ടാം പകുതിയില്‍ 18 ദശലക്ഷം ചതുരശ്രയടി സ്ഥലമാണ് പാട്ടത്തിന് നല്‍കിയിട്ടുള്ളത്

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ലോജിസ്റ്റിക് വിഭാഗത്തിലെ പാട്ടത്തിനു നല്‍കല്‍ പ്രവര്‍ത്തനങ്ങള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 30 ശതമാനത്തിലധികം ഉയര്‍ന്ന് 2019ല്‍ 33 ദശലക്ഷം ചതുരശ്ര അടിയിലെത്തിയെന്ന് സിബിആര്‍ഇ റിപ്പോര്‍ട്ട്. ‘ഇന്ത്യ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് മാര്‍ക്കറ്റ് വ്യൂ,’ എന്ന പേരിലാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തെ മൊത്തം ലോജിസ്റ്റ്‌സ് സ്ഥലം പാട്ടത്തിന് എടുക്കലിന്റെ 60 ശതമാനവും ബെംഗളൂരു, ദേശീയ തലസ്ഥാന മേഖല (എന്‍സിആര്‍), മുംബൈ എന്നിവടങ്ങിലായിരുന്നു.

2019ന്റെ രണ്ടാം പകുതിയില്‍ 18 ദശലക്ഷം ചതുരശ്രയടി സ്ഥലമാണ് പാട്ടത്തിന് നല്‍കിയിട്ടുള്ളത്. വര്‍ഷത്തിന്റെ ആദ്യ പകുതിയെ അപേക്ഷിച്ച് 20 ശതമാനം വര്‍ധന. വ്യാവസായിക-ലോജിസ്റ്റിക് വിഭാഗത്തിലെ പാട്ടത്തിന് എടുക്കലില്‍ 50,000 ചതുരശ്ര അടിയില്‍ താഴെയുള്ള ഇടപാടുകളാണ് ആധിപത്യം പുലര്‍ത്തിയത്. ഏകദേശം 42 ശതമാനം വിഹിതമാണ് ഈ വിഭാഗത്തിലുള്ളത്.. ഇടത്തരം ഇടപാടുകളുടെ (50,000-1,00,000 ചതുരശ്ര അടി) വിഹിതം 30 ശതമാനമാണ്. വലിയ വലിപ്പത്തിലുള്ള ഇടപാടുകളുടെ (1,00,000 ചതുരശ്ര അടിയില്‍ കൂടുതല്‍) വിഹിതം 28 ശതമാനമാണ്.

‘5 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയായി മാറുന്നതിന്, ഭൗതികമായ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനായി നിരവധി ഘടനാപരമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ദേശീയ ലോജിസ്റ്റിക് നയം, ദേശീയ ഇ-കൊമേഴ്‌സ് നയം എന്നിവയ്‌ക്കൊപ്പം വലിയ തോതിലുള്ള അടിസ്ഥാന സൗകര്യ വികസനവും നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു ഇതെല്ലാം ഇന്ത്യയിലെ വെയര്‍ഹൗസിംഗ് വിപണിയിലെ മൊത്തത്തിലുള്ള സ്റ്റോക്ക് കൂടുതല്‍ മെച്ചപ്പെടുത്തും,’ സിബിആര്‍ഇയുടെ ഇന്ത്യ, സൗത്ത് ഈസ്റ്റ് ഏഷ്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നീ മേഖലകളുടെ ചെയര്‍മാനും സിഇഒയുമായ അന്‍ഷുമാന്‍ മാഗസിന്‍ പറഞ്ഞു. ആഭ്യന്തര ആവശ്യകതയുടെ വീണ്ടെടുക്കല്‍, ഉല്‍പ്പാദന മേഖലയുടെ പുരോഗതി, ഓമ്‌നിചാനല്‍ റീട്ടെയ്‌ലിംഗ് മേഖലയിലേക്കുള്ള ഘടനാപരമായ മാറ്റം എന്നിവയുടെ പിന്തുണയോടെ ലോജിസ്റ്റിക്‌സ് മേഖലയുടെ അടിസ്ഥാനങ്ങള്‍ ശക്തിപ്പെടുത്തുകയാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

ദേശീയ ലോജിസ്റ്റിക്‌സ് നയത്തിന്റെ കരട് സര്‍ക്കാര്‍ തയാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാജ്യത്തിനകത്തെ ചരക്കുനീക്കത്തിന്റെ തടസങ്ങളും ചെലവും കുറയ്ക്കുന്നതിന് ലക്ഷ്യമിടുന്നതാണ് കരട് നയം. സാമ്പത്തിക വളര്‍ച്ചയും കയറ്റുമതിക്കും ലോജിസ്റ്റ്കിസിലെ പുരോഗതി അനിവാര്യമാണെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നതെന്നും കരട് നയത്തില്‍ പറയുന്നു.

Comments

comments

Categories: FK News
Tags: Logistics