സത്യപ്രതിജ്ഞ നാളെ; മോദിയെ ക്ഷണിച്ച് കേജ്രിവാള്‍

സത്യപ്രതിജ്ഞ നാളെ; മോദിയെ ക്ഷണിച്ച് കേജ്രിവാള്‍

കേജ്രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മോദിക്ക് മാത്രമാണ് ആം ആദ്മി പാര്‍ട്ടി ക്ഷണം അയച്ചിരിക്കുന്നത്.

ന്യൂഡെല്‍ഹി: ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാള്‍ നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തകര്‍പ്പന്‍ വിജയത്തിന് നേതൃത്വം നല്‍കിയ കേജ്രിവാള്‍ തുടര്‍ച്ചയായ മൂന്നാം തവണയാണ് അധികാരമേല്‍ക്കുന്നത്. ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആംആദ്മി പാര്‍ട്ടി നേതാവ് ക്ഷണിച്ചിട്ടുണ്ട്. ഡെല്‍ഹിയിലെ രാംലീല മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ ഏഴംഗ മന്ത്രിസഭയായിരിക്കും അധികാരമേല്‍ക്കുക. ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വിസ്മയാവഹമായ വിജയമാണ് ആംആദ്മി പാര്‍ട്ടി കൈവരിച്ചത്. ആകെയുള്ള 70 സീറ്റുകളില്‍ 62ലും അവര്‍ വെന്നിക്കൊടി പാറിച്ചു. പാര്‍ട്ടിക്ക് ലഭിച്ചത് 53.57 ശതമാനം വോട്ടുകളാണ്. ബാക്കി എട്ടുസീറ്റുകളിലും വിജയിച്ചത് ബിജെപിയാണ്. അതേസമയം, കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നേടാന്‍ കഴിഞ്ഞില്ല. കേവലം 4.26 ശതമാനം വോട്ട് മാത്രമാണ് പാര്‍ട്ടി നേടിയത്.

കേജ്രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് രാഷ്ട്രീയക്കാരെ ആരെയും ക്ഷണിക്കില്ലെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.ഡെല്‍ഹിക്ക് പ്രത്യേകമായി നടക്കുന്ന ചടങ്ങിന് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒരു മുഖ്യമന്ത്രിയെയോ രാഷ്ട്രീയ നേതാവിനെയോ ക്ഷണിക്കില്ലെന്നും ആം ആദ്മി പാര്‍ട്ടിയുടെ ഡെല്‍ഹി യൂണിറ്റ് കണ്‍വീനര്‍ ഗോപാല്‍ റായ് പറഞ്ഞു. അതേസമയം, ഒരു പ്രത്യേക അതിഥിയെയും ആം ആദ്മി പാര്‍ട്ടി ക്ഷണിച്ചിട്ടുണ്ട്. കേജ്രിവാളിനെപ്പോലെ വസ്ത്രം ധരിച്ച ആം ആദ്മി പാര്‍ട്ടി ഓഫീസില്‍ കണ്ട ഒരു വയസുള്ള കുഞ്ഞിനെ. എഎപി തൊപ്പി, കണ്ണട, സ്വെറ്റര്‍, മഫഌ എന്നിവയും ഒരു മീശയും വെച്ചുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. മറ്റ് നേതാക്കളെ ക്ഷണിക്കേണ്ടതില്ല എന്ന പാര്‍ട്ടി നിലപാട് അവസാന നിമിഷം മാറുമോ എന്നറിയില്ല. മാറിയില്ലെങ്കില്‍ സ്വന്തം ജനങ്ങള്‍ക്കുമുമ്പില്‍ അവര്‍ക്കുവേണ്ടിമാത്രം ഒരുക്കിയ സദസിനുമുമ്പിലായിരിക്കും കേജ്‌രിവാളിന്റെ സത്യപ്രതിജ്ഞ.ചടങ്ങ് രാവിലെ 10 ന് ചരിത്ര മൈതാനത്ത് നടക്കും. തെരഞ്ഞെടുക്കപ്പെട്ട എല്ലാ പാര്‍ട്ടി എംഎല്‍എമാരും തങ്ങളുടെ നിയോജകമണ്ഡലങ്ങളില്‍ നിന്നും വന്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Comments

comments

Categories: Politics
Tags: Kejriwal, Modi