മാന്ദ്യകാലത്ത് പ്രതീക്ഷയേകുന്ന ഐടി രംഗം

മാന്ദ്യകാലത്ത് പ്രതീക്ഷയേകുന്ന ഐടി രംഗം

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2019ല്‍ കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കാന്‍ ഐറ്റി മേഖലയ്ക്ക് സാധിച്ചുവെന്നത് ഈ മാന്ദ്യകാലത്ത് ആത്മവിശ്വാസം നല്‍കുന്നു

മാന്ദ്യകാലത്ത് തൊഴില്‍ സൃഷ്ടിയുടെ ദുരവസ്ഥയെകുറിച്ച് പറയേണ്ടതില്ല. നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയെന്ന വാര്‍ത്തകളുടെ അനുരണനങ്ങളൊന്നും ഇപ്പോഴും മാറിയിട്ടില്ല. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന സമയത്ത് മിക്ക വ്യവസായ മേഖലകളും തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുകയാണ്. ഓട്ടോമൊബീല്‍ മേഖലയെല്ലാം ഇതിന്റെ രൂക്ഷത അനുഭവിച്ചുകൊണ്ടിരിക്കയാണ്. പിരിച്ചുവിടലിന്റെ കണക്കുകള്‍ ഇടയ്ക്കിടെ വാര്‍ത്തകളില്‍ നിറയുന്നുമുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം വന്നൊരു റിപ്പോര്‍ട്ട് ഐറ്റി രംഗത്തെ സംബന്ധിച്ചിടത്തോളം ശുഭപ്രതീക്ഷയാണ് പങ്കുവെക്കുന്നത്.

ഏകദേശം 200 ബില്യണ്‍ ഡോളറിന്റേതാണ് ഇന്ത്യയുടെ ഐറ്റി സേവന വ്യവസായം. 2019ല്‍ ഈ മേഖല സൃഷ്ടിച്ചത് 200,000 പുതിയ തൊഴിലുകളാണെന്ന് കഴിഞ്ഞ ദിവസം ഐറ്റി സംഘടനയായ നാസ്‌കോം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 2018ല്‍ ഐറ്റി രംഗം സൃഷ്ടിച്ചത് 180,000 തൊഴിലുകളായിരുന്നു. പുതിയ കണക്കുകള്‍ പ്രകാരം മൊത്തത്തില്‍ 4.36 ദശലക്ഷം പേരാണ് ഐറ്റി രംഗത്ത് ജോലി ചെയ്യുന്നത്.

2020 ശുഭവര്‍ഷമായിരിക്കുമെന്നാണ് ഈ രംഗത്തുള്ളവര്‍ കരുതുന്നതെന്ന് നാസ്‌കോമിന്റെ തന്നെ സര്‍വേ വ്യക്തമാക്കുന്നുണ്ട്. 10 സിഇഒമാരില്‍ ഏഴ് പേരും വിശ്വസിക്കുന്നത് 2020ല്‍ ഐറ്റി രംഗം കൂടുതല്‍ പേരെ ജോലിക്കെടുക്കുമെന്നാണെന്ന് സര്‍വേ പറയുന്നു. 2019ല്‍ 191 ബില്യണ്‍ ഡോളറിന്റെ വരുമാനമാണ് ഇന്ത്യന്‍ ഐറ്റി രംഗം നേടിയത്. ആഗോള വമ്പന്മാരായ മൈക്രോസോഫ്റ്റ് മുതല്‍ ആഭ്യന്തര കമ്പനികളായ ഫഌപ്കാര്‍ട്ടും ഒലയും വരെ ഐറ്റിയുമായി ബന്ധപ്പെട്ട റിക്രൂട്ട്‌മെന്റ് കാര്യമായി നടത്തിയിട്ടുണ്ട്. കൂടുതലും തുടക്കക്കാരായ ജീവനക്കാരെയാണ് ഇവരെല്ലാം ജോലിക്കെടുത്തിരിക്കുന്നത്.

പോസിറ്റീവായ കാര്യങ്ങളാണ് ഇതെല്ലാമെങ്കിലും ഐറ്റി രംഗത്തിന് മുന്നിലുള്ളതും വെല്ലുവിളികള്‍ തന്നെയാണ്. ഈ മേഖലയില്‍ ജോലി തേടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏറ്റവും വലിയ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ് യന്ത്രവല്‍ക്കരണവും കൃത്രിമ ബുദ്ധിയുമെല്ലാം. ഇവയുടെ വ്യാപനത്തോടെ നിരവധി തൊഴിലുകള്‍ അപ്രത്യക്ഷമാകും. പല ജോലികളുടെയും സ്വഭാവം തന്നെ മാറും. ഇത്തരമൊരു പരിണാമത്തിന് ശേഷമുള്ള തൊഴിലവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ മാത്രമുള്ള ഡിജിറ്റല്‍ നൈപുണ്യം നമ്മുടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൈവരുമോ എന്നതാണ് പ്രസക്തമായ ചോദ്യം. റീസ്‌കില്ലിംഗ് പ്രൊസസില്‍ കാര്യമായ ശ്രദ്ധയൂന്നിയാലേ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഭീഷണിയെ മറികടക്കാന്‍ സാധിക്കൂ. ബിഗ് ഡാറ്റ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ക്ലൗഡ് കംപ്യൂട്ടിംഗ്, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയ മേഖലകളിലായിരിക്കും ഐറ്റി അനുബന്ധമായ തൊഴിലുകള്‍ ഇനി കൂടുതലും സൃഷ്ടിക്കപ്പെടുക. ഈ സങ്കേതങ്ങളില്‍ അതിനൈപുണ്യം നേടുന്നവര്‍ക്ക് മുന്നിലുള്ളത് വലിയ തൊഴില്‍ സാധ്യതകളുമാണ്. എന്നാല്‍ നിലവിലെ ജീവനക്കാരില്‍ എത്രശതമാനം പേര്‍ക്ക് ഇവയിലെല്ലാം നിപുണതയുണ്ടെന്നതാണ് വിഷയം. തൊഴിലുകള്‍ വലിയ തോതില്‍ നഷ്ടമാകുമെങ്കിലും പുതിയ മേഖലകളില്‍ വമ്പന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന തരത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിപ്ലവത്തെ തിരിച്ചുവിടുകയെന്നതിനാണ് സര്‍ക്കാരും വ്യവസായലോകവും ശ്രദ്ധ നല്‍കേണ്ടത്.

Categories: Editorial, Slider
Tags: IT sector