നവീനആശയങ്ങളാണ് വ്യവസായവളര്‍ച്ചയുടെ മാനദണ്ഡം

നവീനആശയങ്ങളാണ് വ്യവസായവളര്‍ച്ചയുടെ മാനദണ്ഡം

ഐടി രംഗത്ത് നൂതനമായ സമീപനങ്ങളാണ് വേണ്ടതെന്നും നിലവിലെ കയറ്റുമതിയെ നേട്ടമായി ഉദ്‌ഘോഷിക്കുന്നതില്‍ വലിയ അര്‍ത്ഥമില്ലെന്നും എം ശിവശങ്കര്‍ ഐഎഎസ്

  • നാലാം വ്യാവസായിക വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ ഉല്‍പ്പാദന മേഖല, വ്യവസായ മേഖല എന്നിങ്ങനെ വേര്‍തിരിക്കുന്നതില്‍ യുക്തിയില്ല
  • അപ്പോള്‍ മാനുഫാക്ചറിംഗ് എന്ന പദത്തിന് ഇന്ന് പഴയ അര്‍ത്ഥമല്ല ഉള്ളത്
  • ജനങ്ങള്‍ക്ക് പ്രയോജനമുണ്ടാകുന്നതാകണം ഡിജിറ്റല്‍വല്‍ക്കരണം
  • 20000 ബ്ലോക്ക് ചെയ്ന്‍ ഡെവലപ്പേഴ്‌സിനെ മൂന്ന് വര്‍ഷം കൊണ്ട് പരിശീലിപ്പിക്കുകയാണ്

വ്യവസായവളര്‍ച്ചയുടെ മാനദണ്ഡമായി കയറ്റുമതിയെയല്ല, ആ മേഖലയിലുണ്ടാകുന്ന നവീന ആശയങ്ങളെയാണ് കണക്കാക്കേണ്ടതെന്ന് എം ശിവശങ്കര്‍ ഐഎഎസ്. വളര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥ എന്ന നിലയില്‍ നന്നായി സാങ്കേതികവിദ്യകളെ വിനിയോഗിക്കാനുള്ള സാധ്യതകള്‍ ഇന്ത്യയിലുണ്ട്. അത്തരം സാധ്യതകളെയാണ് പുരോഗതിയുടെ സൂചകമായി കാണേണ്ടത്. അഥവാ കയറ്റുമതിയെ കണക്കാക്കണമെങ്കില്‍ അതിലെ നവീനമായ മൂല്യവര്‍ദ്ധിതആശയങ്ങളെ കണ്ടെത്തി സാധാരണ പുറംകരാറുകളില്‍ നിന്നും വ്യത്യസ്തമായി തന്നെ കണക്കാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഫ്യൂച്ചര്‍ കേരളയോട് സംസാരിക്കുന്നു.

കേരളത്തിലെ സംരംഭകരംഗത്ത് മാനുഫാക്ചറിംഗ് മേഖലയെക്കാള്‍ സര്‍വീസ് മേഖലയ്ക്കാണോ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്?

നാലാം വ്യവസായ വിപ്ലവത്തിന്റെ വിവരവിജ്ഞാന സമ്പദ് വ്യവസ്ഥ എന്ന കോണ്‍ടെക്‌സ്റ്റില്‍ മാനുഫാക്ചറിംഗ് മേഖല, സര്‍വീസ് മേഖല എന്ന ഭേദങ്ങള്‍ അപ്രധാനമാണ്. അവിടെ ഉല്‍പ്പന്നമെന്ന് പറയുമ്പോള്‍ അത് ഭൗതികമായ ഉല്‍പ്പന്നങ്ങളുമാകാം, സേവനങ്ങളുമാകാം. ഉദാഹരണമായി ക്ലൗഡ് എന്ന് പറയുന്നത് ഒരു ഉല്‍പ്പന്നമാണ്. ക്ലൗഡ് വഴി നല്‍കുന്ന വിവിധതരം മൂല്യവര്‍ധിതസേവനങ്ങളും ഉല്‍പ്പന്നങ്ങളാണ്. അപ്പോള്‍ മാനുഫാക്ചറിംഗ് എന്ന പദത്തിന് ഇന്ന് പഴയ അര്‍ത്ഥമല്ല ഉള്ളത്. ഉല്‍പ്പന്നം എന്ന് വിവക്ഷിക്കുമ്പോള്‍ ഇപ്പോള്‍ മുമ്പത്തെ പോലെ ഹാര്‍ഡ് വെയര്‍ ഉല്‍പ്പന്നങ്ങളെയോ അതുപോലുള്ള ഭൗതികമായ ഉല്‍പ്പന്നങ്ങളെയോ മാത്രമല്ല കണക്കാക്കുന്നത്.

ഇപ്പോള്‍ ഡിജിറ്റല്‍ സര്‍വകലാശാല പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. എന്നാല്‍ ഒരു ഡിജിറ്റല്‍ സംസ്ഥാനം എന്ന ലക്ഷ്യത്തിലേയ്ക്കുള്ള യാത്രയില്‍ നമുക്ക് വേണ്ടത് ഡിജിറ്റല്‍ സര്‍വകലാശാലയാണോ, കരിക്കുലത്തില്‍ ഡിജിറ്റല്‍ ലേണിംഗിന് കൂടുതല്‍ പ്രാധാന്യം നല്‍കുകയാണോ?

ഡിജിറ്റല്‍ സര്‍വകലാശാല എന്നത് കേവലമൊരു ഐടി സര്‍വകലാശാലയല്ല. ഡിജിറ്റല്‍ സാങ്കേതികവിദ്യകളെ പറ്റി പഠിപ്പിക്കുന്ന ഒരു കേന്ദ്രവുമല്ല. ജീവിതത്തിന്റെ ഓരോ മേഖലയിലും നവ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന മാറ്റങ്ങള്‍, ആഘാതങ്ങള്‍, അതിന്റെ ഭാഗമായിട്ടുണ്ടാകുന്ന വിജ്ഞാനഉല്‍പ്പാദനം എന്നിവയെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംവിധാനമായിട്ടാണ് ഡിജിറ്റല്‍ സര്‍വകലാശാല രൂപീകരിക്കുന്നത്. ഉദാഹരണമായി ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് എന്ന സാങ്കേതികവിദ്യയെ എത്തരത്തില്‍ കാര്‍ഷികമേഖലയില്‍ ഉപയോഗിക്കാം, അങ്ങനെ ഉപയോഗിക്കുമ്പോള്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാകും എന്ന തരത്തിലായിരിക്കും ഡിജിറ്റല്‍ സര്‍വകലാശാല പഠനങ്ങള്‍ നടത്തുക. പുതിയ സാങ്കേതികവിദ്യകള്‍ വിവിധമേഖലകളില്‍ ഉപയോഗത്തില്‍ വരുത്തുമ്പോള്‍ ഉണ്ടാകുന്ന വെല്ലുവിളികളും അവ പരിഹരിക്കാനുള്ള മാര്‍ഗങ്ങളുമാണ് ഡിജിറ്റല്‍ സര്‍വകലാശാലയില്‍ പഠനവിധേയമാകുക. ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ നടപ്പിലാക്കുമ്പോള്‍ അതില്‍ സാമൂഹ്യവ്യവസ്ഥ, സാമ്പത്തികരംഗം എന്നിവ ഘടകങ്ങളായി വരുന്നുണ്ട്. അവയോടൊപ്പം ഇവ സമൂഹത്തില്‍ സൃഷ്ടിക്കുന്ന ആഘാതങ്ങളെയും ചേര്‍ത്ത് പരിശോധിക്കുന്ന രീതിയിലുള്ള വിജ്ഞാനഉല്‍പ്പാദനത്തിനൊപ്പം ആ മേഖലയിലുള്ള വ്യവസായങ്ങളുമായും സ്ഥാപനങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു അക്കാദമിക് സംവിധാനമായാണ് ഡിജിറ്റല്‍ സര്‍വകലാശാല ഉദ്ദേശിക്കുന്നത്. മുമ്പുണ്ടായിരുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ ഊന്നല്‍ സാങ്കേതികവിദ്യകളുടെ പഠനമാണ്. എന്നാല്‍ ടെക്‌നോ- മാനേജീരിയല്‍- സോഷ്യല്‍- ഇക്കോണമിക്ക് ട്രാന്‍സിഷന്റെ ഇന്റെര്‍ഡിസിപ്ലിനറിയായുള്ള പഠനവും അതിന്റെ മനനവും അതില്‍ നിന്നുള്ള വിജ്ഞാനോല്‍പ്പാദനവുമാണ് ഡിജിറ്റല്‍ സര്‍വകലാശാലയിലൂടെ ഉദ്ദേശിക്കുന്നത്.

സ്വന്തമായി നിര്‍മിക്കുന്ന ലാപ്‌ടോപ്പ് ബ്രാന്‍ഡ്, പ്രധാനപ്പെട്ട ഇടങ്ങളില്‍ വൈഫൈ സേവനം നല്‍കുന്ന കെ ഫൈ പദ്ധതി, ബ്ലോക്ക് ചെയിന്‍ അക്കാദമി ഇങ്ങനെ സമ്പൂര്‍ണമായി ഡിജിറ്റല്‍ സംസ്ഥാനമാകാനുള്ള യാത്രയിലാണോ കേരളം?

2015 ലെ ഐടി പോളിസിയില്‍ കേരളത്തെ ഒരു ഡിജിറ്റല്‍ സംസ്ഥാനമാക്കി മാറ്റുക, ഒരു ഡിജറ്റല്‍ സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുക, ഡിജിറ്റല്‍ സിറ്റിസണ്‍ഷിപ്പ്, ഡിജിറ്റല്‍ ലൈഫ്‌സ്റ്റൈല്‍, ഡിജിറ്റല്‍ കോമേഴ്‌സ് എന്നിവയ്‌ക്കൊക്കെ തന്നെയാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്. അത് ഘട്ടംഘട്ടമായി പൂര്‍ത്തീകരിക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. അതില്‍ അധികം ശ്രദ്ധിക്കപ്പെടാതെ പോയൊരു കാര്യം പ്രളയങ്ങളുടെ പശ്ചാത്തലത്തില്‍ ഞങ്ങളെടുത്ത വലിയൊരു ഉദ്യമമാണ്. മാപ്പത്തോണ്‍ എന്ന പദ്ധതി കേരളത്തിലെ എല്ലാ പൊതുസമ്പത്തും ഒരു ഓപ്പണ്‍ സോഴ്‌സ് പ്രോഗ്രാമിലേയ്ക്ക് ജനങ്ങളെ കൊണ്ട് മാപ്പ് ചെയ്യിക്കുന്ന വലിയൊരു ഉദ്യമമാണ്. ഇത് വിജയകരമായി പൂര്‍ത്തീകരിച്ചുകഴിഞ്ഞാല്‍ നമ്മള്‍ സൃഷ്ടിക്കുന്ന ഡേറ്റാബേസിന്റെ കരുത്തും ആഴവും പൊട്ടന്‍ഷ്യലും എത്രത്തോളം വലുതായിരിക്കുമെന്ന് ആലോചിച്ചാല്‍ തന്നെ മനസിലാകും. അതുപയോഗിച്ച് തന്നെ എത്രയോ പുതിയ പദ്ധതികള്‍ നമുക്ക് നടപ്പിലാക്കാന്‍ കഴിയും. അത്തരത്തില്‍ ഒരുപാട് സാധ്യതകള്‍ നമ്മള്‍ ഇപ്പോള്‍ തുടങ്ങിവച്ചിട്ടുണ്ട്.

ഡിജിറ്റല്‍ രംഗത്ത് നമ്മള്‍ ഇത്രയൊക്കെയും മുന്നോട്ടുപോയിട്ടും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സമ്പൂര്‍ണ ഡിജിറ്റല്‍വല്‍ക്കരണം വൈകുന്നതെന്തുകൊണ്ടാണ്?

സമ്പൂര്‍ണ ഡിജിറ്റല്‍വല്‍ക്കരണം എന്നതുകൊണ്ട് എന്താണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്. ഫയലുകളെല്ലാം കമ്പ്യൂട്ടറില്‍ അപ്‌ലോഡ് ചെയ്ത് ഓഫീസുകള്‍ പൂര്‍ണമായും പേപ്പര്‍ലെസ് ആക്കുന്നതാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അതുകൊണ്ട് എന്താണ് പ്രയോജനം. ഒരു സാധാരണ മനുഷ്യന്‍ ഗവണ്‍മെന്റുമായി ബന്ധപ്പെടുന്നത് മൂന്ന് കാര്യങ്ങള്‍ക്കാണ്. ഒന്ന് ശമ്പളം, പെന്‍ഷന്‍ പോലെ ഗവണ്‍മെന്റില്‍ നിന്നും ഇങ്ങോട്ട് പണം ലഭിക്കുന്നതിനും നികുതി, ഫീസ്, പലവിധ ബില്ലുകള്‍ അടക്കം ഗവണ്‍മെന്റിലേയ്ക്ക് പണം അടയ്ക്കുന്നതിനും. രണ്ടാമത് റേഷന്‍ കാര്‍ഡ്, സര്‍ട്ടിഫിക്കറ്റുകള്‍, ലൈസന്‍സുകള്‍ പോലുള്ള സേവനങ്ങള്‍ ഗവണ്‍മെന്റില്‍ നിന്നും ലഭിക്കുന്നതിന്. ഇവയെല്ലാം ഇന്ന് പൂര്‍ണമായും ഡിജിറ്റല്‍ ആണ്. നിങ്ങള്‍ക്ക് ഓണ്‍ലൈനിലൂടെ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷിക്കാനും ട്രഷറിയില്‍ പോകാതെ തന്നെ ശമ്പളവും പെന്‍ഷനും ലഭിക്കാനുമുള്ള സൗകര്യം ഇന്നുണ്ട്. മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തില്‍ ഇന്ന് നാലരക്കോടി സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനുകളിലൂടെ നല്‍കിക്കഴിഞ്ഞു. മൂന്നാമത്തെ ആവശ്യം വിവരങ്ങളാണ്. താന്‍ മുപ്പത്താറ് വയസ് പ്രായമുള്ള, പട്ടികജാതി വിഭാഗത്തില്‍പ്പെട്ട, രണ്ടുകുട്ടികളുള്ള, ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ സ്ത്രീയാണ്. എന്തൊക്കെ ആനുകൂല്യങ്ങളാണ് തനിക്കുള്ളതെന്ന് ഒരാള്‍ ഇന്റെര്‍നെറ്റില്‍ പരിശോധിച്ചാല്‍ പെട്ടെന്ന് മറുപടി നല്‍കാനുള്ള സൗകര്യം നമുക്കില്ല. ഇതെല്ലാം പല വകുപ്പുകളിലായി വ്യാപിച്ചുകിടക്കുകയാണ്. അവ ശേഖരിച്ച് ക്രോഡീകരിച്ച് തെരഞ്ഞെടുത്ത് നല്‍കണം. അതിന് നമുക്കിപ്പോള്‍ പെട്ടെന്ന് കഴിയുന്നില്ല എന്നതൊരു വലിയ പരിമിതിയാണ്. അല്ലാതെ ഓരോ ഓഫിസിലെയും ഫയലുകള്‍ സ്‌കാന്‍ ചെയ്ത് കമ്പ്യൂട്ടറില്‍ കയറ്റിയിട്ട് എന്തുകാര്യം. ഇത്തരത്തില്‍ ഫയലുകള്‍ മുഴുവനായി സ്‌കാന്‍ ചെയ്ത് കയറി ഓഫീസ് പേപ്പര്‍ലെസ് ആയി എന്ന് പറയുന്നത് വെറും മേനി നടിക്കല്‍ മാത്രമാണ്. ഡിജിറ്റല്‍വല്‍ക്കരണം കൊണ്ട് ജനങ്ങള്‍ക്ക് പ്രയോജനമുണ്ടാകണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ട് ലഭിക്കുന്നതിന് ഈ സര്‍ക്കാര്‍ വന്ന സമയത്ത് ആറുമാസമായിരുന്നു കാലാവധി. എന്നാല്‍ ഇപ്പോഴത് 18 ദിവസമായി കുറഞ്ഞിട്ടുണ്ട്. ആപ്ലിക്കേഷന്‍ പൂര്‍ണമായും ഓണ്‍ലൈനാക്കി 100 മണിക്കൂര്‍ കൊണ്ട് ലഭ്യമാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. എല്ലാ മേഖലകളിലും ഡിജിറ്റല്‍വല്‍ക്കരണം ആവശ്യമാകണമെന്നില്ല. എന്നാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ട് പൂര്‍ണമായും ഡിജിറ്റല്‍ ആക്കിയതിന്റെ ഗുണം, എത്ര വയസുള്ളവരാണ് കൂടുതലും ഫണ്ടിന് അപേക്ഷിക്കുന്നത്, ഏത് പ്രദേശത്തുള്ളവരാണ് അപേക്ഷിക്കുന്നത് തുടങ്ങിയ വിവരങ്ങള്‍ അനലറ്റിക്കലായി അറിയാന്‍ കഴിഞ്ഞു എന്നതാണ്. അത്തരത്തിലുള്ള ഡിജിറ്റലൈസേഷനാണ് ലക്ഷ്യമിടുന്നത്. അല്ലാതെ നേരത്തെപ്പറഞ്ഞ രീതിയില്‍ വെറുതെ ഫയലുകള്‍ സ്‌കാന്‍ ചെയ്തുകൊണ്ടുള്ള സമ്പൂര്‍ണ കമ്പ്യൂട്ടര്‍വല്‍ക്കരണമൊക്കെ വെറും ഷോ പീസ് മാത്രമാണ്.

കേരളത്തിന്റെ ഡിജിറ്റല്‍വല്‍ക്കരണത്തിലും ഐടി വ്യവസായരംഗത്തും വലിയമുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞു. എന്നാല്‍ ഐടി കയറ്റുമതിയില്‍ ഈ മുന്നേറ്റം പ്രതിഫലിക്കാത്തത് എന്തുകൊണ്ടാണ്?

ഐടി കയറ്റുമതി ഐടി മേഖലയുടെ പ്രവര്‍ത്തനക്ഷമതയുടെ ഇന്‍ഡിക്കേറ്ററായി കണക്കാക്കുന്നത് ശരിയല്ല എന്നതാണ് വ്യക്തിപരമായി എന്റെ അഭിപ്രായം. വിദേശത്തുള്ള ഒരു കമ്പനിയ്ക്ക് വേണ്ടി ഒരാള്‍ ഇന്ത്യയിലിരുന്ന് ജോലി ചെയ്യുന്നു. ആ ഐടി സേവനത്തിന് നമ്മള്‍ ബില്‍ ചെയ്യുന്നു. അത് വേണമെങ്കില്‍ ഐടി കയറ്റുമതിയായി കണക്കാക്കാമെങ്കിലും ശരിക്കും അതൊരു കയറ്റുമതിയല്ല. അത് ശരിക്കും പുറംകരാര്‍ കച്ചവടം മാത്രമാണ്. അതിനെ കയറ്റുമതിയായി കണക്കാക്കി അതൊരു നേട്ടമായി ഉദ്‌ഘോഷിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല. ഈ മേഖലയില്‍ നൂതനമായ സമീപനങ്ങള്‍ക്കാണ് നമ്മള്‍ ഊന്നല്‍ നല്‍കേണ്ടത്. അതിന് ഇന്ത്യയില്‍ മികച്ച സാധ്യതകളാണുള്ളത്. ഉദാഹരണമായി നോട്ടുനിരോധനം കഴിഞ്ഞ സമയത്ത് യുപിഐ മേഖലയില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായത്. ആ മേഖലയില്‍ വലിയൊരു ഫ്രെയിംവര്‍ക്ക് ഉണ്ടായി. അത് മൂലം ആഭ്യന്തരതലത്തില്‍ വലിയ വളര്‍ച്ചയുണ്ടായി. വളര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥ എന്ന നിലയില്‍ ഇത്തരത്തില്‍ വളരെ നന്നായി സാങ്കേതികവിദ്യകളെ വിനിയോഗിക്കാനുള്ള സാധ്യതകളുണ്ട്. അത്തരം സാധ്യതകളെയാണ് ഇന്‍ഡിക്കേറ്ററായി കാണേണ്ടത്. അല്ലാതെ കയറ്റുമതിയെ അല്ല. അഥവാ കയറ്റുമതിയെ കണക്കാക്കണമെങ്കില്‍ അതിലെ നവീനമായ മൂല്യവര്‍ദ്ധിതആശയങ്ങളെ കണ്ടെത്തി സാധാരണ പുറംകരാറുകളില്‍ നിന്നും വ്യത്യസ്തമായി തന്നെ കണക്കാക്കണം.

ബ്ലോക്ക് ചെയിന്‍ അക്കാദമി ആരംഭിച്ചുകൊണ്ട് കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് പുതിയവഴി കാണിച്ചുകൊടുക്കുകയാണ്. ഈ മേഖലയില്‍ കൂടുതല്‍ മുന്നേറാന്‍ കേരളത്തിന് സാധിച്ചിട്ടുണ്ടോ?

ബ്ലോക്ക് ചെയ്ന്‍ മേഖലയില്‍ വിദഗ്ധ പരിശീലനം ലഭിച്ചിട്ടുള്ള മാനവവിഭവശേഷിയുടെ അപര്യാപ്തത ആഗോളതലത്തില്‍ ഉണ്ട്. അതുകൊണ്ടുതന്നെ ഈ മേഖലയില്‍ നൈപുണ്യവികസനപരിശീലനം നല്‍കുകയാണ് ഞങ്ങള്‍. ബ്ലോക്ക് ചെയ്ന്‍ മേഖലയില്‍ നൈപുണ്യമുള്ള നിരവധിപേരെ സൃഷ്ടിക്കുകയാണ് ഈ അക്കാദമിയിലൂടെ ഞങ്ങള്‍ ചെയ്യുന്നത്. 20000 ബ്ലോക്ക് ചെയ്ന്‍ ഡെവലപ്പേഴ്‌സിനെ മൂന്ന് വര്‍ഷം കൊണ്ട് പരിശീലിപ്പിക്കുകയാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ മറ്റുരീതികളിലാണ് ഇവയെ സമീപിക്കുന്നത്. എന്നാല്‍ പണ്ടുമുതല്‍ തന്നെ വിദ്യാഭ്യാസരംഗത്ത് മുന്നില്‍നില്‍ക്കുന്ന ജനത എന്ന നിലയില്‍ ഈ രംഗത്ത് മാനവവിഭവശേഷി വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യം വളരെ നമുക്ക് എളുപ്പമായി.

2015 ലെ ഐടി പോളിസി മുന്നോട്ടുവച്ച ലക്ഷ്യത്തിലേയ്ക്കാണ് നാം യാത്ര ചെയ്യുന്നതെന്ന് താങ്കള്‍ പറഞ്ഞു. എത്രദൂരം നാം യാത്ര ചെയ്യേണ്ടതുണ്ട്?

ഐടി പോളിസി ലക്ഷ്യം വച്ചിരുന്ന ഒരുകാര്യം ബില്‍റ്റപ്പ് ഏരിയ ഇരട്ടിയാക്കുക എന്നതായിരുന്നു. ഇന്നത് ഇരട്ടിയിലധികമാക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ അങ്ങനെ സ്ഥലം കൂട്ടുന്നതാണോ പുതിയ ഐടി വികസനത്തിന്റെ മോഡല്‍ എന്ന് നാം ഗൗരവകരമായി പരിശോധിക്കേണ്ടതുണ്ട്. ഇപ്പോള്‍ ഒരു പ്ലാറ്റ്‌ഫോം വഴി ഫ്രീലാന്‍സുകാരെ പലയിടങ്ങളിലും നിയമിച്ച് ജോലി ചെയ്യിക്കുന്ന രീതി, പിന്നെ നാനോ ഓണ്‍ട്രപ്രണേഴ്‌സ്, ഡിജിറ്റല്‍ നോമാന്‍സ് എന്നിങ്ങനെ പുതിയ കുറെ ആശയങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. അപ്പോള്‍ പരമ്പരാഗത രീതിയില്‍ വലിയ കെട്ടിടങ്ങള്‍ നിര്‍മിച്ച് കൂടുതല്‍ ഐടി സ്‌പേസ് ഉണ്ടാക്കി അവിടേയ്ക്ക് കമ്പനികളെ കൊണ്ടുവരുന്നതാണോ മാതൃക. പുതിയ മാതൃകകള്‍ എങ്ങനെയാണെന്ന് പരിശോധിച്ച് പോളിസികള്‍ നിരന്തരം പുതുക്കപ്പെടേണ്ടതുണ്ട്. ടെക്‌നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് എന്നീ ഐടി പാര്‍ക്കുകളിലായിട്ട് 110000 തൊഴിലവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 2700 സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടാകുകയും അവര്‍ 30000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോള്‍ ഇതില്‍ ഏതാണ് കൂടുതല്‍ മെച്ചപ്പെട്ട മാതൃകയെന്നും ഏറ്റവും സാധ്യത ഉള്ള മാതൃകയെന്നും നമ്മള്‍ പരിശോധിക്കണം. മനുഷ്യവിഭവം, പരിശീലനം, നൈപുണ്യ വികസനം എന്നിവ നല്‍കുക, അടിസ്ഥാന ഡിജിറ്റല്‍സൗകര്യങ്ങള്‍ ഉറപ്പ് വരുത്തുക എന്നതാണ് നമ്മള്‍ ചെയ്യേണ്ടത്. അതിന് വേണ്ടിയാണ് കെ- ഫോണ്‍ പോലുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നത്. മറ്റ് സൗകര്യങ്ങളൊക്കെ ഇത് വളരുന്നതനുസരിച്ച് നമ്മള്‍ യാഥാര്‍ത്ഥ്യമാക്കേണ്ടി വരും. അതിനുള്ള ദീര്‍ഘവീക്ഷണം ഗവണ്‍മെന്റുകള്‍ക്കും പോളിസിമേക്കേഴ്‌സിനും ഉണ്ടാകേണ്ടതുണ്ട്.

Categories: FK Special, Slider