ഇന്ത്യന്‍ ജനറിക് മരുന്നുല്‍പ്പാദനം പ്രതിസന്ധിയിലേക്ക്

ഇന്ത്യന്‍ ജനറിക് മരുന്നുല്‍പ്പാദനം പ്രതിസന്ധിയിലേക്ക്

ചൈനയില്‍ പകര്‍ച്ചവ്യാധി രൂക്ഷമായതോടെ മരുന്ന് ചേരുവകളുടെ ഇറക്കുമതി ഗണ്യമായി കുറഞ്ഞു

  • കോറോണ മരണങ്ങള്‍ 1383
  • രോഗം ബാധിച്ചവര്‍ 64,000

മുംബൈ: ഇന്ത്യയിലെ ജനറിക് മരുന്ന് ഉല്‍പ്പാദന മേഖലയ്ക്കും കൊറോണ (കോവിഡ്-19) തിരിച്ചടി. ലോകരാജ്യങ്ങളിലേക്ക് ജനറിക്ക് മരുന്നുകള്‍ കയറ്റിയയക്കുന്നതില്‍ മുന്‍പന്തിയിലുള്ള ഇന്ത്യ, അത്തരം മരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് ആവശ്യമായ സജീവ ഫാര്‍മാസ്യൂട്ടിക്കല്‍ ചേരുവകളുടെ (എപിഐ) 70 ശതമാനവും സമാഹരിക്കുന്നത് ചൈനയില്‍ നിന്നാണ്. കൊറോണ പകര്‍ച്ചവ്യാധി പടര്‍ന്നതോടെ ചൈന ഏര്‍പ്പെടുത്തി യാത്രാ, ചരക്ക് നീക്ക വിലക്കുകള്‍ ഈ അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതിയെയും ഗണ്യമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മരുന്ന് ക്ഷാമവും വിലക്കയറ്റവും ഇന്ത്യന്‍ മരുന്ന് ഉല്‍പ്പാദന മേഖലയെ ബാധിച്ചേക്കാമെന്ന മുന്നറിയിപ്പാണ് നിരീക്ഷകര്‍ നല്‍കുന്നത്.

ചൈനീസ് ചാന്ദ്ര പുതുവല്‍സര അവധി മുന്നില്‍ക്കണ്ട് അവശ്യ വസ്തുക്കള്‍ അധികമായി സംഭരിച്ചിരുന്നതിനാല്‍ ഇപ്പോള്‍ എപിഐ ക്ഷാമമില്ലെന്ന് ഇന്ത്യന്‍ ഫാര്‍മാസ്യൂട്ടിക്കല്‍ അലയന്‍സിന്റെ സെക്രട്ടറി ജനറല്‍ സുദര്‍ശന്‍ ജെയ്ന്‍ പറയുന്നു. എന്നാല്‍ പകര്‍ച്ചവ്യാധി പിടിതരാതെ നീണ്ടാല്‍ മേഖല പ്രതിസന്ധിയിലാവും. ഏപ്രില്‍ മാസം വരെ പിടിച്ചു നില്‍ക്കാന്‍ ആവശ്യമായ എപിഐ സ്റ്റോക്കാണ് നിര്‍മാതാക്കളുടെ കൈവശമുള്ളത്. ചൈന ബുധനാഴ്ച പുറത്തുവിട്ട കണക്കുകള്‍, ഏപ്രില്‍ മാസത്തോടെ പകര്‍ച്ചവ്യാധിക്ക് ശമനമുണ്ടാവുമെന്ന പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.

ലോകത്തെ ഏറ്റവും വലിയ മരുന്ന് വിപണിയായ യുഎസില്‍ ലഭിക്കുന്ന മരുന്നുകളുടെ മൂന്നിലൊന്നും ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്നവയാണ്. ചൈനയില്‍ നിന്നുള്ള എപിഐ ലഭ്യതയില്‍ കൊറോണ ബാധ തടസമുണ്ടാക്കിയാല്‍ മരുന്ന് വിലയില്‍ വര്‍ധന ഉണ്ടാവുമെന്ന് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് പറയുന്നു. വൈറ്റമിന്‍, ആന്റിബയോട്ടിക്‌സ് എന്നിവയുടെ ആഗോള ഉല്‍പ്പാദനത്തില്‍ ഇന്ത്യ മുന്‍നിരയിലുള്ളതിനാല്‍ എപിഐ ക്ഷാമം മുഖ്യമായി ബാധിക്കുന്നത് അവയെയാവും.

തുറമുഖ വിലക്ക്

ചൈന, ഹോങ്കോംഗ്, സിംഗപ്പൂര്‍, മക്കാവു, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള കപ്പലുകളിലെ ജീവനക്കാര്‍ക്ക് കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. കപ്പലുകളഅ# തുറമുഖങ്ങളില്‍ അടുപ്പിക്കാന്‍ അനുമതിയുണ്ടെങ്കിലും മാലിന്യം പുറന്തള്ളാന്‍ വിലക്കുണ്ടെന്ന് ചെന്നൈ തുറമുഖത്തിലെ ഹെല്‍ത്ത് ഓഫീസറായ എസ് സെന്തില്‍നാഥന്‍ അറിയിച്ചു.

Categories: FK News, Slider