ഇന്ത്യയുടെ സാമ്പത്തിക പരിതസ്ഥിതി ദുര്‍ബലം: ഐഎംഎഫ്

ഇന്ത്യയുടെ സാമ്പത്തിക പരിതസ്ഥിതി ദുര്‍ബലം: ഐഎംഎഫ്

അടിയന്തരവും ആശാവഹവുമായ പരിഷ്‌കരണ നടപടികള്‍ പ്രഖ്യാപിക്കണമെന്നും നിര്‍ദേശം

ന്യൂഡെല്‍ഹി: വര്‍ധിച്ചുവരുന്ന വായ്പാ ബാധ്യയുടെ പശ്ചാത്തലത്തില്‍ അടിയന്തിരമായി കൂടുതല്‍ ഘടനാപരമായതും സാമ്പത്തിക മേഖലയില്‍ കേന്ദ്രീകരിക്കുന്നതുമായ പരിഷ്‌കരണ നടപടികള്‍ നടപടികള്‍ ഇന്ത്യക്ക് അനിവാര്യമാണെന്ന് അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഎഫ്)യുടെ വിലയിരുത്തല്‍. ഇടത്തരം കാലയളവില്‍ ധന ഏകീകരണ നടപടികളിലേക്ക് സര്‍ക്കാര്‍ പോകേണ്ടതുണ്ടെന്നും ഐഎംഎഫ് നിര്‍ദേശിക്കുന്നു. ഇന്ത്യയില്‍ ദുര്‍ബലമായ സാമ്പത്തിക അന്തരീക്ഷമാണുള്ളതെന്ന് ഐഎംഎഫ് വക്താവ് ജെറി റൈസ് പറഞ്ഞു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അടുത്തിടെ അവതരിപ്പിച്ച ബജറ്റ് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങള്‍ നേരത്തെ പ്രവചിച്ചതിനേക്കാള്‍ ഇന്ത്യയുടെ സാമ്പത്തിക പരിസ്ഥിതി ദുര്‍ബലമാണ്. അതിനാല്‍ സമാഹരണം വര്‍ധിപ്പിക്കുന്നതിനും ചെലവ് നിയന്ത്രിക്കുന്നതിനുമുള്ള ബജറ്റിലെ നടപടികളെ പിന്തുണയ്ക്കുന്നു. വിവിധ മേഖലകള്‍ക്കായുള്ള പുനരുജ്ജീവന ശ്രമങ്ങള്‍ ബജറ്റിലുണ്ട്. എന്നാല്‍ കൂടുതല്‍ സമഗ്രമായ സാമ്പത്തിക പരിഷ്‌കരണങ്ങളും ഏകീകരണ നടപടികളും അനിവാര്യമാകുകയാണ്,’ റൈസ് പറഞ്ഞു.

2019ലെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് സംബന്ധിച്ച നിഗമനം 4.8 ശതമാനമായി ജനുവരിയില്‍ ഐഎംഎഫ് കുറച്ചിരുന്നു. 2020ല്‍ 5.8 ശതമാനം വളര്‍ച്ചയും 2021ല്‍ 6.5 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തുമെന്നും കണക്കാക്കുന്നു. ഉചിതമായ ധനനയവും സാമ്പത്തിക പരിഷ്‌കരണ നടപടികളും എണ്ണ വില മിതമായ തലത്തില്‍ തുടരുന്നും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിനെ സഹായിക്കുമെന്നാണ് ഐഎംഎഫ് കണക്കുകൂട്ടിയത്.
നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ആറു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന തലമായ 4.5 ശതമാനത്തിലേക്ക് കൂപ്പു കുത്തിയിരുന്നു. സമ്പദ് വ്യവസ്ഥയിലെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നുണ്ടെന്നും വിപയിലെ നിക്ഷേപവും ഉപഭോഗവും വര്‍ധിപ്പിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുന്നുണ്ടെന്നും കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു.

ഓട്ടോമേഷന്‍ വഴി 9 ശതമാനം തൊഴിലാളികള്‍ ഇന്ത്യയില്‍ തൊഴിലില്ലാത്തവരാകാന്‍ സാധ്യതയുണ്ടെന്ന് ഐഎംഎഫ് ഡെപ്യൂട്ടി ഫസ്റ്റ് മാനേജിംഗ് ഡയറക്റ്റര്‍ ഡേവിഡ് ലിപ്റ്റണ്‍ വ്യാഴാഴ്ച സിഡി ദേശ്മുഖ് അനുസ്മരണ പ്രഭാഷണം നടത്തവേ പറഞ്ഞിരുന്നു. നിലവിലെ മാന്ദ്യത്തെ മറികടന്ന് സമ്പദ്‌വ്യവസ്ഥ പ്രതിവര്‍ഷം 6-7 ശതമാനം വളര്‍ച്ചയിലേക്ക് തിരിച്ചെത്തുന്ന സാഹചര്യത്തില്‍ ഇവരെ സഹായിക്കാന്‍ ഇന്ത്യക്കാകുമെന്നു നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ച് (എന്‍സിഎആര്‍) സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ ലിപ്റ്റണ്‍ പറഞ്ഞു. ബജറ്റില്‍ വിവിധ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുന്നത് ഇന്ത്യന്‍ വിപണിയിലെ മല്‍സരത്തെയും ആഗോള മൂല്യ ശൃംഖലയുമായുള്ള സംയോജനത്തെയും ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy