ചൈനയിലേക്കുള്ള സമുദ്രോല്‍പ്പന്ന കയറ്റുമതിയെ കൊറോണ ബാധിക്കില്ല

ചൈനയിലേക്കുള്ള സമുദ്രോല്‍പ്പന്ന കയറ്റുമതിയെ കൊറോണ ബാധിക്കില്ല

ചൈനയിലേക്ക് സമുദ്രോല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന ഏതാണ്ട് 500 സംരംഭങ്ങള്‍ ഇന്ത്യയിലുണ്ട്

കൊച്ചി: ചൈനയിലെ കൊറോണ വൈറസ് ബാധ ആ രാജ്യത്തേക്കുള്ള ഇന്ത്യന്‍ സമുദ്രോല്‍പ്പന്ന കയറ്റുമതിയെ പ്രതികൂലമായി ബാധിക്കില്ലെന്ന് സമുദ്രോല്‍പ്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ). നടപ്പു സാമ്പത്തിക വര്‍ഷത്തെ ചൈനയിലേക്കുള്ള ഇന്ത്യന്‍ സമുദ്രോല്‍പ്പന്നത്തിന്റെ കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇക്കാലയളവിലുണ്ടായിരുന്നതിലും ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെന്ന് എംപിഇഡിഎ ചെയര്‍മാന്‍ കെ എസ് ശ്രീനിവാസ് പറഞ്ഞു. 2019 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ 1,032 ദശലക്ഷം ഡോളര്‍ മൂല്യം വരുന്ന 2,42,218 ടണ്‍ സമുദ്രോല്‍പ്പന്നമാണ് ചൈനയിലേക്ക് കയറ്റുമതി ചെയ്തത്. മുന്‍വര്‍ഷത്തെ ഇതേ കാലയളവില്‍ ഇത് 589 ദശലക്ഷം ഡോളര്‍ മൂല്യം വരുന്ന 1,65, 950 ടണ്ണായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സമുദ്രോല്‍പ്പന്നത്തിന്റെ കയറ്റുമതി അളവില്‍ 46 ശതമാനത്തിന്റെയും മൂല്യത്തില്‍ 75 ശതമാനത്തിന്റെയും വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചൈനയിലേക്ക് സമുദ്രോല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന ഏതാണ്ട് 500 സംരംഭങ്ങള്‍ ഇന്ത്യയിലുണ്ട്. പൊതുവെ അവരില്‍ ആരും തന്നെ കോറോണ വൈറസിന്റെ പേരില്‍ പ്രശ്‌നങ്ങളുള്ളതായി ചൂണ്ടിക്കാണിച്ചിട്ടില്ല. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയിലെ ചെമ്മീന്‍ ഉപഭോഗം കുറയുമോയെന്ന് ചിലര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ചൈനീസ് ഉപഭോക്താക്കള്‍ ഇന്ത്യയില്‍ നിന്നുള്ള മറ്റ് സമുദ്രോല്‍പ്പന്നങ്ങളില്‍ താല്‍പ്പര്യം പ്രകടിപ്പിക്കാനാണ് സാധ്യതയെന്നും എംപിഇഡിഎ ചെയര്‍മാന്‍ പറഞ്ഞു.

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയിലെ ചെമ്മീന്‍ ഉപഭോഗം കുറഞ്ഞിട്ടില്ലെന്ന് കെ എസ് ശ്രീനിവാസ് അടുത്തിടെ സമാപിച്ച ഇന്ത്യ ഇന്റര്‍നാഷണല്‍ സീഫുഡ് ഷോയില്‍ വ്യക്തമാക്കിയിരുന്നു. വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാന്‍, ചൈനയിലെ ചെറിയ ഒരു പ്രവിശ്യ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ രണ്ടാമത്തെ വലിയ സമുദ്രോല്‍പ്പന്ന ഉല്‍പ്പാദക രാജ്യവും അമേരിക്കയിലേക്ക് ഏറ്റവുമധികം ചെമ്മീന്‍ കയറ്റുമതി ചെയ്യുന്ന രാജ്യവും ഇന്ത്യയാണ്. യൂറോപ്പ്, ദക്ഷിണ പൂര്‍വേഷ്യ എന്നിവടങ്ങളിലേക്കും രാജ്യം ചെമ്മീന്‍ കയറ്റുമതി ഗണ്യമായി നടത്തുന്നുണ്ട്.

Categories: FK News, Slider