രാജ്യത്തെ കംപ്യൂട്ടര്‍ കയറ്റുമതിയില്‍ 18% വളര്‍ച്ച

രാജ്യത്തെ കംപ്യൂട്ടര്‍ കയറ്റുമതിയില്‍ 18% വളര്‍ച്ച
  • ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച വര്‍ധനവ്
  • ഡെസ്‌ക്‌ടോപ്പ്, നോട്ട്ബുക്ക്, വര്‍ക്ക്‌സ്‌റ്റേഷന്‍ വിഭാഗത്തിലാണ് കയറ്റുമതിയേറെയും

ബെംഗളുരു: പരമ്പരാഗത കംപ്യൂട്ടര്‍ കയറ്റുമതിയില്‍ രാജ്യം മികച്ച വളര്‍ച്ച നേടിയതായി അന്താരാഷ്ട്ര ഡാറ്റ കോര്‍പ്പറേഷന്റെ(ഐഡിസി) വെളിപ്പെടുത്തല്‍. കഴിഞ്ഞ ആറു വര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് വര്‍ധനവോടെ 18 ശതമാനം വളര്‍ച്ചയാണ് മേഖലയിലുണ്ടായത്. ഡെസ്‌ക്‌ടോപ്പ്, നോട്ട്ബുക്ക്, വര്‍ക്ക്‌സ്‌റ്റേഷന്‍ തുടങ്ങിയവയുടെ വിഭാഗത്തിലാണ് മികച്ച കയറ്റുമതി നടത്താനായത്.

കഴിഞ്ഞ വര്‍ഷം 11 ദശലക്ഷം യൂണിറ്റുകളാണ് മേഖലയില്‍ രാജ്യം കയറ്റുമതി ചെയ്തത്. സര്‍ക്കാര്‍ ആഹ്വാനം ചെയ്ത വിവിധ വിദ്യാഭ്യാസ പദ്ധതികളും വിന്‍ഡോസ് 10 ലേക്കുള്ള അപ്‌ഗ്രേഡ് വേര്‍ഷന്റെ വാങ്ങലുകളും മേഖലയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടിയെന്ന് ഐഡിസി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. ഈ വര്‍ഷത്തെ അവസാന പാദത്തിലും 16.5 ശതമാനം വളര്‍ച്ചയോടെ കയറ്റുമതി 2.3 ദശലക്ഷം യൂണിറ്റായി മാറി. കൊമേഴ്‌സ്യല്‍ സെഗ്മെന്റിലുണ്ടായ ശക്തമായ വളര്‍ച്ചയാണ് ഇതിനു കാരണം. ഉപഭോക്തൃ സെഗ്മെന്റില്‍ തുടര്‍ച്ചയായി അഞ്ച് പാദങ്ങളില്‍ ഇടിവ് നേരിട്ട ശേഷം, ഈ വിഭാഗത്തിലെ കയറ്റുമതി 9,50,000 യൂണിറ്റായി മാറിയിരിക്കുന്നു. നോട്ട്ബുക്ക്, പിസി വിഭാഗത്തില്‍ എക്കാലത്തെയും മികച്ച വാര്‍ഷിക കയറ്റുമതിയാണ് കഴിഞ്ഞ വര്‍ഷം ദൃശ്യമായത്. ഡെസ്‌ക്‌ടോപ്പ് വിഭാഗത്തില്‍ വര്‍ഷം തോറുമുള്ള വളര്‍ച്ച 5.7 ശതമാനം ഉയര്‍ന്നു. ബാങ്ക്, ധനകാര്യ സ്ഥാപനങ്ങളിലേക്കുള്ള വാങ്ങലുകളാണ് ഈ വിഭാഗത്തില്‍ വളര്‍ച്ചയുണ്ടാക്കിയത്.

പ്രോസസര്‍ വിഭാഗത്തില്‍, ഇന്റല്‍ സിപിയുവിന്റെ അഭാവം ചില വെണ്ടര്‍മാര്‍ക്കിടയില്‍ എഎംഡിയുടെ പ്രവേശനത്തിന് വഴിവെച്ചു. ഒരു പരിധിവരെ പ്രോസസര്‍ വിഭാഗത്തിലെ വിടവ് പരിഹരിക്കാന്‍ ഇതുവഴി കഴിഞ്ഞിട്ടുണ്ടെന്നും ഐഡിസി ചൂണ്ടിക്കാട്ടി. എന്നിരുന്നാലും പ്രോസസര്‍ ബ്രാന്‍ഡില്‍ മുന്‍നിരയില്‍ ഇന്റല്‍ തന്നെയാണുള്ളത്. പരമ്പരാഗത പിസി വിഭാഗത്തില്‍ 70.8 ശതമാനം വിഹിതവും ഇന്റല്‍ നേടിയിരിക്കുന്നു.

Comments

comments

Categories: Business & Economy