ഓടിക്കൊണ്ടിരിക്കുമ്പോള്‍ വാഹനം ചാര്‍ജ് ചെയ്യാന്‍ ദുബായില്‍ ‘ചാര്‍ജിംഗ് നിരത്തുകള്‍’ വരുന്നു

ഓടിക്കൊണ്ടിരിക്കുമ്പോള്‍ വാഹനം ചാര്‍ജ് ചെയ്യാന്‍ ദുബായില്‍ ‘ചാര്‍ജിംഗ് നിരത്തുകള്‍’ വരുന്നു

ദുബായ് സിലിക്കണ്‍ ഒയാസിസില്‍ വയര്‍ലെസ് ഇലക്ട്രിക് ചാര്‍ജിംഗ് ഗ്രിഡ് ഒരുങ്ങി

ദുബായ്: ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് വേണ്ടിയുള്ള വയര്‍ലെസ് ഇലക്ട്രിക് ചാര്‍ജിംഗ് ഗ്രിഡുകള്‍ (ചാര്‍ജിംഗ് നിരത്തുകള്‍) ദുബായ് സിലിക്കണ്‍ ഒയാസിസില്‍ ഒരുങ്ങി. ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടി (ആര്‍ടിഎ)യാണ് ഒരു സ്ഥലത്ത് നിര്‍ത്തിയിടാതെ തന്നെ ഇലക്ട്രിക് വാഹനങ്ങളെ ചാര്‍ജ് ചെയ്യുന്നതിനുള്ള ഈ നവീനമായ ചാര്‍ജിംഗ് രീതി പരീക്ഷിക്കാനൊരുങ്ങുന്നത്.

റോഡുകളില്‍ 60 മീറ്റര്‍ നീളത്തില്‍ ചാര്‍ജിംഗ് ശേഷിയുള്ള പ്രത്യേക ചാര്‍ജിംഗ് ഗ്രിഡുകള്‍ പതിപ്പിച്ചാണ് വ്യത്യസ്ത രീതിയിലുള്ള ഈ ചാര്‍ജിംഗിന് കളമൊരുങ്ങുന്നത്. കാറുകളും ബസുകളും ഉള്‍പ്പടെയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ ഇതിലൂടെ കടന്നുപോകുമ്പോള്‍ ചാര്‍ജ് ചെയ്യപ്പെടും. എസ്എംഎഫ്‌ഐആര്‍ (ഷെയ്പ്പ്ഡ് മാഗ്നറ്റിക് ഫീല്‍ഡ് റെസൊണന്‍സ് ) സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്.

പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ യാത്രാ സംവിധാനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാനുള്ള ആര്‍ടിഎയുടെ പദ്ധതി പ്രകാരമാണ് ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിംഗിനായി നവീന രീതികള്‍ പരീക്ഷിക്കാനുള്ള തീരുമാനം.

ഒരു ഇലക്ട്രിക് വാഹനവും ബസും ഈ നിരത്തിലൂടെ കടത്തിവിട്ട് ആര്‍ടിഎ പുതിയ ചാര്‍ജിംഗ് സംവിധാനം പരീക്ഷിച്ചതായി ആര്‍ടിഎ ഡയറക്ടര്‍ ജനറലും ചെയര്‍മാനുമായ മട്ടര്‍ മുഹമ്മദ് അല്‍ ടയര്‍ പറഞ്ഞു. കേബിള്‍ ഉപയോഗിച്ചുള്ള ചാര്‍ജിംഗിനെ അപേക്ഷിച്ച് വളരെ കാര്യക്ഷമമാണ് വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനമെന്നും മട്ടര്‍ കൂട്ടിച്ചേര്‍ത്തു. ചാര്‍ജിംഗ് സ്‌റ്റേഷനുകളില്‍ നിര്‍ത്തിയിടാതെ തന്നെ ചാര്‍ജിംഗിന് അവസരമൊരുങ്ങുന്നത് ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരം വര്‍ധിപ്പിക്കുമെന്നാണ് ആര്‍ടിഎ കരുതുന്നത്.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വേണ്ടി കഴിഞ്ഞിടെ ദുബായില്‍ 240 ഓളം ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ ദീവ ആരംഭിച്ചിരുന്നു. 2020 അവസാനത്തോടെ ഇവയുടെ എണ്ണം 300 ആക്കി ഉയര്‍ത്താനാണ് സര്‍ക്കാരിന്റെ പദ്ധതി.

Comments

comments

Categories: Arabia