അമര്‍ജീത്ത് സിംഗിന് പ്രണയം യാത്രകളോട്

അമര്‍ജീത്ത് സിംഗിന് പ്രണയം യാത്രകളോട്

യാത്രകളെ സ്‌നേഹിക്കാത്തവരായി ആരും തന്നെയില്ല. യാത്രകള്‍ ഒരാളെ സ്വയം കണ്ടെത്താന്‍ സഹായിക്കുമെന്നാണു പൊതുവേ പറയുന്നത്. 61-കാരനായ അമര്‍ജീത്ത് സിംഗ് ചാവ്്‌ലയുടെ ബാല്യകാലം മുതലുള്ള സ്വപ്‌നവും ഒരു ദീര്‍ഘയാത്ര നടത്തുകയെന്നതായിരുന്നു. അതിനു കാരണമായതാകട്ടെ, ബാല്യകാലത്തില്‍ രണ്ട് വിദേശികളായ യാത്രക്കാരെ പരിചയപ്പെട്ടതായിരുന്നു. പക്ഷേ, നിരവധി കാരണങ്ങളാല്‍ അന്ന് അമര്‍ജീത്തിന് യാത്ര നടത്താന്‍ സാധിച്ചില്ല. എന്നാല്‍ ഇപ്പോള്‍ ഇതാ അദ്ദേഹം 100 രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയെന്ന ലക്ഷ്യവുമായി യാത്ര ആരംഭിച്ചിരിക്കുകയാണ്. 2018 ജുലൈ ഏഴാം തീയതിയായിരുന്നു അമര്‍ജീത്ത് ഡല്‍ഹിയില്‍നിന്നും യാത്ര ആരംഭിച്ചത്.

തുടര്‍ന്നു നേപ്പാള്‍, ചൈന, കിര്‍ഗിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, റഷ്യ, പോളണ്ട്, ഓസ്ട്രിയ, എസ്‌റ്റോണിയ, ലിത്വേനിയ, ലാത്വിയ, സ്വീഡന്‍, നോര്‍വേ, ജര്‍മനി, സ്വിറ്റ്‌സര്‍ലാന്‍ഡ്, ബെല്‍ജിയം, ചെക്ക് റിപ്പബ്ലിക്ക്, ഹംഗറി, സ്ലോവേനിയ, സ്ലോവാക്യ, ഇറ്റലി, സ്‌പെയ്ന്‍, പോര്‍ച്ചുഗല്‍, ലക്‌സംബെര്‍ഗ്, മൊണാക്കോ, ഫ്രാന്‍സ്, നെതര്‍ലാന്‍ഡ്‌സ്, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങളിലൂടെ ലണ്ടനിലെത്തിച്ചേര്‍ന്നു. 150 നഗരങ്ങളിലൂടെ 131 ദിവസങ്ങള്‍ കൊണ്ട് 2018 ഡിസംബര്‍ 16നാണ് അമര്‍ജിത്ത്് ലണ്ടനിലെത്തിച്ചേര്‍ന്നത്. 2013 മോഡല്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ കാറിലാണ് അമര്‍ജിത്തിന്റെ പര്യടനം. ഇതു വരെയായി ഏഷ്യയിലെയും യൂറോപ്പിലെയും 37 രാജ്യങ്ങളും ഇന്ത്യയിലെ 29 സംസ്ഥാനങ്ങളും അഞ്ച് കേന്ദ്ര ഭരണപ്രദേശങ്ങളും സന്ദര്‍ശിച്ചു. 61-കാരനാണ് അമര്‍ജീത്ത്. ബിപിയും, ഡയറ്റബെറ്റിസുമടക്കമുള്ള പ്രായത്തിന്റേതായ എല്ലാ അസുഖങ്ങളുണ്ടെന്ന് അമര്‍ജീത്ത് പറയുന്നു. എന്നാല്‍ യാത്രയില്‍ തന്നെ അലട്ടിയത് ഇതൊന്നുമല്ല, പകരം ഇഷ്ടഭക്ഷണം ലഭിച്ചില്ലെന്നതാണെന്നും അദ്ദേഹം പറഞ്ഞു. സസ്യഭുക്കായ തനിക്ക് ചൈനയുടെ ഉള്‍പ്രദേശങ്ങളിലൂടെയുള്ള യാത്രകളില്‍ വെജിറ്റേറിയന്‍ ഭക്ഷണം ലഭിച്ചില്ലെന്ന് അമര്‍ജീത്ത് പറഞ്ഞു. യാത്രയിലെ അമര്‍ജീത്തിന്റെ മറക്കാനാവാത്ത അനുഭവം ഹോളിവുഡ് ഇതിഹാസം ആര്‍നോള്‍ഡ് ഷ്വാര്‍സ്‌നെഗറെ പരിചയപ്പെടാന്‍ സാധിച്ചതാണ്. ആര്‍നോള്‍ഡ് അമര്‍ജീത്തിന്റെ കാറിന്റെ മുകളില്‍ ഒപ്പുവയ്ക്കുകയും കൂടെ നിന്നു ഫോട്ടോയ്ക്ക് പോസ് ചെയ്യുകയുമുണ്ടായി. അമര്‍ജീത്തിന്റെ കാറിനു മുകളില്‍ അദ്ദേഹത്തിന്റെ യാത്രയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചു കൊണ്ട് വിവിധ രാജ്യങ്ങളിലെ 400-ഓളം പേര്‍ ഒപ്പുവച്ചിട്ടുണ്ട്. ഇങ്ങനെ ഒപ്പുവച്ചവരിലൊരാളാണ് ആര്‍നോള്‍ഡും. കൂടുതല്‍ ആളുകളെക്കുറിച്ചും അവരുടെ ജീവിതത്തെ കുറിച്ചും അറിയാന്‍ സാധിച്ചതാണ് യാത്രയില്‍നിന്നും ലഭിച്ച വലിയ നേട്ടമെന്ന് അദ്ദേഹം പറഞ്ഞു. ലോകം നല്ല ആളുകളാല്‍ നിറഞ്ഞതാണെന്നു യാത്രാ അനുഭവങ്ങളില്‍നിന്നും തനിക്ക് പറയാന്‍ സാധിക്കുമെന്നും അദ്ദേഹം പറയുന്നു. ഇന്ത്യാ പര്യടനത്തിന്റെ ഭാഗമായി ബുധനാഴ്ച (ഫെബ്രുവരി 12) അമര്‍ജീത്ത് സിംഗ് തേവരയിലെ ഗുരുദ്വാരയിലെത്തിയിരുന്നു. തുടര്‍ന്ന് അദ്ദേഹം ഡല്‍ഹിയിലേക്കു യാത്ര തിരിച്ചു. അവിടെനിന്നും അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ഇറാഖ്, സിറിയ, ആഫ്രിക്ക എന്നിവിടങ്ങളിലേക്കായിരിക്കും യാത്ര തിരിക്കുക. പാകിസ്ഥാന്‍ ഇതിനോടകം സഞ്ചരിച്ചു കഴിഞ്ഞു.

ഡല്‍ഹിയില്‍ ഗാര്‍മെന്റ്‌സ് എക്‌സ്‌പോര്‍ട്ട്‌സ് ബിസിനസുകാരനായ അമര്‍ജീത്ത് മൂന്നു വര്‍ഷം മുന്‍പ് മക്കളെ ബിസിനസ് ഏല്‍പ്പിച്ചതിനു ശേഷമാണു യാത്ര ആരംഭിച്ചത്. ബാല്യകാലം മുതലുള്ള ആഗ്രഹമായിരുന്നു ലോകം ചുറ്റി സഞ്ചരിക്കുകയെന്നത്. എന്നാല്‍ ആ ആഗ്രഹം ഇപ്പോഴാണു സാക്ഷാത്കരിക്കാന്‍ സാധിച്ചതെന്ന് അദ്ദേഹം പറയുന്നു.

Comments

comments

Categories: FK News